ernakulam local

നാടെങ്ങും നബിദിനം ആഘോഷിച്ചു

മരട്: പ്രവാചക പ്രേമത്താല്‍ മണ്ണിലും വിണ്ണിലും ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും അലകളുയര്‍ത്തി ഇന്നലെ നാടെങ്ങും നബിദിനമാഘോഷിച്ചു. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ 1490ാമത് ജന്‍മദിനമായിരുന്നു ഇന്നലെ. പ്രകീര്‍ത്തന വസന്തമായ റബീഇന്റെ പുണ്യ ദിനം ആഹ്ലാദാരവങ്ങളോടെയാണ് നാടെങ്ങും വരവേറ്റത്. പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ഈണങ്ങളിലേക്കാണ് ഇന്നലെ പ്രഭാതം വിരിഞ്ഞത്. പുലര്‍ച്ചെ പള്ളികളില്‍ നടന്ന മൗലൂദ് പാരായണത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് മദ്‌റസ വിദ്യാര്‍ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നബിദിന റാലികള്‍ നടത്തി. റാലികളില്‍ അണിനിരന്ന വിദ്യാര്‍ഥികള്‍ക്ക് മധുര പലഹാരങ്ങളും, പാനീയങ്ങളും മറ്റും വിതരണം നടത്തി. അന്യമതസ്തരടക്കം മധുരം നല്‍കി സ്വീകരിച്ചത് മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും നേര്‍കാഴ്ചയായി മാറി.
മദ്‌റസകളും, പള്ളികളും കേന്ദ്രീകരിച്ച് ഉച്ചയ്ക്ക് അന്നദാനവും നടന്നു. ആയിരങ്ങളാണ് അന്നദാനത്തിന് എത്തിച്ചേര്‍ന്നത്. തൃപ്പൂണിത്തുറയില്‍ മൂവായിരം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. കുമ്പളത്ത് മദ്‌റസാ വിദ്യാര്‍ഥികളുടെ കലാമല്‍സരങ്ങള്‍ നടന്നു. സ്‌നേഹ റസൂല്‍ കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ വിവിധ സുന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നെട്ടൂരില്‍ നബിദിന റാലിയും നടന്നു. പരുത്തിച്ചുവട് മസ്ജിദു രിഫാഈയില്‍നിന്ന് വൈകീട്ട് 4 മണിക്ക് ആരംഭിച്ച റാലി നെട്ടൂര്‍ ഹൈവേ മസ്ജിദിനു സമീപം സമാപിച്ചു. മുഹബ്ബത്തുല്‍ ഇസ്‌ലാം ജുമാമസ്ജിദ് ഇമാം അബ്ബാസ് സഖാഫി മീലാദ് സന്ദേശം നല്‍കി.
കരിമക്കാട്: ജമാഅത്ത് കമ്മിറ്റിയും ശംസുല്‍ ഹുദാ മദ്‌റസ കമ്മിറ്റിയും സംയുക്തമായി നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു. രാവിലെ ജമാഅത്ത് പ്രസിഡന്റ് എ എം അബൂബക്കര്‍ പതാക ഉയര്‍ത്തിയതോടെ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു.
മദ്‌റസയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അണിനിരന്ന നബിദിനറാലിയും നടന്നു. തുടര്‍ന്ന് മൗലൂദ് പാരായണവും അന്നദാനവും നടത്തി. വൈകീട്ട് മദ്‌റസ വിദ്യാര്‍ഥികളുടെ കലാ-സാഹിത്യമല്‍സരങ്ങളും പൊതുസമ്മേളനവും നടത്തി. ജമാഅത്ത് പ്രസിഡന്റ് എ എം അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ഖത്തീബ് മുഹമ്മദ് റഷീദ് സഖാഫി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി എ കുഞ്ഞുമുഹമ്മദ്, മദ്‌റസ കണ്‍വീനര്‍ കെ എം അബ്ബാസ്, ജമാഅത്ത് ട്രഷറര്‍ ഇ ഐ അബ്ദുല്‍ കരീം, വൈസ് പ്രസിഡന്റ് കെ ഇ അലി, ദിഖര്‍ ഹല്‍ഖ കണ്‍വീനര്‍ പി കെ മുഹമ്മദ്, പിടിഎ പ്രസിഡന്റ് എ എ ഇബ്രാഹിം കുട്ടി സംസാരിച്ചു. മദ്‌റസ സദര്‍ മുഅല്ലിം മുഹമ്മദ് മുസ്‌ല്യാര്‍ ഉദ്‌ബോധനപ്രസംഗം നടത്തി.
