palakkad local

നാടന്‍പാട്ട് കലാകാരന്‍മാര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കണമെന്ന്



പാലക്കാട്:നാടന്‍ശൈലികളില്‍ നിന്നും പാട്ടുകളില്‍ നിന്നും ഉരുത്തിരിഞ്ഞ മലയാളഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച സാഹചര്യത്തില്‍ നാടന്‍പാട്ട് കലാകാരന്‍മാര്‍ക്കും അവസരങ്ങളും അംഗീകാരവും ലഭിക്കണമെന്ന് നാടന്‍ പാട്ട് കലാകാരന്‍മാര്‍ അഭിപ്രായപ്പെട്ടു. മലയാളം ഭരണഭാഷാ വാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ഗവ.വിക്‌ടോറിയ കോളജ് മലയാള വിഭാഗവും സംയുക്തമായി നടത്തിയ ‘നാട്ടുഭാഷയില്‍ നിന്നും ശ്രേഷ്ഠഭാഷയിലേയ്ക്ക്’ ശില്‍പശാലയിലാണ് വിലയിരുത്തല്‍. ഗവ.വിക്‌ടോറിയ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല ജനാര്‍ദ്ദനന്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ടുകളുടെ ഉറവിടം നന്മയില്‍നിന്നാണ്. നന്മ ചെയ്യുന്നവരെ ഈശ്വരനായി കണക്കാക്കി ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനുമായി ചിട്ടപ്പെടുത്തി തുടങ്ങിയതാണ് നാടന്‍ പാട്ടുകള്‍ ശരീരത്തിനും മനസ്സിനും ഉണര്‍വേകുന്ന മ്യൂസിക് തെറാപ്പി കൂടിയാണ് നാടന്‍ പാട്ടുകളെന്നും അദ്ദേഹം പറഞ്ഞു. സംഘകാല സാഹിത്യത്തിലുള്ള നാടന്‍ പാട്ടുകളുടെ സ്വാധീനം നിലനിര്‍ത്താന്‍ തമിഴ് ഭാഷ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നും തമിഴിന്റെ സഹോദരി ഭാഷയായ മലയാളത്തിലും ഇത്തരത്തില്‍ തനിമ നിലനിര്‍ത്തണമെന്ന് തമിഴ് വിഭാഗം അധ്യാപിക ടി എം സല്‍മ അഭിപ്രായപ്പെട്ടു. ധാരാളം അര്‍ഥതലങ്ങളുള്ള പല വാക്കുകളുടേയും അര്‍ഥം  ഒരു തരത്തില്‍ മാത്രം ചുരുങ്ങി വരുന്നതായും ചൂണ്ടിക്കാട്ടി. നാടന്‍പാട്ടുകലാകാരന്‍മാരായ ശങ്കരനാരായണനും രുക്മിണിയമ്മയും ചേര്‍ന്ന് നാഗങ്ങളെ ഉണര്‍ത്തുന്ന പുള്ളുവന്‍ പാട്ടും ദൃഷ്ടി-നാക്ക് ദോഷങ്ങളകറ്റുന്ന നാവോര് പാട്ടും അവതരിപ്പിച്ചു. ചീരവിത്ത് എങ്ങനെ പാകണം, വിതയ്ക്കണം മുറിക്കണമെന്ന് ദേവയാനി ചീരപ്പാട്ടിലൂടെ വിവരിച്ചു. മുകുന്ദ ഗുരുസ്വാമിയും സംഘവും അയ്യപ്പന്‍ പാട്ട് അപതരിപ്പിച്ചു.അരുണാചലം ഉടുക്ക് കൊട്ടി പാടിയപ്പോള്‍ രാമചന്ദ്രന്‍ മാപ്പിളപാട്ടും പരിചമുട്ട്കളി പാട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് നാടന്‍ പാട്ടുകള്‍ക്ക് ഉപയോഗിക്കുന്ന ദപ്പട്ട, തുകില്‍, ചേങ്കില,കോടങ്കി ഉടുക്ക്, മഴമൂളി, ഉടുക്ക്, കൊമ്പ്, പുള്ളുവന്‍കുടം തുടങ്ങിയ ഉപകരണങ്ങള്‍ ജനാര്‍ദ്ദനന്‍ പുതുശ്ശേരി പരിചയപ്പെടുത്തി. കോളജ് പ്രിന്‍സിപ്പല്‍ വി പ്രേംകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി പി സുലഭകുമാരി, മലയാള വിഭാഗം മേധാവി കെ അജിത, തമിഴ് വിഭാഗം അധ്യാപിക ടി എം സല്‍മ, വിദ്യാര്‍ഥിനിയായ രസിത തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it