Alappuzha local

നാട്ടുകാരുടെ പ്രതിഷേധം; എസി റോഡിലെ ഗതാഗതം തടസ്സപ്പെട്ടത് നാലു മണിക്കൂര്‍



രാമങ്കരി: ബിരുദപഠനത്തിന്  കോളജില്‍ ചേരാന്‍ വീട്ടില്‍ നിന്നും പിതാവിനൊപ്പം ഇറങ്ങിപ്പുറപ്പെട്ട വിദ്യാര്‍ഥിനിയുടെ ദാരുണ മരണത്തില്‍ കലാശിച്ച  അപകടത്തെ തുടര്‍ന്ന് എസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടാനിടയായി.  വിദ്യാര്‍ഥിനിയുടെ മരണത്തിന്   പുറമെ കൂടെയുണ്ടായിരുന്ന പിതാവ് പ്രസന്നന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ സ്ഥലത്ത് ഉടലെടുത്ത നാട്ടുകാരുടെ പ്രതിഷേധം മണിക്കൂറുകളോളം നീളുകയായിരുന്നു. നാല് മണിക്കൂറുകളോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കലക്ടറോ ആര്‍ഡിഒയോ ആരെങ്കിലും ഉടനെ തന്നെ സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമായിരുന്ന സംഭവമാണ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നാലു മണിക്കൂറിലേറെയാണ് നീണ്ടുപോയത്.  സമരക്കാര്‍ നിരന്തരം അധികൃതരെ ഫോണില്‍ ബന്ധപ്പെടുകയും പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെതിട്ടു കൂടി ഇവര്‍ സ്ഥലത്തെത്താന്‍ വൈകുകയായിരുന്നു.  ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്ന് തന്നെ പറയാം.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ ഗ്രാമപ്പഞ്ചായത്തം ഗങ്ങള്‍ വരെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.  മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും  ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതുമായ സംഭവം ഇനി  ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാനുള്ള  നടപടികള്‍ സ്വീകരിക്കുമെന്ന്  ഉറപ്പ് നല്‍കുകയും ചെയ്തിരുന്നെങ്കില്‍  നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാമായിരുന്നൊരു  പ്രശ്‌നമായിരുന്നു ഇത്.  കലക്ടറോ അല്ലെങ്കില്‍  ആര്‍ഡിഒ ഓയോ അടിയന്തിരമായി സ്ഥലത്തെത്തിയിരുന്നെങ്കില്‍   പ്രതിഷേധം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറായുമായിരുന്നു. എന്നിട്ടും ഉത്തരവാദപ്പെട്ട ആരും തന്നെ സംഭവമുണ്ടായി ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും സ്ഥലത്തെത്താതെ വന്നതോടെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്. സംഭവമുണ്ടായി മൂന്ന് മണിക്കൂറിന് ശേഷം മാത്രമാണ് കുട്ടനാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലും  സ്ഥലത്തെത്തുന്നത്. പിന്നെയും മുക്കാല്‍ മണിക്കൂറോളം വൈകിയാണ് ആര്‍ഡിഒ സ്ഥലത്തെത്തുന്നത്. വളരെ വൈകിയാണങ്കിലും ജനപ്രതിനിധികളുമായ് ഇവര്‍ നടത്തിയ ചര്‍ച്ചയില്‍  പ്രശ്‌നം പരിഹരിക്കുകയായിരുന്നു. റോഡിലെ വെള്ളക്കെട്ട് നീക്കുന്നതിന് പുറമെ റോഡിലെ കുഴികളും അടയ്ക്കുമെന്ന് ഇവര്‍  ഉറപ്പ് നല്‍കുകയും തുടര്‍ന്ന് സമരക്കാര്‍ ഉപരോധത്തില്‍ നിന്ന് പിന്മാറുകയും ആയിരുന്നു. ഉടനെ തന്നെ  റോഡിലെ ഗതാഗതം പുനസ്ഥാപിക്കാനുമായി.   ഇതിനിടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള നൂറു കണക്കിന് വാഹനങ്ങളാണ് കടന്നുപോകാന്‍ മാര്‍ഗമില്ലാതെ കുരുക്കില്‍ പെട്ടുകിടന്നത്.  എന്നാല്‍ ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ കടത്തിവിടാന്‍ സമരക്കാര്‍ തയ്യാറായത് പോലീസിനും മറ്റുള്ളവര്‍ക്കും ഏറെ ആശ്വാസകരമായി.
Next Story

RELATED STORIES

Share it