malappuram local

നാടുകാണി-പരപ്പനങ്ങാടി പാത; നിര്‍മാണം ഇഴയുന്നു



എടക്കര: നാടുകാണി-പരപ്പനങ്ങാടി പാത നിര്‍മാണം ഇഴയുന്നു. ഇതേതുടര്‍ന്ന് എടക്കരയിലുണ്ടാവുന്ന ഗതാഗതക്കുരക്കുമൂലം ജനങ്ങളും വ്യാപാരികളും ദുരിതത്തില്‍. പാതയുടെ നിര്‍മാണപ്രവൃത്തികള്‍ ടൗണില്‍ ആരംഭിച്ചിട്ട് നാല് മാസത്തോളമായി. ഇരുവശവും ഡ്രൈനേജ് നിര്‍മാണവും കള്‍വര്‍ട്ട് നിര്‍മാണവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രവൃത്തികളെല്ലാം തന്നെ വളരെ സാവധാനമാണ് നടക്കുന്നത്. മുസ്‌ല്യാരങ്ങാടി ജങ്്ഷനില്‍ പാലേമാട് റോഡില്‍ കള്‍വര്‍ട്ട് നിര്‍മാണം ആരംഭിച്ചിട്ട് മൂന്നാഴ്ചയിലേറെയായി. പോലിസ് സ്റ്റേഷന്‍ റോഡ് വഴി ഗതാഗതം തിരിച്ചുവിട്ടിട്ടും ഏത് സമയവും ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. എടക്കര വില്ലേജ് പരിസരത്ത് നടത്തിയ ഡ്രൈനേജ് നിര്‍മാണം എങ്ങുമെത്താതെ പാതിവഴിയില്‍ നില്‍ക്കുകയാണ്. സ്വകാര്യ വ്യക്തികള്‍ക്കും ചില വ്യാപാര സ്ഥാപനങ്ങള്‍ക്കും വേണ്ടി നിര്‍മാണ പ്രവൃത്തിയില്‍ ക്രമക്കേട് നടക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാല്‍ ടൗണിലെ വ്യാപാരികളും വാഹനയാത്രക്കാരും മാസങ്ങളായി ദുരിതത്തിലാണ്. മേഖലയിലെ വാണിജ്യസിരാകേന്ദ്രമായ എടക്കരയില്‍ പൊതുവെ തിരക്കും ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇതിന് ആക്കംകൂട്ടുകയാണ് ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍. പ്രവൃത്തി നടക്കുന്നതിന് സമീപത്തെങ്ങാനും ഇരുചക്രവാഹനങ്ങള്‍ അറിയാതെ പാര്‍ക്ക് ചെയ്താല്‍ പോലിസിന്റെവക നോട്ടീസ് വാഹനത്തില്‍ പതിച്ചിരിക്കും. എന്നാല്‍, ടൗണിലെ ഈ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ, കെഎസ്ആര്‍ടിസി ബസ്സുകള്‍ ആളുകളെ കയറ്റിയിറക്കുന്നത് ട്രാഫിക് നിയന്ത്രിക്കുന്ന ഹോംഗാര്‍ഡുകള്‍ക്ക് മുമ്പിലാണെന്നതാണ് രസകരം. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന ഭാഗത്തെ സ്ഥാപനങ്ങള്‍ ഒരാഴ്ചവരെ അടച്ചിടേണ്ട ഗതികേടിലാണിപ്പോള്‍. പതിമൂന്ന് മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മാണം നടക്കുന്നത്. എന്നാല്‍, പലയിടങ്ങളിലും നിര്‍ദേശിക്കപ്പെട്ട വീതിയില്ലാത്ത അവസ്ഥയാണ്. കെട്ടിട ഉടമകള്‍ക്കുവേണ്ടി പലവിധ നീക്കുപോക്കുകളും നടക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്.
Next Story

RELATED STORIES

Share it