Flash News

നാടിനെ അന്ധവിശ്വാസങ്ങളിലേക്കു തള്ളിവിടാന്‍ ശക്തമായ ശ്രമം : മുഖ്യമന്ത്രി



തിരുവനന്തപുരം: മുമ്പു നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും നാടിനെ തള്ളിവിടാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎസ്ആര്‍ഒ സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കാന്‍ കൂടി ബഹിരാകാശ വാരാഘോഷം പോലുള്ള പരിപാടികള്‍ പ്രയോജനപ്പെടുത്തണം. ഇവയ്‌ക്കെതിരേ ശാസ്ത്രലോകം ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്തു വിദേശരാജ്യങ്ങള്‍ക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചതു വിക്രം സാരാഭായ് സ്‌പേസ് സെന്ററാണ്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായി നാം വികസിപ്പിച്ച ഉപഗ്രഹങ്ങള്‍ ജനങ്ങളുടെ ജീവിതത്തിന്റെ വിവിധ മേഖലകളിലും പലതരത്തില്‍ ഉപകാരപ്പെടുന്നു. ആശുപത്രികളെയും ചികി ല്‍സാ വിദഗ്ധരെയും ബന്ധിപ്പിച്ച് ടെലി മെഡിസിന്‍ സംവിധാനം സാധ്യമായതു ശാസ്ത്ര മേഖലയുടെ സഹായത്താലാണ്. ഗ്രാമീണ മേഖലയുടെ വികസനം രൂപപ്പെടുത്താനും നടപ്പാക്കാനും വിഭവഭൂപടം തയ്യാറാക്കാനും ഉപഗ്രഹങ്ങള്‍ സഹായിക്കുന്നുണ്ട്. ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക, ബഹിരാകാശ ഗവേഷണ രംഗത്തെ ഫലങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുക, സുസ്ഥിര വികസനത്തിനു ബഹിരാകാശ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണു ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. കെ ശിവന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it