നാഗ്പൂരിലെ കുറുവടി പൂണൂല്‍ മഹാസഖ്യം

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
ശഠനോട് ശാഠ്യം എന്നതാണ് പ്രാചീന ഭാരതീയ രീതി. എന്നുവച്ചാല്‍             കണ്ണിനു കണ്ണ്, പല്ലിനു പല്ല്, ചോരയ്ക്കു ചോര ലൈന്‍. അത് ക്രിസ്തുവിന്റെയും  മഹാത്മാഗാന്ധിയുടെയും ലൈനില്‍ നിന്നു വ്യത്യസ്തമാണ്. ക്രിസ്തുവാണ് ഇടത്തേ ചെകിടത്ത് അടി കിട്ടിയാല്‍ വലത്തേ ചെകിടും കാണിച്ചുകൊടുക്കണമെന്നു പറഞ്ഞത്. ഗാന്ധിജി അത്രവരെ പോയില്ലെങ്കിലും അതിക്രമങ്ങളോട് അക്രമരഹിതമായി പ്രതികരിക്കണം എന്നാണ് പറഞ്ഞത്.
നാഗ്പൂരിലെ നിക്കര്‍വാലകള്‍ ക്രിസ്തുവിന്റെയോ ഗാന്ധിജിയുടെയോ ശിഷ്യരാണെന്ന് അവരുടെ എതിരാളികള്‍ പോലും അപവാദം പറയുകയില്ല. അവര്‍ കാക്കി നിക്കറിട്ട് കവാത്തു നടത്തുന്നതും കുറുവടി വീശി എങ്ങനെ അപരന്റെ തലമണ്ട തല്ലിപ്പൊട്ടിക്കണമെന്നു പഠിക്കുന്നതും ഇടത്തേ ചെകിടില്‍ കിട്ടിയ അടി വലത്തുകൂടി ഏറ്റുവാങ്ങാനുള്ള സദുദ്ദേശ്യത്തോടു കൂടിയല്ല.
സംശയമുള്ളവര്‍ക്ക് കുറുവടിയുമായി നാട്ടിലിറങ്ങിയ സംഘസംഹാരകരുടെ പ്രവര്‍ത്തനചരിത്രം നോക്കിയാല്‍ മതി. അവര്‍ സമയവും സന്ദര്‍ഭവും നോക്കി വേഷം മാറും. സംഘങ്ങള്‍ പലതായി അവതരിക്കും. എല്ലാം പക്ഷേ, ഒരേ സ്രോതസ്സില്‍ നിന്നു വരുന്നതുമായിരിക്കും.
അതുകൊണ്ടാണ് കുറുവടി സംഘവുമായി യാതൊരു ഒത്തുതീര്‍പ്പിനും പോവാതിരിക്കുകയെന്ന പ്രാഥമിക പാഠം രാജ്യത്തെ മതേതരവാദികളായ എല്ലാവരും ആദ്യമേ പഠിച്ചത്. എന്നുവച്ച് അവരെ വഴിയില്‍ കണ്ടാല്‍ സലാം പാടില്ലെന്നോ ഒരു വിവാഹസദ്യയില്‍ കുറുവടിക്കാരനെ കണ്ടാല്‍ ഉടന്‍ പ്രതിഷേധസൂചകമായി ഇറങ്ങിപ്പോവണമെന്നോ അല്ല പറയുന്നത്. പക്ഷേ, സുരക്ഷിതമായ ഒരു അകലം പാലിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ എപ്പോഴാണ് പിന്നാമ്പുറത്തു നിന്നും കുറുവടി തലമണ്ടയില്‍ വന്നു പതിക്കുന്നതെന്ന് ഉറപ്പിച്ചുപറയാനാവില്ല.
ഇത് അറിയാത്തവരല്ല കോണ്‍ഗ്രസ്സുകാര്‍. പക്ഷേ, കോണ്‍ഗ്രസ്സില്‍ പലരും പകല്‍ ഖദര്‍ധാരികളും രാത്രി കാക്കിനിക്കറുകാരും ആണെന്നത് ഒരു ചരിത്രവസ്തുതയാണ്. അതിനു കാരണം, പലരുടെ ഉള്ളിലും കിടന്നു തിളയ്ക്കുന്ന വര്‍ഗീയതയും പരമത വിരോധവും ഒക്കെയാവണം. അത് പുതിയ കാര്യമല്ല. സ്വാതന്ത്ര്യസമരകാലത്ത് ജിന്നയുമായി ഒരു ഇടപാടുമില്ലെന്നു ശഠിച്ച കൂട്ടരാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാജ്യം വിഭജിക്കുന്നത് ഒഴിവാക്കാന്‍ കാബിനറ്റ് മിഷന്‍ ഇന്ത്യയും പാകിസ്താനും