നാട്ടിലിറങ്ങിയ പുലി കിണറ്റില്‍ വീണു ചത്തു

തൊടുപുഴ: മാറിക പള്ളോപ്പിള്ളി ഭാഗത്ത് വീടിനു സമീപത്തെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. മങ്ങാട്ടുകട്ടയില്‍ ക്ലമന്റിന്റെ പുരയിടത്തിലെ കിണറ്റിലാണു പുലിയെ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ഏകദേശം 100 മീറ്ററോളം അകലെയാണ് കിണര്‍. ചൊവ്വാഴ്ച രാത്രിയിലാണു പുലി കിണറ്റില്‍ വീണതെന്നു കരുതുന്നു.
വലയുപയോഗിച്ച് മറച്ച കിണറിന് ഏകദേശം പതിനഞ്ചടിയിലേറെ ആഴമുണ്ട്. വല പൊട്ടിക്കിടന്നതിനാല്‍ പട്ടിയോ മറ്റോ കിണറ്റില്‍ വീണതാവാമെന്ന് കരുതി ജോലിക്കാരെ വരുത്തി കിണര്‍ വറ്റിക്കാന്‍ തീരുമാനിച്ചു. രണ്ടാള്‍ വെള്ളമുണ്ടായിരുന്ന കിണര്‍ പൂര്‍ണമായും വറ്റിച്ചു കഴിഞ്ഞപ്പോഴാണ് കിണറ്റില്‍ പുലിയെയും ഒരു പൂച്ചയെയും ചത്തനിലയില്‍ കണ്ടെത്തിയത്. കിണറ്റിലേക്കുള്ള പൈപ്പും ഫൂട്ട് വാല്‍വും കടിച്ചു പൊട്ടിച്ച നിലയിലായിരുന്നു. ഉടന്‍തന്നെ വീട്ടുകാര്‍ സംഭവം കൂത്താട്ടുകുളം പോലിസ് സ്‌റ്റേഷനിലറിയിച്ചു. സമീപത്തെങ്ങും കാടോ മലയോ ഇല്ലെന്നും കൃഷിസ്ഥലങ്ങളിലുള്ള ചെറിയ കുറ്റിക്കാടുകള്‍ മാത്രമേ ഇവിടു ള്ളൂവെന്നും പഞ്ചായത്തംഗം ജയ്‌സണ്‍ ജോര്‍ജ് പറഞ്ഞു. കറുത്ത പുള്ളിപ്പുലിയെയാണു കണ്ടെത്തിയത്.
ഇതിന് 50 കിലോ തൂക്കവും നാല് വയസ്സിനടുത്ത് പ്രായവും ഉണ്ടെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. മുട്ടം ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി പ്രവീണിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പുലിയെ പരിശോധിച്ചു. കൊടുംവനത്തില്‍ മാത്രം കാണുന്ന പുലി എങ്ങിനെ ഇവിടെയെത്തിയെന്നത് ദുരൂഹമാണെന്നും ഇന്ന് പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുട്ടം റേഞ്ച് ഓഫിസിലേക്ക് മാറ്റിയ പുലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോതമംഗലത്തേക്കു കൊണ്ടുപോവും. വീഴ്ചയിലേറ്റ ക്ഷതമാണോ മരണകാരണമെന്നു പരിശോധനയിലൂടെയേ വ്യക്തമാക്കാന്‍ കഴിയൂവെന്നും റേഞ്ച് ഓഫിസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it