നാട്ടുകാരുടെ പ്രതിഷേധം: മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ പൂട്ടാനായില്ല

കൊണ്ടോട്ടി: പുളിക്കല്‍ ഒളവട്ടൂര്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ അടച്ചുപൂട്ടാനെത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. ഇന്നലെ രാവിലെ 11നാണ് സ്‌കൂള്‍ ലാഭകരമല്ലെന്നു പറഞ്ഞ് മാനേജര്‍ നേടിയ കോടതിവിധിയുമായി കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ ആശിഷ് സ്‌കൂള്‍ അടച്ചുപൂട്ടി രേഖകള്‍ ഏറ്റെടുക്കാനായി എത്തിയത്. എന്നാല്‍, സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും വിദ്യാര്‍ഥികളും അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്‌കൂളില്‍ കടക്കാനാവാതെ എഇഒയും സംഘവും മടങ്ങുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാനായില്ലെന്ന റിപോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എഇഒ ആശിഷ് പറഞ്ഞു. കൊണ്ടോട്ടി സിഐ പി കെ സന്തോഷിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇതു രണ്ടാംതവണയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാനാവാതെ അധികൃതര്‍ മടങ്ങുന്നത്. സ്‌കൂള്‍ മാനേജര്‍ ടി പി മുനീറ ഹൈക്കോടതിയില്‍നിന്ന് സ്‌കൂള്‍ പൂട്ടാന്‍ അനുകൂല വിധി നേടിയിരുന്നു. 2009 ഏപ്രില്‍ 16നാണ് മാനേജര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുന്നത്. ഡിപിഐ അനുമതി നിഷേധിച്ചതോടെ മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയും 2011ല്‍ അനുകൂല വിധി നേടുകയും ചെയ്തു. ഈ വിധി സ്റ്റേ ചെയ്‌തെങ്കിലും പിന്നീട് ഡിവിഷന്‍ ബെഞ്ച് മാനേജര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു. ഇതുപ്രകാരം മാര്‍ച്ച് 31ന് സ്‌കൂള്‍ പൂട്ടണമെന്നായിരുന്നു കോടതി നിര്‍ദേശം.  ഏപ്രില്‍ 11ന് പ്രധാനാധ്യാപകന്‍ പി കെ രമേഷ് സ്‌കൂളിലെത്തി രേഖകള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നില്ല. മാനേജര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് മെയ് 31നകം വിധി നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it