നൂറുശതമാനം ഹാജര്‍ ഉണ്ടായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനം എം എം കരീം മുസ്‌ല്യാരും ദഫ്മുട്ടിനുള്ള സമ്മാനദാനം സിദ്ദിഖ് മുസ്‌ല്യാരും പൊതുപരീക്ഷയില്‍ ഏറ്റവും കൂടിയ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കുഞ്ഞുമുഹമ്മദ് മുസ്‌ല്യാരും നിര്‍വഹിച്ചു.
ആലുവ: എടയപ്പുറം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടേയും ഖാജ മുഹിയുദ്ദീന്‍ മദ്‌റസയുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് വി കെ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. പ്രാര്‍ത്ഥനയ്ക്ക് മഹല്ല് ഇമാം ബുഹാരി ഫൈസിയും കെ കെ അബ്ദുറഹ്മാന്‍ ഹാജി സ്വലാത്തിനും നേതൃത്വം നല്‍കി. തുടര്‍ന്ന് മദ്‌റസ വിദ്യാര്‍ഥികള്‍ അണിനിരന്ന നബിദിനറാലിയും മൗലൂദ് പാരായണവും നടന്നു. മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി. മദ്‌റസയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മഹല്ല് ജമാഅത്ത് കമ്മിറ്റി ഉപഹാരം സമ്മാനിച്ചു.
ആലങ്ങാട്: മുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ നടന്ന നബിദിന റാലി പാലക്കല്‍ മിസ്ബാഹുല്‍ ഹുദാ മദ്‌റസാ അങ്കണത്തില്‍നിന്ന് ഇമാം സുബൈര്‍ മന്നാനി, ജമാഅത്ത് പ്രസിഡന്റ് എം എ അബ്ദുല്‍ ജബ്ബാറിന് പതാക കൈമാറി ആരംഭിച്ചു.
നബിദിനറാലിക്ക് ജന.സെക്രട്ടറി എ എ മുഹമ്മദ് അഷറഫ്, ട്രഷറര്‍ ഷെഫീര്‍ മുഹമ്മദ്, എസ് എ അലി, ബഷീര്‍ നേതൃത്വം നല്‍കി. റാലി മറിയപ്പടി മാളികംപീടിക, കോട്ടപ്പുറം എന്നീ സ്ഥലങ്ങള്‍ചുറ്റി ആലങ്ങാട് ജമാഅത്ത് അങ്കണത്തില്‍ എത്തിച്ചേര്‍ന്നു.
കൊച്ചി: തമ്മനം-കുത്താപ്പാടി ഇസ്സത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. രാവിലെ സംഘം പ്രസിഡന്റ് ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന മൗലൂദ് പാരായണത്തിന് ഉസ്താദുമാരായ അഷറഫ് സഅ്ദി, ഷംസുദ്ദീന്‍ വള്ളക്കടവ്, ഷാഹുല്‍ ഹമീദ് മൗലവി, മുഹിയുദ്ദീന്‍ സഖാഫി, അബ്ദുല്‍ സത്താര്‍ സഖാഫി, അബ്ദുല്‍ മജീദ് മുസ്‌ല്യാര്‍, ടി എ മുഹമ്മദ് ഹാജി, ടി എ അബ്ദുല്‍ കാദര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികളും ഉസ്താദുമാരും രക്ഷാകര്‍ത്താക്കളും പങ്കെടുത്ത നബിദിന ഘോഷയാത്രയുംനടത്തി. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഘോഷയാത്രയ്ക്ക് ഭാരവാഹികളായ ടി എ ഹസൈനാര്‍, കെ എ സത്താര്‍, ടി ഐ മൂസക്കുട്ടി, സക്കീര്‍ തമ്മനം, എ എ സൈനുദ്ദീന്‍, എന്‍ എ കുഞ്ഞുമുഹമ്മദ്, എ എ ഹസൈനാര്‍, സൈഫുദ്ദീന്‍ ബി എ, കെ എ റിയാസ്, ഹസ്സന്‍ മജീദ് നേതൃത്വം നല്‍കി.