അടങ്ങുന്ന ഫെഡറല്‍ സംവിധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നുവച്ചാല്‍, ജിന്നയ്ക്കു ജിന്നയുടെ ഭരണം, നെഹ്‌റുവിനും പട്ടേലിനും ഭരിക്കാന്‍ വേറൊരു പ്രദേശം. രണ്ടും പക്ഷേ, ഒന്നിച്ചൊരു കൊടിക്കീഴില്‍. വിദേശകാര്യം, നാണയം, പ്രതിരോധം തുടങ്ങിയ കാര്യങ്ങള്‍ ഒന്നിച്ച്; ബാക്കി കാര്യങ്ങള്‍ അപ്‌നാ അപ്‌നാ.
പക്ഷേ, ജിന്നയുമായി ഒരു സഹവാസവും വേണ്ടെന്നാണ് നേതൃത്വം അന്നു തീരുമാനമെടുത്തത്. ഗാന്ധിജിക്ക്                     എതിര്‍പ്പായിരുന്നു. പക്ഷേ, നാടു വെട്ടിമുറിച്ചായാലും പാകിസ്താന്റെ തലവേദന തീര്‍ക്കണമെന്നായിരുന്നു നെഹ്‌റു-പട്ടേല്‍ ഐക്യമുന്നണിയുടെ നിലപാട്.
പട്ടേലും കാക്കിനിക്കറുകാരും തമ്മില്‍ അന്നേ അല്ലറചില്ലറ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഗാന്ധിജിയെ ഗോഡ്‌സെ കൊന്നതോടെ തല്‍ക്കാലം ആ സൗഹൃദം പോയി. ആര്‍എസ്എസിനെ നിരോധിച്ചു. കാലം കഴിഞ്ഞപ്പോള്‍ നിരോധനം ആവിയായി.
എന്നാലും, നാഗ്പൂരിലെ സദ്യയുണ്ണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും അങ്ങോട്ടു കേറിച്ചെന്നതായി ചരിത്രമില്ല. ആര്‍എസ്എസ് ആര്‍എസ്എസിന്റെ വഴിക്ക്; കോണ്‍ഗ്രസ് കോണ്‍ഗ്രസ്സിന്റെ വഴിക്ക്. രണ്ടും രണ്ടു വഴി.
ഇപ്പോള്‍ സമുന്നത കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജി കുറുവടിക്കവാത്തില്‍ മുഖ്യാതിഥിയായി അവരുടെ സല്യൂട്ട് ഏറ്റുവാങ്ങാന്‍ നാഗ്പൂരില്‍ എത്തിയിരിക്കുന്നു. അവിടെ അദ്ദേഹം ദേശീയതയെക്കുറിച്ചുമൊക്കെ പ്രസംഗിച്ചു. വസുധൈവ കുടുംബകം എന്നൊക്കെ വായ്ത്താരി അടിച്ചു.
വെട്ടുപോത്തിനോട് വേദമോദിയിട്ട്            എന്തു കാര്യം എന്ന ലളിതമായ ഒരു ചോദ്യം ഒരുപക്ഷേ, മഹാപണ്ഡിതനായ പ്രണബ് ബാബുവും കേട്ടിരിക്കണം. പക്ഷേ, മഹാ കുറുക്കനായ ബംഗാളി ബ്രാഹ്മണന്‍ അതു കേട്ടഭാവം നടിക്കുന്നില്ല. 'അച്ഛാ, അങ്ങോട്ടു പോവരുത്'                എന്ന് സ്വന്തം മകള്‍ ട്വിറ്ററില്‍ അഭ്യര്‍ഥിച്ചതും അദ്ദേഹം കേട്ടുകാണണം.                        എന്നാല്‍, കേട്ടഭാവം നടിച്ചില്ല.
എല്ലാ മഹാസാഗരങ്ങളും ഏതെങ്കിലും ഒരു കോണില്‍ സംഗമിക്കുന്നുണ്ട് എന്നാണു കേള്‍വി. ബ്രാഹ്മണ്യത്തിന്റെ കാര്യത്തിലും അതുതന്നെയാവണം സത്യം.             മഹാരാഷ്ട്രയിലെ ചിത്പവന്‍ ബ്രാഹ്മണനും ബംഗാളിലെ മഹാ ബ്രാഹ്മണനും ഒന്നിച്ചുചേരുമ്പോള്‍ അണ്ടനും അടകോടനും എന്തു കാര്യം?                 ി
Next Story

RELATED STORIES

Share it