kasaragod local

നാടെങ്ങും ഇഫ്താര്‍ സംഗമങ്ങള്‍; പെരുന്നാള്‍ ആഘോഷത്തിനൊരുങ്ങി വിശ്വാസികള്‍

കാഞ്ഞങ്ങാട്: പരിശുദ്ധ റമദാന്‍ സമാപ്തിയിലേക്ക്. ഈദ് ആഘോഷത്തിന് നാടൊരുങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമുഹ നോമ്പുതുറകളും നിര്‍ധനര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണവും നാടെങ്ങും നടന്നുവരികയാണ്.റമദാനിലെ 27ാം രാവായ തിങ്കളാഴ്ച രാത്രി പള്ളികളില്‍ വിശ്വാസികളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന ദിനത്തില്‍ ഊണും ഉറക്കവും ഒഴിഞ്ഞ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. ജീവിതത്തില്‍ സംഭവിച്ചുപോയ തെറ്റുകുറ്റങ്ങളില്‍ നിന്നും പാപമോചനം തേടിയായിരുന്നു പള്ളികളില്‍ ഒത്തുകൂടിയത്.
വ്രതം പകര്‍ന്ന നന്മകള്‍ സമൂഹത്തിനായി പങ്കുവച്ചും സ്‌നേഹ സന്ദേശം പകര്‍ന്നും പെരുന്നാള്‍ ആഘോഷിക്കണമെന്ന് സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത പ്രസിഡന്റുമായ മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍, സംയുത്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ പറഞ്ഞു. മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും ക്ഷണികതയും ബോധ്യപ്പെടുത്തിയ ‘നിപ്പ’ വൈറസിന്റെ കടന്നാക്രമണത്തില്‍ വിറങ്ങലിച്ചു നിന്ന മനസുമായാണ് വ്രതമാസമാരംഭിച്ചത്. മരിച്ചു പോയ 18 പേര്‍ക്ക് അവരും കുടുംബവുമാഗ്രഹിക്കുന്ന വിധത്തിലുള്ള അന്തി മോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ പോലും വൈറസ് വ്യാപന ഭീതി മൂലം നാം അശക്തരായിരുന്നു. ദൈവത്തിങ്കല്‍ അഭയം തേടുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന തിരിച്ചറിവില്‍ അഞ്ചു നേരത്തെ നമസ്‌കാരങ്ങളിലും അഭയ പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുകയാണ് നമ്മള്‍.വിവിധ ജാതിമതസ്ഥര്‍ പങ്കെടുക്കുന്ന സമൂഹ നോമ്പുതുറകള്‍ നമ്മുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നവയാണെന്നും നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും പണ്ഡിതര്‍ ആഹ്വാനം ചെയ്തു.
നിര്‍ധനര്‍ക്ക് സാന്ത്വനവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റമദാന്‍, പെരുന്നാള്‍ കിറ്റുകളും വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്തു.
എരിയാല്‍: മുസ്്‌ലിം ലീഗ് എരിയാല്‍ പത്താം വാര്‍ഡ് കമ്മിറ്റി ജിസിസി-കെഎംസിസിയുടെ സഹകരണത്തോടെ റമദാന്‍ റിലീഫ് നടത്തി എരിയാല്‍ അക്കര മദ്‌റസയില്‍ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി പി എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു.  പടിഞ്ഞാര്‍ സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുജീബ് കമ്പാര്‍, കെ ബി മുനീര്‍, ഷംസു മാസ്‌കൊ, സര്‍ഫറാസ് ചേരങ്കൈ, അബ്ദുര്‍റഹ്്മാന്‍ കെല്‍, ഹമ്രാസ് എരിയാല്‍, ഷംസു എരിയാല്‍, അസൈനാര്‍ കുളങ്കര, എ എ ശരീഫ്, മുബീന്‍, അബു നവാസ്, ഇ എം ശാഫി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it