kannur local

നാടെങ്ങും ശുചീകരണം; വളപട്ടണത്ത് മാലിന്യക്കൂമ്പാരം



വളപട്ടണം: മഴക്കാലമെത്തിയതോടെ പകര്‍ച്ച വ്യാധി പിടിപെടുകയും വിവിതരം പനി ബാധിച്ചവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ നാടെങ്ങും ശുചീകരണം തകൃതിയാവുമ്പോള്‍ വളപട്ടണത്ത് ഇതൊന്നും ഏശുന്നില്ല. ടൗണ്‍ സ്‌പോര്‍ട്‌സ് കെട്ടിടത്തിനു പിന്‍വശത്തെ ആക്രി സാധനങ്ങള്‍ വില്‍പന നടത്തുന്ന കടയും പരിസരവുമാണ് മാലിന്യം കൊണ്ട് നിറഞ്ഞുനില്‍ക്കുന്നത്. ചെറിയ കട വാടകയ്‌ക്കെടുത്ത സ്വകാര്യ വ്യക്തി പരിസരത്തെല്ലാം ഇരുമ്പും മറ്റു ആക്രിസാധനങ്ങളും സൂക്ഷിച്ചിരിക്കുകയാണ്. ഇതിലെല്ലാം മാലിന്യവും കൊതുകും തമ്പടിക്കുകയാണ്. ആരെങ്കിലും ഈ ഭാഗത്തേക്കു പോയാല്‍ കൊതുകുകുള്‍ പൊതിയുന്ന അവസ്ഥയാണ്. പരിസരത്തെ വീട്ടുകാരും വ്യാപാരികളുമാണ് ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. നേരത്തേ പരിസരവാസികള്‍ ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ ശുചീകരിക്കാനോ സ്വകാര്യ വ്യക്തിയെ കൊണ്ട് ആക്രിസാധനങ്ങള്‍ മാറ്റാനോ ഒരു നടപടിയുമെടുത്തിട്ടില്ല. രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. പകര്‍ച്ചവ്യാധിയും പനിയും വ്യാപിക്കുന്നതിനാല്‍ സംസ്ഥാനതലത്തില്‍ തന്നെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു വന്‍ പ്രാധാന്യമാണു നല്‍കുന്നത്. എന്നിട്ടും വളപട്ടണം പഞ്ചായത്ത് അധികൃതര്‍ ഇവിടുത്തെ മാലിന്യം കണ്ടില്ലെന്നു നടിക്കുകയാണ്. സംസ്ഥാനത്ത് മൂന്നു ദിവസം ശുചീകരണ യജ്ഞം ആചരിച്ചിട്ടും മാലിന്യക്കൂമ്പാരം മാറ്റിയിട്ടില്ല. മരം വ്യവസായവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാല്‍, മുന്‍കാലങ്ങളില്‍ മന്തുരോഗം ഏറ്റവും കൂടുതല്‍ കണ്ടെത്തിയ ഭാഗമാണ് വളപട്ടണം. ഇന്നും പ്രായമായവരില്‍ മന്തുരോഗം ബാധിച്ച് കാലുകള്‍ അമിതവണ്ണം പേറുന്നവരെ വളപട്ടണത്തും പരിസരപ്രദേശങ്ങളിലും കാണാം. ഇത്തരത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പോലും സാധ്യതയുണ്ടായിട്ടും ടൗണില്‍ തന്നെയുള്ള മാലിന്യക്കൂമ്പാരം നീക്കം ചെയ്യാത്തതില്‍ പ്രദേശവാസികളിലും അമര്‍ഷമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it