നാട്ടിലെത്തിക്കാന്‍ സഹായിച്ചില്ല; ഒഡിഷയില്‍ മരിച്ച സിഐഎസ്എഫ് ഭടന്റെ മൃതദേഹത്തിന് അവഗണന

താമരശ്ശേരി: കട്ടിപ്പാറ സ്വദേശിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ഒഡീഷയില്‍ ട്രെയിനില്‍നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെട്ടിപ്പറമ്പില്‍ കടമ്പനാട്ട് ജോസഫിന്റെ മകന്‍ ജോസ് പി ജോസഫിന്റെ മൃതദേഹമാണ് ഭുവനേശ്വറിനു സമീപം കണ്ടെത്തിയത്. നാട്ടിലേക്ക് തിരിച്ച ജവാനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്താനോ മറ്റോ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതി ഉയരുന്നു. ജോസിനെ കണ്ടെത്താനോ മൃതദേഹം നാട്ടിലെത്തിക്കാനോ സിഐഎസ്എഫിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ സഹായം ലഭിക്കാത്തതിനാല്‍ മൃതദേഹവുമായി സ്വകാര്യ ആംബുലന്‍സിലാണ് ബന്ധുക്കള്‍ കേരളത്തിലേക്ക് തിരിച്ചത്.
അസമില്‍ സിഐഎസ്എഫില്‍ ജോലി ചെയ്യുന്ന ജോസ് ഈ മാസം എട്ടിനാണ് അവധിക്ക് നാട്ടിലേക്ക് തിരിച്ചത്. മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ജോസ് ശനിയാഴ്ചയും നാട്ടിലെത്താത്തതിനെ തുടര്‍ന്ന് ഭാര്യ സിഐഎസ്എഫില്‍ വിവരം അറിയിക്കുകയും മലപ്പുറം പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒഡീഷയിലെ ഭുവനേശ്വറിന് സമീപമാണ് മൊബൈല്‍ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി. മലപ്പുറം പോലിസും ബന്ധുക്കളും ചേര്‍ന്ന് പ്രദേശത്തെത്തുകയും ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു ഇടപെടലും ഉണ്ടായില്ല. ഇന്‍ക്വസ്റ്റ് നടത്തേണ്ടത് റെയില്‍വേ പോലിസോ ലോക്കല്‍ പോലിസോ എന്ന തര്‍ക്കം മണിക്കൂറുകള്‍ നീണ്ടു. ഒടുവില്‍ കേരള പോലിസ് ഇന്‍ക്വസ്റ്റ് നടത്തണമെന്നായി ഇരു വിഭാഗവും. തുടര്‍ന്ന് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജവാനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും സിഐഎസ്എഫിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നും യാതൊരു സഹായവും ഉണ്ടായില്ല.
മൃതദേഹം കണ്ടെത്തിയിട്ടുപോലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം. മൃതദേഹം നാട്ടിലെത്തിക്കാനും സഹായം ലഭിച്ചില്ല. പ്രദേശവാസികളും ലോക്കല്‍ പോലിസും കൈയേറ്റം ചെയ്യാന്‍വരെ ശ്രമിച്ചെന്നും ജോസിന്റെ ബന്ധുക്കള്‍ പറയുന്നു.
Next Story

RELATED STORIES

Share it