palakkad local

നാടന്‍ തോക്കും തിരകളും കണ്ടെടുത്തതായി പോലിസും തണ്ടര്‍ബോള്‍ട്ടും

പാലക്കാട്: ഇന്നലെ വനത്തിനകത്ത് നടത്തിയ തിരച്ചിലില്‍ മാവോവാദികളിടേതെന്നു സംശയിക്കുന്ന നാടന്‍ തോക്കുകളും തിരകളും കണ്ടെടുത്തതായി അഗളി പോലിസും തണ്ടര്‍ബോള്‍ട്ടും. അഗളി മല്ലീശ്വരന്‍മുടിക്ക് താഴെ ചെമ്പവടിമല വനമേഖലയില്‍ നിന്നാണ് അഗളി ഡിവൈഎസ്പി പി വാഹിദ്, സിഐ ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം നാടന്‍ തോക്കും തിരകളും കണ്ടെടുത്തത്. ഈ പ്രദേശത്തെ വനത്തിനകത്ത് നാലില്‍ അധികം ആളുകള്‍ക്ക് താമസിക്കുവാന്‍ കഴിയുംവിധമുള്ള ഗുഹകളും കണ്ടെത്തിയതായി അധികൃതര്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ അഗളി ഡിവൈഎസ്പിക്ക് ലഭിച്ച് സന്ദേശത്തെ തുടര്‍ന്നായിരുന്നു രണ്ട് വിഭാഗമായി വനത്തിനകത്ത് തിരച്ചില്‍ നടത്തിയത്. ഒരു നാടന്‍ തോക്ക്, പതിനെട്ട് തിരകള്‍, ഒരു തോള്‍സഞ്ചി, ആറ് അറകളുള്ള പൗച്ച് എന്നിവയും രണ്ട് ജോഡി പച്ചക്കളര്‍ യൂനിഫോമും ഗുഹക്കുള്ളിലെ പരിശോധനയില്‍ പോലിസിന് ലഭിച്ചു. തമിഴ്‌നാട് പോലിസും കര്‍ണ്ണാടകപോലിസും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും വനംവകുപ്പിന്റെ പൂര്‍ണ പിന്തുണ  പരിശോധന ഊര്‍ജിതമാക്കാന്‍ സഹായിച്ചുവെന്നും ഡിവൈഎസ്പി പി വാഹിദ് പറഞ്ഞു.
Next Story

RELATED STORIES

Share it