നാഗ്ജി: ഫെബ്രുവരി 5ന് പന്തുരുളും; റൊണാള്‍ഡിഞ്ഞോ എത്തും

കോഴിക്കോട്: നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 5ന് ആരംഭിക്കും. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ജര്‍മനി, സ്‌പെയിന്‍, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പ്രമുഖ ടീമുകള്‍ കളിക്കളത്തിലിറങ്ങും. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ പ്രശസ്ത ഫുട്‌ബോളര്‍ റൊണാള്‍ഡിഞ്ഞോ ഉദ്ഘാടനത്തിന് എത്തും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമായിരിക്കും ഇത്. ഫെബ്രുവരി ഒന്നോടുകൂടി ടീമുകള്‍ എത്തിത്തുടങ്ങും.
കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണ്ട്യാല്‍ സ്‌പോര്‍ട്‌സും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. സൗദിയില്‍ ഇരുപത് വര്‍ഷമായി ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചുവരുന്ന കമ്പനി ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കു വേണ്ടി രണ്ടു വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തെക്കേ അമേരിക്കയിലെയും യൂറോപ്പിലെയും പ്രശസ്തരായ ഏഴ് ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന ഇന്ത്യയിലെ ആദ്യ ടൂര്‍ണമെന്റാണ് ഇതെന്ന് സംഘാടകര്‍ പറഞ്ഞു.
കേരളീയര്‍ നെഞ്ചേറ്റിയ സേഠ് നാഗ്ജി ടൂര്‍ണമെന്റിന്റെ തുടര്‍ച്ചയെന്നോണമാണ് നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 1952ല്‍ കോഴിക്കോട്ട് ആരംഭിച്ച സേഠ് നാഗ്ജി ട്രോഫിക്കായുള്ള മല്‍സരം മലയാളിയുടെ ഫുട്‌ബോള്‍ ആവേശം കൊടുമുടിയിലെത്തിക്കുന്നതില്‍ വലിയ പങ്കാണു വഹിച്ചത്.
വിവിധ രാജ്യങ്ങള്‍ മല്‍സരത്തിനെത്താറുണ്ടായിരുന്ന ടൂര്‍ണമെന്റ് 21 വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. നാല് ടീമുകളുള്ള ഗ്രൂപ്പുകളായി തിരിച്ച് 12 ദിവസത്തെ ലീഗ് മല്‍സരങ്ങള്‍ക്കു ശേഷം 21നായിരിക്കും ഫൈനല്‍. വാര്‍ത്താസമ്മേളനത്തില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ, മോണ്ട്യാല്‍ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഹിഫ്‌സുര്‍ റഹ്മാന്‍, കെഡിഎഫ്എ സെക്രട്ടറി പി ഹരിദാസ്, വൈസ് പ്രസിഡന്റ് കുട്ടിശങ്കരന്‍, ഖജാഞ്ചി പി പ്രിയേഷ് കുമാര്‍, ടി പി ദാസന്‍, മോണ്ട്യാല്‍ സ്‌പോര്‍ട്‌സ് സിഇഒ അംജദ് ഹസന്‍, വൈസ് ചെയര്‍മാന്‍ അബ്ദുര്‍ റഹ്മാന്‍, ബേബി, അനീസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it