kozhikode local

നാടകീയതക്കൊടുവില്‍ അംബിക മംഗലത്ത് വീണ്ടും പ്രസിഡന്റ്

താമരശ്ശേരി: ഏറെ നാടകീയതക്കൊടുവില്‍ പുതുപ്പാടിയില്‍ അംബിക മംഗലത്ത് വീണ്ടും പ്രസിഡന്റായി ചുമതലയേറ്റു. ഇന്നലെ രാവിലെ പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു അംഗങ്ങള്‍ അംബിക അഴിമതിക്കരിയെന്ന്് ആരോപിച്ചു തിരഞ്ഞെടുപ്പില്‍ നിന്നും ഇറങ്ങിപ്പോയി. കഴിഞ്ഞ ശനിയാഴ്ചയും പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിലും എല്‍ഡിഎഫ് അംഗങ്ങള്‍ ആരും എത്താത്തതിനാല്‍ ഇന്നലെത്തേക്ക് റിട്ടേണിങ് ഓഫീസര്‍ മാറ്റിവെക്കുകയായിരുന്നു. ഇന്നലെയും തിരഞ്ഞെടുപ്പില്‍ നിന്നും ഇടത് അംഗങ്ങള്‍ പ്രതിഷേധിച്ചിറങ്ങിപ്പോയതോടെ അംബികയെ പ്രസിഡണ്ടായി റിട്ടേണിഗ് ഓഫീസര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇടതുമുന്നണി അധികാരത്തിലിരിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫിന്റെ അംഗങ്ങള്‍ മൂന്ന് വര്‍ഷത്തിനടയില്‍ പ്രസിഡണ്ട് പദവിയിലെത്തുന്നത് മൂന്നാം തവണ. പട്ടിക ജാതി സംവരണ പ്രസിഡണ്ട് പദവി ആയതിനാലും ഇടതില്‍ നിന്നും ഒരാളെയും ജയിപ്പിക്കാന്‍ സാധിക്കാത്തതിനാലും ആദ്യ ടേമില്‍ അംബികയെ സമന്വയത്തിലൂടെ പ്രസിഡണ്ടായി ഇടതുമുന്നണിയുടെ ആശീര്‍വാദത്തോടെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇടുമുന്നണിയുമായിള്ള അസ്വാരസ്യം ഇവര്‍ക്കെതിരില്‍ അവിശ്വാസ പ്രമേയത്തിനു വഴിവെച്ചു.
പ്രസിഡണ്ട് അതിനു മുമ്പ് തന്നെ രാജിവെച്ചതിനാല്‍ പ്രമേയം അവതരിപ്പിക്കേണ്ടിവന്നില്ല. ഇതിനെ തുടര്‍ന്ന് യുഡിഎഫിലെ തന്നെ ദലിത് ലീഗ് അംഗം കെകെ നന്ദകുമാര്‍ പ്രസിഡണ്ടായി. ഇദ്ദേഹം ഒന്നേ മുക്കാല്‍ വര്‍ഷക്കാലം അധികാരത്തിലിരുന്നു. സര്‍ക്കാര്‍ ഫാമില്‍ ജോലി ലഭിച്ചതോടെ രാജിവെക്കുകയായിരുന്നു.
ഇതാണ് ഇവിടെ വീണ്ടും പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു വഴിവെച്ചത്. ഇവരെ എല്‍ഡിഎഫ് അംഗങ്ങള്‍ അംഗീകരിക്കില്ലെന്ന സൂചന നല്‍കിയാണ് ഇന്നലെ വോട്ടെടുപ്പില്‍ നിന്നും ഇറങ്ങിപ്പോയത്. നിലവില്‍ ഇവര്‍ക്കെതിരില്‍ രണ്ട് അഴിമതി കേസ് ഉണ്ടെന്ന് ഇടത് അംഗങ്ങള്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് പകരമായി യുഡിഎഫിലെ തന്നെയുള്ള മറ്റൊരു ദലിത് അംഗത്തെ അംഗീകരിക്കാന്‍ ഒരുക്കമാണെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. ഇതോടെ പുതുപ്പാടിയില്‍ രണ്ടാമുഴത്തിലും അംബികയുടെ കസേര തെറിക്കുമെന്ന പക്ഷമാണ് യുഡിഎഫ് അംഗങ്ങള്‍ക്കുപോലും.
Next Story

RELATED STORIES

Share it