malappuram local

നാടന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി ഓണ്‍ലൈന്‍ വിപണി



മലപ്പുറം: ആദിവാസികളുടേയും നാടന്‍ കര്‍ഷകരുടേയും കുടുംബശ്രീ യൂനിറ്റുകളുടേയും ചെറുകിട സംരംഭകരുടേയും ഉല്‍പന്നങ്ങള്‍ വില്‍പന നടത്താന്‍ ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുബ്ബറാവു പൈ എന്റര്‍പ്രണര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (സേവ) യാണ് സേവാമാള്‍.കോം എന്ന പേരില്‍ ഓണ്‍ലൈന്‍ പര്‍ചേസിങ് വെബ്‌സൈറ്റ് ആരംഭിക്കുന്നത്. സൈറ്റിന്റെ പ്രകാശനം ഈ മാസം ആറിന് മലപ്പുറം ജില്ലാ കലക്ടര്‍ അമിത്്മീണ നിര്‍വഹിക്കും. ആദിവാസികളും ചെറുകിട സംരംഭകരും നാടന്‍ കര്‍ഷകരും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ നേരിടുന്ന പ്രയാസം ദൂരീകരിക്കുകയാണ് സൈറ്റിന്റെ മുഖ്യ ലക്ഷ്യം. ഓണ്‍ലൈന്‍ വിപണനകേന്ദ്രത്തിലൂടെ ഇത്തരം ഉല്‍പന്നങ്ങള്‍ ഗുണനിലവാരം ഉറപ്പാക്കി ന്യായ വിലയ്ക്ക് ആവശ്യക്കാരിലേക്ക് എത്തിക്കും. കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വരുമാനവും വില്‍പ്പനയും ഇതിലൂടെ ഉറപ്പാക്കാനാവും. നാടന്‍ കൃഷിക്ക് ആവശ്യമായ സാങ്കേതിക മനുഷ്യ വിഭവ സേവനങ്ങള്‍ ഓണ്‍ലൈന്‍ സെന്ററിലൂടെ ലഭ്യമാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മുറ്റം, പറമ്പ്, ടെറസ് എന്നിവിടങ്ങളില്‍ ജൈവകൃഷി വ്യാപിപ്പിക്കുകയും പ്രത്യേകം തയ്യാറാക്കുന്ന ഗ്രീന്‍ ആര്‍മിയെ ഉപയോഗിച്ച് വീടുകളില്‍ കൃഷി ചെയ്തുകൊടുക്കുകയുമാണ് സേവയുടെ ലക്ഷ്യം. ഇതിലൂടെ ലഭിക്കുന്ന പച്ചക്കറികള്‍ വീടുകളില്‍ ഉപയോഗിക്കുന്നതിനൊപ്പം ഓണ്‍ലൈന്‍ സെന്ററുകള്‍ വഴി വില്‍പ്പന നടത്താനും പദ്ധതിയുണ്ട്. വീട്ടമ്മമാര്‍ക്കായി ഭക്ഷണ, വസ്ത്ര, കരകൗശല, ചെറുകിട വ്യവസായ രംഗങ്ങളില്‍ പരിശീലനം നല്‍കി അവരുല്‍പാദിപ്പിക്കുന്ന സാധനങ്ങളും ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിക്കൊടുക്കും. ഗ്രാമീണ മേഖലകളില്‍ സ്വയംതൊഴില്‍ സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്ന സുബ്ബറാവു പൈ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയവരുടെ സംഘടനയായ സേവ നബാര്‍ഡിന്റെ സഹായത്തോടെയാണ് ഓണ്‍ലൈന്‍ വിപണനത്തിനായി സേവാമാള്‍.കോം സൈറ്റ് ആരംഭിക്കുന്നത്.
Next Story

RELATED STORIES

Share it