kasaragod local

നാട്ടിലെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും പിന്തുണയ്ക്കണം: മന്ത്രി



കാസര്‍കോട്്: നാട്ടില്‍ സമാധാനം നിലനില്‍ക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പിന്തുണ അനിവാര്യമാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സമാധാന കമ്മിറ്റി യോഗങ്ങളില്‍ പറയുന്ന അഭിപ്രായങ്ങള്‍പോലെ എല്ലാവരുടെയും മനസില്‍ നന്മയുണ്ടെങ്കില്‍ നമ്മുടെ ജില്ലയില്‍ സമാധാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചില വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്നാണ് ജില്ലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സമാധാന അന്തരീക്ഷമുണ്ടാക്കുവാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ജില്ലാ ഭരണകൂടവും പോലിസും മാത്രം വിചാരിച്ചാല്‍ പോരാ. എല്ലാവിഭാഗം ജനങ്ങളുടെ ഭാഗത്തുനിന്നും പിന്തുണ ഉണ്ടാകണം. രണ്ടു മാസത്തിലൊരിക്കല്‍ ദേശീയോദ്ഗ്രഥന കമ്മിറ്റി യോഗം ചേരാന്‍ തീരുമാനിച്ചു. അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെട്ട സംഘടനകളേയും യോഗത്തില്‍ വിളിക്കാം. സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങളുടെ തുടര്‍നടപടികള്‍ അടുത്തയോഗത്തില്‍ റിപോര്‍ട്ട് ചെയ്യണം. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍, എഡിഎം കെ അംബുജാക്ഷന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു.കക്ഷിരാഷ്ട്രീയം നോക്കാതെ പോലിസ് ഇടപെടണമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. കാസര്‍കോടിനെ മദ്യവിമുക്ത ജില്ലായാക്കുവാന്‍ കഴിഞ്ഞാല്‍ അക്രമസംഭവങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.സമാധാന കമ്മിറ്റികള്‍ കൂടുന്നത് ഒഴിവാക്കുന്ന തരത്തില്‍ തികച്ചും സമാധാന അന്തരീക്ഷമാണ് കാസര്‍കോടിന് ആവശ്യമെന്ന് എം രാജഗോപാലന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.  ജില്ലയിലെ അക്രമങ്ങള്‍ക്ക് മദ്യം പ്രധാന വില്ലനാണെന്ന് ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it