നാട്ടില്‍ ഗുണ്ടാവിളയാട്ടം നടക്കുമ്പോള്‍ ഡിജിപി ഫേസ്ബുക്കില്‍: വിഎസ്

തിരുവനന്തപുരം: വടക്കേ ഇന്ത്യയിലെ ആര്‍എസ്എസ് അഴിഞ്ഞാട്ടത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ നാട്ടില്‍ ഗുണ്ടാവിളയാട്ടം നടക്കുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപി സെന്‍കുമാര്‍ കോളജ് കുട്ടികളെ പോലെ ഫേസ്ബുക്കില്‍ കളിച്ചുനടക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തോളില്‍ ഐപിഎസ് തൂക്കിയിട്ടു നടക്കുന്ന സെന്‍കുമാറിന് ക്രമമെന്തെന്നോ സമാധാനമെന്തെന്നോ അറിയില്ല. ഇയാളുടെ പദവി ഡിജിപി ലോ ആന്റ് ഓര്‍ഡര്‍ എന്നതിനു പകരം ഫേസ്ബുക്ക് ഡിജിപി എന്നാക്കണം. ഇതൊക്കെ കണ്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നു പറഞ്ഞിരിക്കുന്ന ചെന്നിത്തലയുടെ തൊലിക്കട്ടി കഷ്ടമാണെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നാട്ടിലെ ആക്രമസംഭവങ്ങളെ കണ്ടില്ലെന്നു നടിക്കുകയും അഴിമതിക്കേസുകള്‍ തേച്ചുമാച്ചു കളയുകയുമാണ് ഡിജിപിയുടെയും പോലിസിന്റെയും പണിയെന്നും വിഎസ് പറഞ്ഞു.
അതേസമയം, കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന തരത്തിലുള്ള പ്രതിപക്ഷനേതാവിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നു കൊലപാതകങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷനേതാവ് ഇത്തരത്തിലുള്ള ആരോപണമുന്നയിച്ചത്. ഏത് കേസുണ്ടായാലും 24 മണിക്കൂറിനകം പ്രതികളെ പിടിക്കണമെന്ന് ആഭ്യന്തരമന്ത്രി എന്ന നിലയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഭദ്രമായ ക്രമസമാധാന നില കേരളത്തിലേതാണെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it