കൊച്ചി: പ്രകീര്‍ത്തനങ്ങള്‍ ചൊല്ലിയും പുണ്യ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും നാടും നഗരവും അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനമാഘോഷിച്ചു. മദ്‌റസകള്‍ കേന്ദ്രീകരിച്ചുള്ള റാലികളായിരുന്നു പ്രധാന പരിപാടി. കുട്ടികളും മുതിര്‍ന്നവരടക്കമുള്ളവരും റാലിയില്‍ പങ്കെടുത്തു.
പള്ളികള്‍ കേന്ദ്രീകരിച്ച് രാവിലെ മുതല്‍ മൗലൂദ് പാരായണവും പ്രത്യേക പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ആഘോഷങ്ങളോടനുബന്ധിച്ച് പലയിടത്തും മദ്‌റസകളും പള്ളികളും കവലകളും വിവിധ വര്‍ണങ്ങളാല്‍ അലങ്കരിച്ചിരുന്നു. അന്നദാനത്തോടെയായിരുന്നു പരിപാടികള്‍ക്ക് പരിസമാപ്തിയായത്. കലൂര്‍ തോട്ടത്തുംപടി മസ്ജിദ്, കലൂര്‍ മുസ്‌ലിം ജമാഅത്ത് എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. കലൂര്‍ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വൈകീട്ട് നഗരത്തില്‍ നടത്തിയ നബിദിന റാലി വൈവിധ്യമാര്‍ന്ന കാഴ്ച്ചയായി. ദഫ്മുട്ട്, അറബന മുട്ട് എന്നിവയുടെ അകമ്പടിയോടെയായിരുന്നു റാലി. പള്ളി അങ്കണത്തില്‍നിന്ന് ആരംഭിച്ച റാലി ദേശാഭിമാനി റോഡ്, കറുകപള്ളി ജങ്ഷന്‍, അശോക റോഡ്, ഫ്രീഡം റോഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. കുട്ടികള്‍ക്കൊപ്പം പൗരപ്രമുഖരും പങ്കെടുത്തു. വൈകീട്ട് നടന്ന പൊതുസമ്മേളനം കലൂര്‍ മുസ്‌ലിം ജമാഅത്ത് ഖാസി ടി എസ് സലാഹുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മിലാദ് ശരീഫ് കമ്മിറ്റി ചെയര്‍മാന്‍ പി എം അസീസ് ഹാജി അധ്യക്ഷത വഹിച്ചു.
കലൂര്‍ എസ്ആര്‍എം റോഡ് തോട്ടത്തുംപടി ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നബിദിന റാലിയും പൊതുസമ്മേളനവും നടത്തി. ഖതീബ് അബ്ദുല്‍ സലാം കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് നാസര്‍ കുട്ടോത്ത് അധ്യക്ഷത വഹിച്ചു.
പറവൂര്‍: വിവിധ മഹല്ല് കമ്മിറ്റികളുടെയും മദ്‌റസകളുടെയും ആഭിമുഖ്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു. ഏഴിക്കര-കെടാമംഗലം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിദിന പരിപാടികള്‍ നടത്തി. പള്ളിയങ്കണത്തില്‍ ചേര്‍ന്ന പൊതു സമ്മേളനം ഖത്തീബ് സൈനുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം കൊച്ചു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നിഷാദ് സഖാഫി, മുഹമ്മദാലി കക്കാട്ട്, എ വി എ ബക്കര്‍, അബ്ദുല്‍ ഹക്കിം, കുഞ്ഞുമുഹമ്മദ് ഹാജി സംസാരിച്ചു. ഇതോടനുബന്ധിച്ച് ആസിഫ് പുന്നപ്ര, അലി അസ്ഹരി, മീരാന്‍ സഖാഫി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. വ്യാഴാഴ്ച്ച രാവിലെ മൗലൂദ് പാരായണത്തിനു ശേഷം മദ്‌റസ വിദ്യാര്‍ഥികളുടെ ഘോഷയാത്രയും അന്നദാനവും നടത്തി.
