Pathanamthitta local

നാടിന്റെ വിലാസം നഷ്ടപ്പെടാതിരിക്കാന്‍ പോസ്റ്റോഫിസിനും ലൈബ്രറിക്കും കെട്ടിടം നിര്‍മിച്ചുനല്‍കി

ചിറ്റാര്‍: നാടിന്റെ വിലാസം നഷ്ടപ്പെടാതിരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒന്നിച്ചു. ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ നീലിപിലാവിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പോസ്‌റ്റോഫീസിനും ലൈബ്രറിക്കും കെട്ടിടം നിര്‍മിച്ചു നല്‍കി മാതൃകയായത്. പ്രദേശത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വന്ന പോസ്‌റ്റോഫീസ് വാടക കെട്ടിടം ഒഴിയണമെന്ന് പോസ്റ്റ് മാസ്റ്ററില്‍ നിന്നുമറിഞ്ഞ കുടുംബശ്രീ അംഗങ്ങള്‍ നീലിപിലാവിന്റെ വിലാസം നഷ്ടമാവാതിരിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് എഡിഎസ് കമ്മിറ്റി വിളിച്ചു ചേര്‍ത്തിന്റെ അടിസ്ഥാനത്തില്‍ നീലിപിലാവിലെ 11 കുടുംബശ്രീകളും, 10ാം വാര്‍ഡിലെ 92 തൊഴിലുറപ്പ് തൊഴിലാളികളും, ആറ് മേസ്തിരിമാരും നാടിന്റെ പൊതുആവശ്യത്തിനായി ഒന്നിച്ചു. മഴക്കെടുതിയില്‍ നശിച്ച ജയ് ഭാരത് ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ സ്ഥലത്താണ് ലൈബ്രറിക്കും നാടിന്റെ സ്വന്തം മേല്‍വിലാസം നഷ്ടമാവാതിരിക്കാന്‍ പോസ്റ്റ് ഓഫീസിനും കെട്ടിടം നിര്‍മിച്ചത്. ഇതിനായി അവരാല്‍ കഴിയുന്ന പിരിവും ഓരോ തൊഴിലാളിയുടേയും ഒരുദിവസത്തെ വേതനവും ശ്രമദാനവും നല്‍കി. 11 കുടുംബശ്രീകളില്‍ നിന്നുമായി 18400 രൂപയും തൊഴിലുറപ്പ് മേസ്തിരിമാരില്‍ നിന്നും 4500 രൂപയും തൊഴിലാളികളില്‍ നിന്ന് 22,500 രൂപയും സ്വരൂപിച്ചു.കുറഞ്ഞ വിലയില്‍ കട്ട ലഭ്യമായി. പാറപ്പൊടിയും മെറ്റലും സ്വകാര്യ കമ്പനി സൗജന്യമായി നല്‍കി.  കെട്ടിടം പണിക്കായി 1,21,400 രൂപ ചെലവായി. തൊഴിലുറപ്പ്, മേസ്തിരിമാരുടെ ആറ് തൊഴില്‍ ദിനങ്ങളും, തൊഴിലാളികളുടെ 142 തൊഴില്‍ ദിനങ്ങളും കെട്ടിടം പണിക്കായി വിനിയോഗിച്ചു. കുടുംബശ്രീ അംഗങ്ങള്‍ തന്നെ വയറിങ് പണികള്‍ക്കും നേതൃത്വം നല്‍കി. സിഡിഎസ് മെമ്പറുടെയും എഡിഎസ് പ്രസിഡന്റിന്റെയും മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. ഗ്രാമസഭയോ എഡിഎസോ ചേരുന്നതിന്  യാതൊരു സൗകര്യവും നീലിപിലാവിലുണ്ടായിരുന്നില്ല. ഇതിനായി പഞ്ചായത്ത് ശിശുമന്ദിരത്തിന്റെ മുകള്‍ ഭാഗം റൂഫ് ചെയ്ത് ഇരുമ്പ് ഗേറ്റ്‌വച്ചു. ഇവിടെ 64 കസേരകളും, 100 സ്റ്റീല്‍ ഗ്ലാസും പരിപാടി നടത്തുന്നതിന് ആവശ്യമായഎല്ലാസൗകര്യവും സജ്ജമാക്കി.
Next Story

RELATED STORIES

Share it