Flash News

നാഗ്പൂരും ജിനാനും ഇനി സഹോദരീ നഗരങ്ങള്‍

നാഗ്പൂര്‍: ചൈനയിലെ ജിനാന്‍ നഗരവും നാഗ്പൂരും ഇനി സഹോദരീ നഗരങ്ങള്‍. വിദ്യാഭ്യാസം, കായികം, യുവജനകാര്യം തുടങ്ങി നിരവധി മേഖലകളില്‍ സഹകരണം ലക്ഷ്യം വച്ച് ഇരുനഗരങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചു.
നാഗ്പൂര്‍ നഗരസഭാ കമ്മീഷണര്‍ ശരവന്‍ നാര്‍ദികറും ജിനാന്‍ മുനിസിപ്പല്‍ പീപിള്‍സ് കോണ്‍ഗ്രസ് ഡയറക്ടര്‍ ഷു ചാങ് യുവും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. നാഗ്പൂര്‍ മേയര്‍ പര്‍വിന്‍ ദത്‌കെയുടെയും നിരവധി ചൈനീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. [related]
ഇരു നഗരങ്ങളും തമ്മില്‍ സഹകരണം നടത്താവുന്ന നിരവധി മേഖലകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ വിശദീകരിച്ചു.വിദ്യാഭ്യാസം, നദീസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ജിനാന്‍ നഗരാധികൃതര്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് ഷു ചാങ് യു വിശദീകരിച്ചു. നാഗ്പൂരില്‍ നിന്നു പഠനത്തിനായി വിദ്യാര്‍ഥികളെ ജിനാനിലേക്ക് അയക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
അഞ്ചു വര്‍ഷത്തെ കാലാവധിയുള്ള കരാറാണ് ഇപ്പോള്‍ ഒപ്പുവച്ചത്. കാലാവധി അഞ്ചുവര്‍ഷം കൂടി അധികമായി ദീര്‍ഘിപ്പിക്കാനും സാധ്യമാണ്.കിഴക്കന്‍ ചൈനയിലെ ശാണ്‍ണ്ടോങ് പ്രവിശ്യയുടെ തലസ്ഥാനമായ ജിനാന്‍ 30 ലക്ഷം ജനങ്ങളുള്ള നഗരമാണ്.
Next Story

RELATED STORIES

Share it