നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി

കോഴിക്കോട്: ഒഡീഷ-ആന്ധ്ര അതിര്‍ത്തിയില്‍ തീവണ്ടി തട്ടി സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ പയിമ്പ്ര മേലെ പാണങ്ങാട് രാധാ നിവാസില്‍ രാധാകൃഷ്ണന്‍(54) മരിച്ച സംഭവത്തില്‍ ദുരൂഹതയെ തുടര്‍ന്ന് മൃതദേഹം ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ ചെന്നൈയില്‍ നിന്നുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിലാണ് മൃതദേഹം കോഴിക്കോട്ടെത്തിച്ചത്്്്്. ചരക്കു കയറ്റുന്ന കംപാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കൊണ്ടുവന്നത്. വിമാനം കിട്ടാത്തതിനാലാണ് മൃതദേഹം തീവണ്ടിയില്‍ കൊണ്ടുവന്നതെന്നാണ് വിശദീകരണം.എംബാം ചെയ്യാത്തതിനെ തുടര്‍ന്ന് ചെന്നൈയില്‍വച്ച് വീണ്ടും പാക്ക് ചെയ്ത ശേഷമാണ് മൃതദേഹം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിലേക്ക് മാറ്റിയത്. സിആര്‍പിഎഫിന്റെ രണ്ടു ജവാന്‍മാര്‍ മൃതദേഹത്തൊടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ ഒഡീഷയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടത്. റെയില്‍വേ ട്രാക്കില്‍ ഒരു തുള്ളി രക്തം പോലുമുണ്ടായിരുന്നില്ല. മരണവിവരം സിആര്‍പിഎഫ്്്്്്്്്്് അധികൃതര്‍ കുടുംബത്തേയോ കുന്ദമംഗലം പോലിസ് സ്‌റ്റേഷനിലോ അറിയിച്ചിരുന്നില്ല. രാധാകൃഷ്ണന്റെ സുഹൃത്ത് അറിയിച്ചതിനെതുടര്‍ന്ന് മകന്‍ നേരിട്ടെത്തിയാണ് പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് രാധാകൃഷ്ണന്റെ മരണം. മേലുദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ രാധാകൃഷ്ണന്‍ ഭാര്യയോട് പരാതി പറയാറുണ്ടായിരുന്നു. തീവണ്ടി തട്ടി മരിച്ചനിലയിലായിരുന്നില്ല മൃതദേഹം കിടന്നിരുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയെതുടര്‍ന്നാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കലക്ടര്‍ ഉത്തരവിട്ടത്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ അഞ്ചോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഫോറന്‍സിക് മേധാവി ഡോ. പ്രസന്നന്റെ നേതൃത്വത്തിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. പരേതരായ നാരായണന്‍ നായരുടേയും മാധവി അമ്മയുടേയും മകനാണ്. ഭാര്യ: സുനിതാകുമാരി. മക്കള്‍: ജുബിന്‍, ഐശ്വര്യ.
Next Story

RELATED STORIES

Share it