ഏഴിക്കര ഇര്‍ഷാദുല്‍ ഔലാദ് മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന ഘോഷയാത്രയിലും മൗലീദിലും നിരവധിപേര്‍ പങ്കെടുത്തു. ഇമാം ജാബിര്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. മദ്‌റസ കമ്മിറ്റി പ്രസിഡന്റ് എ വി എ ബക്കര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടിയില്‍ വിജയികളായവര്‍ക്ക് സിഐ എസ് ജയകൃഷ്ണന്‍ സമ്മാനം വിതരണം ചെയ്തു. നീറിക്കോട് ജുമാമസ്ജിദ് കമ്മിറ്റിയുടെയും നൂറല്‍ ഇഹ്‌വാന്‍ മദ്‌റസയുടെയും ആഭിമുഖ്യത്തില്‍ നടന്ന നബിദിന സമ്മേളനം മഹല്ല് ഖത്തീബ് പി ഇ മുഹമ്മദ് നസീര്‍ സഅദി ഉദ്ഘാടനം ചെയ്തു. കടുപ്പാടം ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ഹാഷിം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.
മഹല്ല് പ്രസിഡന്റ് പി എം ഹസന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ടാറ്റ സ്റ്റീല്‍ അഖിലേന്ത്യ തലത്തില്‍ നടത്തിയ ഉപന്യാസ രചനയില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അസ്‌ന കുഞ്ഞുമുഹമ്മദിനേയും മദ്‌റസ പൊതു പരീക്ഷയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.
മൗലൂദ് പാരായണത്തിനു ശേഷം നടന്ന ഘോഷയാത്രയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. മന്നം മാവിന്‍ചുവട് ശറഫുല്‍ ഇസ്‌ലാം ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്ര, മൗലൂദ് പാരായണം, ഇരുചക്രവാഹനറാലി എന്നിവ സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് നാലിന് നടക്കുന്ന മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എം പി പോള്‍സണ്‍ ഉദ്ഘാടനം ചെയ്യും. എ എം ഉമ്മര്‍ സമ്മാനദാനം നിര്‍വഹിക്കും.
തത്തപ്പിള്ളി കാട്ടുനല്ലൂര്‍ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന പൊതു സമ്മേളനം ഖത്തീബ് സി എം അബ്ദുല്‍ സാലാം സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ബഷീര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു.
വൈപ്പിന്‍: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1490ാമത് ജന്മദിനത്തോടനുബന്ധിച്ച് വൈപ്പിനിലെ വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തി. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഇസ്സത്തുല്‍ മുസ്‌ലിമീന്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനഘോഷയാത്രയില്‍ കുട്ടികളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. റാലിക്ക് ബദ്‌രിയ ജുമാമസ്ജിദ് ഇമാം അബ്ദുല്‍ റഷീദ് ബാഖവി, സിക്കന്തര്‍ മൗലവി, ഇസ്സത്തുല്‍ മുസ്‌ലിമീന്‍ സംഘം പ്രസിഡന്റ് പി എച്ച് അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ഇ കെ അഷ്‌റഫ്, പി എച്ച് അബൂബക്കര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മൗലൂദ് പാരായണവും നടന്നു. അന്നദാനത്തില്‍ ജാതി-മതഭേദമന്യേ ആയിരങ്ങള്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് നബിദിനാഘോഷ കമ്മിറ്റി കണ്‍വീനര്‍ കെ കെ അബ്ദുല്‍ ജമാല്‍, പിഎം ഷാഫി നേതൃത്വം നല്‍കി.
എടവനക്കാട് നജ്മുല്‍ ഹുദ മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘേഷയാത്ര, മധുരപലഹാര വിതരണം എന്നിവ നടന്നു. റാലിക്ക് നജ്മുല്‍ ഹുദ സദര്‍ മുഅല്ലിം അഷ്‌റഫ് ബാഖവി വല്ലം, ഷെഫീഖ് മിസ്ബാഹി, പി എം മുഹമ്മദ് സാദിഖ്, എം എ അബ്ദുല്‍സലാം, കെ എ അഹമ്മദ് കബീര്‍ നേതൃത്വം നല്‍കി. പഴങ്ങാട് മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മധുര പലഹാര വിതരണം, മൗലീദ് പാരായണം അന്നദാനം എന്നിവ നടന്നു.
