നാടകോല്‍സവം ഇറ്റ്‌ഫോക് ; കാര്‍ണിവലായി അധപ്പതിക്കുന്നു: നാടകപ്രവര്‍ത്തകര്‍

തൃശൂര്‍: കേരളത്തിന്റെ അന്താരാഷ്ട്ര നാടകോല്‍സവം ഇറ്റ്‌ഫോക് കാര്‍ണിവലായി അധപ്പതിക്കുന്നതായി ആരോപണം. നല്ല നാടകമെന്ന സ്വപ്‌നത്തില്‍നിന്ന് മാറി ബാലെയും ഓപറെയും പോലുള്ള അവതരണങ്ങളാണ് ഉണ്ടാവുന്നതെന്നു നാടക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇറ്റ്‌ഫോകിന്റെ തുടര്‍ച്ചയായി നല്ല ഒരു നാടകം പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതേസമയം, അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഫലമെന്നോണം ചുരുങ്ങിയത് പത്തുപന്ത്രണ്ട് നവ ചലച്ചിത്രപ്രവര്‍ത്തകരുണ്ടായി. അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ചെലുത്തുന്ന സ്വാധീനംപോലെ ഇറ്റ്‌ഫോകിനുണ്ടാക്കാനാവുന്നില്ലെന്ന കാര്യത്തില്‍ പരിശോധന വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേവലം അക്കാദമിയുടെ പരിപാടിയായി മാറുകയും നാടകപ്രവര്‍ത്തകര്‍ക്ക് ഇടമില്ലാതാവുകയും ചെയ്ത സാഹചര്യത്തില്‍ ഒരു സാംസ്‌കാരിക ഇടപെടല്‍ ഉണ്ടാവണം. നാടകങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുള്ള സംവേദനക്ഷമതയാണ് പ്രധാനപ്പെട്ട ഒരു പ്രശ്‌നം. അതുകൊണ്ടാണ് ഓപറയും ബാലെയും പോലുള്ളവ തിരഞ്ഞെടുക്കപ്പെടുന്നത്. ചില താല്‍പര്യങ്ങളുള്ള സ്‌പോണ്‍സേര്‍ഡ് നാടകങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടകോല്‍സവത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ഇറ്റ്‌ഫോക് മലയാള അരങ്ങില്‍ എങ്ങനെ ഇടപെട്ടു എന്ന് അന്വേഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ സപ്ലിമെന്റ് 10 മുതല്‍ 16 വരെ പ്രസിദ്ധീകരിക്കും. ദിവസവും അവ പ്രേക്ഷകര്‍ക്കിടയില്‍ വിതരണം ചെയ്യും. ഇതോടൊപ്പം നാടകപ്രവര്‍ത്തകരുമായുള്ള സംവാദം, ബദല്‍ നാടകാവതരണം തുടങ്ങിയവയും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ സിവിക് ചന്ദ്രന്‍, കവി വി ജി തമ്പി, സംവിധായകന്‍ എം ജി ശശി, മാധ്യമപ്രവര്‍ത്തകന്‍ ഐ ഗോപിനാഥ്, നാടകപ്രവര്‍ത്തകന്‍ വി ആര്‍ അനൂപ് പങ്കെടുത്തു.
Next Story

RELATED STORIES

Share it