malappuram local

നാടുവിട്ട നീലകണ്ഠന്‍ തിരിച്ചെത്തിയത് സഹോദരന്റെ അന്ത്യകര്‍മത്തിന്

മുസ്തഫ പള്ളിക്കല്‍
പള്ളിക്കല്‍: വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുവിട്ട നീലകണ്ഠന്‍ തിരിച്ചെത്തിയത് സഹോദരന്റെ അന്ത്യകര്‍മത്തിന്്. പള്ളിക്കല്‍ ബസാര്‍ അമ്പലവളവില്‍ വാളക്കുളവന്‍ നീലകണ്ഠന്‍(70)ആണ് കുടുംബാംഗങ്ങളുടെ അന്വേഷണത്തിനും കാത്തിരിപ്പിനും ഒടുവില്‍ 46 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സഹോദരന്‍ വാളക്കുളവന്‍ ഇമ്പിച്ചിയുടെ മരണാനന്തര ചടങ്ങിനു നേതൃത്വം നല്‍കാനെത്തിയത്. ഇതോടെ മരണവീട്ടിലെ കണ്ണീരിനു ഒരു നിമിഷം സന്തോഷം പകര്‍ന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ 1972ല്‍ ആണ് നീലകണ്ഠന്‍ തൊഴില്‍ അന്വേഷിച്ചു നാടുവിട്ടത്.
പിന്നീട് വിവരങ്ങളൊന്നും ഉണ്ടായില്ല. കുടുബങ്ങള്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും നീലകണ്ഠനെ കണ്ടെത്തെനായിരുന്നില്ല. ഇതിനിടയില്‍ ഇയാളുടെ അച്ഛനും അമ്മയും അടക്കം കുടുംബത്തിലെ പലരും മരിച്ചു. നീലകണ്ഠന്‍ നാടുവിട്ടു പലയിടത്തും ചുറ്റിക്കറങ്ങി അവസാനം എത്തിപ്പെട്ടത് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലെ പൂമാലയില്‍ ആയിരുന്നു. അവിടെനിന്നു വിവാഹം കഴിക്കുകയും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ സജീവമാവുകയും ചെയ്തു. നീലകണ്ഠന് വയനാട്ടില്‍ ഭാര്യയും മോഹന്‍ദാസ്, ഉഷ, ജിഷ എന്നീ മൂന്നു കുട്ടികളും ഉണ്ട്. ഇദ്ദേഹം തന്റെ നാടിനെ സംബന്ധിച്ചും കുടുംബത്തെ സംബന്ധിച്ചും മൂത്തമകന്‍ മോഹന്‍ദാസിനോട് പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മോഹന്‍ദാസ്് കഴിഞ്ഞ ജനുവരിയില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി പോസ്റ്റ് ഓഫിസില്‍ എത്തി അച്ഛന്റെ കുടുംബ വേരുകള്‍ അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിയാതെ മടങ്ങുകയായിരുന്നു. മകന്‍ പോസ്റ്റ് ഓഫിസില്‍ വന്ന് അന്വേഷിച്ച വിവരം അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ മുഖേന നീലകണ്ഠന്റെ പള്ളിക്കല്‍ ബസാറിലെ കുടുംബം അറിയുകയും അവര്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും അന്വേഷണം നടത്തുകയും ചെയ്തു.
ഇതിനിടെ നീലകണ്ഠന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഉണ്ടെന്നു വിവരം ലഭിച്ചു. നീലകണ്ഠനും കുടുംബവും വയനാട്ടില്‍ നിന്നു പള്ളിക്കല്‍ ബസാറിലെ തന്റെ ജന്മനാട്ടിലേയ്ക്കു വരാന്‍ നില്‍ക്കെയാണ് തന്റെ ചെറിയ സഹോദരന്‍ മരിച്ച വിവരം ഫോണ്‍ മുഖേന അറിയുന്നത്.
Next Story

RELATED STORIES

Share it