കുട്ടികളുടെ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഡോ. ഫയ്യാസ് മുഹമ്മദ് സമ്മാനവിതരണം നടത്തി. നബിദിനാഘോഷ കമ്മിറ്റി കണ്‍വീനര്‍ എ കെ അബ്ദുല്‍ ജലീല്‍, കെ എം ഈസ നേതൃത്വം നല്‍കി. നായരമ്പലം മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര, മൗലീദ് പാരായണവും അന്നദാനവും നടന്നു. ഘോഷയാത്രക്ക് മഹല്ല് ഖത്തീബ് എം പി അബൂബക്കര്‍ ബാഖവി അല്‍ഖാസിമി, ഷമീര്‍ ബാഖവി, കെ ഇഅഷ്‌റഫ്, നാസര്‍ ബാബുമംഗലത്ത്, കെ എസ് സാജുദ്ദീന്‍, കെ എ സുല്‍ഫിക്കര്‍ നേതൃത്വം നല്‍കി. മുനമ്പം മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയും, അന്നദാനവും മധുരപലഹാര വിതരണവും നടന്നു. ഘോഷയാത്രക്ക് മഹല്ല് ഇമാം നേതൃത്വം നല്‍കി.
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ വിവിധ മദ്‌റസകളുടെ നേതൃത്വത്തില്‍ നബിദിനാഘോഷം നടന്നു. കല്‍വത്തി അല്‍മദ്‌റസത്തുല്‍ ഉമരിയയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ പി എ അലിയാര്‍ ഹാജി പതാക ഉയര്‍ത്തി. മദ്‌റസ വിദ്യാര്‍ഥികളുടെ റാലിയില്‍ ദഫ്, സ്‌കൗട്ട് എന്നിവയും നടന്നു. സദര്‍ അബ്ദുല്‍ റഷീദ് സഹദി, ഉമരിയ മുദ്‌രിസ് അബ്ദുല്‍ റഷീദ് ഫാളിലി, ഫസല്‍ തങ്ങള്‍, സെയ്ത് മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. കുന്നുംപുറം നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സദര്‍ എം വൈ സഈദ് മുസ്‌ല്യാര്‍ പതാക ഉയര്‍ത്തി.
ഫാറൂക്ക് മുസ്‌ല്യാര്‍, ഒ അബൂബക്കര്‍ സഖാഫി, നൗഷാദ് മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കലാസാഹിത്യ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് ടി കെ മുഹമ്മദ്, പി എ ഇബ്രാഹിം സമ്മാനദാനം നിര്‍വഹിച്ചു. ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രസിഡന്റ് ഐ എം ബീരാവു പതാക ഉയര്‍ത്തി. കുട്ടികളുടെ വിവിധ മല്‍സരങ്ങളുടെ ഉല്‍ഘാടനം സുലൈമാന്‍ ദാരിമി നിര്‍വഹിച്ചു. എന്‍ കെ നാസര്‍ സമ്മാനദാനം നിര്‍വഹിച്ചു. മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. അയൂബ് മുസ്‌ല്യാര്‍, ഫക്രുദ്ധീന്‍ തങ്ങള്‍, എം കെ അലിക്കോയ, വി എം യഹിയ, കെ എം ഖാദര്‍, പരിത്, മദ്‌റസ സെക്രട്ടറി എം ബി ഷഹീര്‍, ജോയിന്റ് സെക്രട്ടറി പി എം അബ്ദുല്‍റഹ്മാന്‍ സംസാരിച്ചു.
നമ്പ്യാപുരം റഹ്മാനിയ മദ്‌റസ, മട്ടാഞ്ചേരി നൂരിയ്യ മദ്‌റസ, മിസ്ബാഹുല്‍ ഹുദാ മദ്‌റസ, കൊച്ചങ്ങാടി ഖാദിരിയ്യ നൂരിയ്യ മദ്‌റസ, കപ്പലണ്ടിമുക്ക് നാച്ചിയ മദ്‌റസ എന്നിവടങ്ങളിലും നബിദിനാഘോഷത്തിന്റെ ഭാഗമായി റാലി നടന്നു.
ആലങ്ങാട്: കരുമാലൂര്‍ പുതുക്കാട് നൂറുല്‍ ഈമാന്‍ ജുമാമസ്ജിദില്‍ നബിദിനത്തിന്റ ഭാഗമായി മിലാദ് ഫെസ്റ്റ് 2015 സംഘടിപ്പിച്ചു. റബീഉല്‍ അവ്വല്‍ 11ന് ബുധനാഴ്ച അബ്ദുല്‍ ജലീല്‍ സഖാഫിയുടെ മതപ്രഭാഷണവും ഇന്നലെ രാവിലെ നബിദിന ഘോഷയാത്രയും മദ്‌റസ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടത്തി. മഹല്ല് സെക്രട്ടറി സി എസ് ഷാനവാസ്, പ്രസിഡന്റ് സുബൈര്‍, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, സി കെ സുധീര്‍, എ പി ഷെമീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it