നാടാര്‍ സംവരണം: മുഖ്യമന്ത്രി വഞ്ചിച്ചെന്ന് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ

തിരുവനന്തപുരം: നാടാര്‍ സമുദായത്തോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഞ്ചന കാണിച്ചുവെന്നത് മറച്ചുവയ്ക്കാനാവില്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. നെടുമങ്ങാട് വൈദിക ജില്ലയിലെ സംഗമ വേദിയിലാണ് ബാവ മുഖ്യമന്ത്രിയുടെ വാഗ്ദാന ലംഘനത്തിനെതിരേ തുറന്നടിച്ചത്.
നാടാര്‍ സമുദായത്തിലെ സംവരണം ലഭിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് യുഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത സംവരണ വിഷയത്തില്‍ നിന്ന് മലക്കം മറിഞ്ഞത് കടുത്ത വാഗ്ദാന ലംഘനമാണ്. നീതി നിഷേധിക്കപ്പെട്ട ജനവിഭാഗത്തെ അവര്‍ പോവുന്ന ആരാധനാലയങ്ങളുടെ പേരുനോക്കി സംവരണം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. സംവരണം നിഷേധിക്കപ്പെട്ട എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് ഇന്നുവരെ ശബ്ദമുയര്‍ത്തിയിട്ടുള്ളത്. തുടര്‍ന്നും ഈ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി ഈ നീതിനിഷേധത്തെ എതിര്‍ക്കും. നാടാര്‍ വോട്ടുവാങ്ങി തിരുവനന്തപുരത്തു നിന്ന് ജയിച്ച എംഎല്‍എമാര്‍ ഇക്കാര്യം ഓര്‍ക്കണം. വോട്ടര്‍മാരുടെ ശക്തി വിശ്വാസികള്‍ യുഡിഎഫിന് കാണിച്ചു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീതി നിഷേധിക്കപ്പെട്ട നാടാര്‍ മക്കള്‍ ഭരണകര്‍ത്താക്കളുടെ മുന്നില്‍ കൂപ്പുകരങ്ങളുമായി നില്‍ക്കുന്നത് സര്‍ക്കാരിന്റെ പത്തുസെന്റ് വസ്തുവിനോ, കോളജിനോ, എംഎല്‍എ സ്ഥാനത്തിനോ ഒന്നുമല്ല. മതേതര ഭാരതത്തില്‍ നീതിക്കുവേണ്ടി മാത്രമാണെന്ന് യുഡിഎഫിലെ ഭരണാധികാരികള്‍ ദയവായി ഓര്‍മിക്കണം.
കോര്‍പറേറ്റുകള്‍ക്കും സംഘടിതശക്തികള്‍ക്കും മുന്നില്‍ ഈ അസംഘടിതരെ യുഡിഎഫ് മറക്കുന്നത് കടുത്ത അപരാധമാണ്. അഞ്ചുവര്‍ഷം മുമ്പ് ഉപയോഗിച്ച വോട്ടവകാശം നീതി നിഷേധിക്കപ്പെട്ട എല്ലാവരുടെയും കൈയില്‍ ഇപ്പോഴുമുണ്ടെന്നത് ഭരണാധികാരികള്‍ ഓര്‍മിക്കുന്നത് നല്ലതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി സഭ മുന്നോട്ടുവച്ച പട്ടയപ്രശ്‌നം, കസ്തൂരിരംഗന്‍ റിപോര്‍ട്ട്, മല്‍സ്യത്തൊഴിലാളി പ്രശ്‌നം, കുട്ടനാട് പാക്കേജ്, എയ്ഡഡ് സ്‌കൂള്‍, കോളജ് അധ്യാപക പാക്കേജ്, റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇതെല്ലാം എവിടെ നില്‍ക്കുന്നുവെന്നത് ഗൗരവമായി സര്‍ക്കാര്‍ പരിശോധിക്കണം.
സ്വപ്‌നപദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്ന മുഖ്യമന്ത്രി പാവപ്പെട്ടവരുടെ കണ്ണുനീര്‍ കാണുന്നില്ല. നാടാര്‍ സമുദായത്തിന്റെ കണ്ണുനീരിന് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും. ഭരണം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് സംവരണ വിഷയമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ക്ലീമിസ് ബാവ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it