നാടുകടത്തിയ റോഹിന്‍ഗ്യര്‍ കൊല്ലപ്പെടാന്‍ സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നു മ്യാന്‍മറിലേക്കു തിരിച്ചയച്ച ഏഴുപേരും കൊല്ലപ്പെട്ടേക്കുമെന്ന് ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ വംശജര്‍. മ്യാന്‍മറിലെ റഖൈന്‍ മേഖലയിലുള്ള മുഹമ്മദ് ജമാല്‍, മുഹിബ്ബുല്‍ ഖാന്‍, ജമാല്‍ ഹുസയ്ന്‍, മുഹമ്മദ് യൂനുസ്, സാബിര്‍ അഹ്മദ്, റഹീമുദീന്‍, മുഹമ്മദ് സലാം എന്നിവരെ കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യ പുറത്താക്കിയത്.
ഇവരെ അസം പോലിസ് മണിപ്പൂരിലെ അതിര്‍ത്തിയില്‍ വച്ച് മ്യാന്‍മര്‍ സൈന്യത്തിനു കൈമാറുകയായിരുന്നു. ബുദ്ധവംശീയവാദികളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയതായിരുന്നു ഇവര്‍. പുറത്താക്കപ്പെട്ട ഏഴു പേരുടെയും ബന്ധുക്കളും നാട്ടുകാരും ഇന്ത്യയിലെ വിവിധ ക്യാംപുകളില്‍ കഴിയുന്നുണ്ട്.
ഇവരെ പുറത്താക്കിയ—തു റോഹിന്‍ഗ്യന്‍ ക്യാംപുകളില്‍ ഭീതിപടര്‍ത്തിയിരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയനേട്ടത്തിനായി തങ്ങള്‍ക്കെതിരേ കൂടുതല്‍ നടപടിയുണ്ടായേക്കുമെന്നും ഇവര്‍ക്ക് ആശങ്കയുണ്ട്.
മ്യാന്‍മറില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതു വരെ തങ്ങളെ ഇവിടെ കഴിയാന്‍ അനുവദിക്കണമെന്നു ഡല്‍ഹിയിലെ കാളിന്ദ്കുഞ്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന മുഹമ്മദ് ഫാറൂഖ് പറഞ്ഞു. 2012 മുതല്‍ ഞാനിവിടെ കഴിയുകയാണ്. ഞങ്ങളുടെ സ്വന്തം രാജ്യത്തു നിരവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. സ്വന്തം നാടുവിടാന്‍ ആഗ്രഹമുള്ളതു കൊണ്ടല്ല മ്യാന്‍മര്‍ വിട്ട് ഇന്ത്യയില്‍ വന്നത്. പുറത്താക്കപ്പെട്ട ഏഴുപേരും അവിടെ വച്ച് മ്യാന്‍മര്‍ സൈന്യത്താലോ, ബുദ്ധിസ്റ്റ് വംശീയവാദികളാലോ കൊല്ലപ്പെടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഹിന്‍ഗ്യന്‍ വംശജരെ പുറത്താക്കിയ നടപടിയെ ഐക്യരാഷ്ട്രസഭ അപലപിച്ചിട്ടുണ്ട്. അഭയംതേടിയെത്തിയവരെ പുറത്താക്കുന്നത് രാജ്യാന്തര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനമാണെന്നാണ് യുഎന്നിന്റെ നിലപാട്.
ഇന്ത്യയില്‍ ഔദ്യോഗിക കണക്കു പ്രകാരം 40,000 റോഹിന്‍ഗ്യന്‍ വംശജരാണുള്ളത്. ഇതില്‍ 18,000 പേര്‍ക്കാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ തിരിച്ചറിയല്‍ രേഖയുള്ളത്.

Next Story

RELATED STORIES

Share it