നാഗ്ജി ട്രോഫി: പ്രതീക്ഷ കാത്ത് വാട്‌ഫോര്‍ഡ്

എപി ഷഫീഖ്

കോഴിക്കോട്: നാഗ്ജി കപ്പ് ഫൂട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയത്തോടെ ഇംഗ്ലണ്ടില്‍ നിന്നുള്ള വാട്ട്‌ഫോര്‍ഡ് റിസര്‍വ്‌സ് സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന രണ്ടാം റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ റുമാനിയയില്‍ നിന്നുള്ള റാപിഡ് ബുക്കറെസ്റ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് വാട്ട്‌ഫോര്‍ഡ് സെമി സാധ്യത നിലനിര്‍ത്തിയത്. ആദ്യ മല്‍സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ പരാനെന്‍സ് റിസര്‍വ്‌സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വാട്ട്‌ഫോര്‍ഡ് പരാജയപ്പെട്ടിരുന്നു.
അതേസമയം, വാട്ട്‌ഫോര്‍ഡിനോടേറ്റ തോല്‍വിയോടെ ബുക്കറെസ്റ്റിയുടെ സെമി ഫൈനല്‍ സാധ്യത തുലാസിലായി. രണ്ടു മല്‍സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രം നേടിയ ബുക്കറെസ്റ്റിക്ക് ശക്തരായ അത്‌ലറ്റികോയ്‌ക്കെതിരേയാണ് ഇനി മല്‍സരം ശേഷിക്കുന്നത്. ഈ മല്‍സരത്തില്‍ ജയിക്കാനായാലും കണക്കുകളൂടെ കളി കൂടി അനുകൂലമായാല്‍ മാത്രമേ ബുക്കറെസ്റ്റിക്ക് സെമി ഫൈനല്‍ സ്വപ്‌നം കാണാനാവുകയുള്ളൂ. നേരത്തെ ആദ്യ മല്‍സരത്തില്‍ ഉക്രെയ്‌നില്‍ നിന്നുള്ള വോളിന്‍ ലുട്‌സ്‌കിനോട് 1-1ന് ബുക്കറെസ്റ്റി സമനില വഴങ്ങിയിരുന്നു.
ബുക്കറെസ്റ്റിക്കെതിരേ ഇരുപകുതികളിലായി ഓരോ ഗോള്‍ നേടിയാണ് വാട്ട്‌ഫോര്‍ഡ് മല്‍സരം തങ്ങളുടെ വരുതിയിലാക്കിയത്. അലെക്‌സ് ജാക്കുബയ്ക്ക് (23ാം മിനിറ്റ്), ബെര്‍നാര്‍ഡ് മെന്‍ഷാ (57) എന്നിവരാണ് വാട്ട്‌ഫോര്‍ഡിനു വേണ്ടി വലകുലുക്കിയത്. മല്‍സരത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ബുക്കറെസ്റ്റിയെ നിര്‍ഭാഗ്യം പിടികൂടിയപ്പോള്‍ വാട്ട്‌ഫോര്‍ഡിനൊപ്പമായിരുന്നു ഇന്നലെ ഭാഗ്യം നിന്നത്.
കളിയുടെ തുടക്കത്തില്‍ ബുക്കറെസ്റ്റിക്കായിരുന്നു മുന്‍തൂക്കം. മൂന്നാം മിനിറ്റില്‍ തന്നെ ബുക്കറെസ്റ്റി കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നേറ്റം നടത്തിയെങ്കിലും ഫലംകണ്ടില്ല. 11ാം മിനിറ്റില്‍ വാട്ട്‌ഫോര്‍ഡ് താരത്തിന്റെ ക്രോസ് ഗോള്‍കീപ്പര്‍ ബോട്ടസ് പോള്‍ കൈയ്യിലൊതുക്കി. തൊട്ടടുത്ത മിനിറ്റില്‍തന്നെ ബുക്കറെസ്റ്റി മറ്റൊരു മികച്ച നീക്കം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ബുക്കറെസ്റ്റി താരം ട്രാന്‍ഡു റസ്‌വാന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് വാട്ട്‌ഫോര്‍ഡ് പ്രതിരോധനിര താരം ജോറല്‍ ജോണ്‍സന്‍ ക്ലിയര്‍ ചെയ്യുകയായിരുന്നു. തൊട്ടയുടനെ ലഭിച്ച കോര്‍ണര്‍ കിക്കും ബുക്കറെസ്റ്റി പാഴാക്കി. 18ാം മിനിറ്റില്‍ റായിക്കു ക്രിസ്റ്റ്യന്‍ തൊടുത്ത ഷോട്ട് യുലിയന് റീബൗണ്ടായി ലഭിച്ചെങ്കിലും വാട്ട്‌ഫോര്‍ഡ് ഗോളി ലുക്കെ സിംപ്‌സന്‍ സേവ് ചെയ്തു.
ആദ്യ അവസരം ലക്ഷ്യത്തിലെത്തിച്ച് വാട്ട്‌ഫോര്‍ഡ്
ബുക്കറെസ്റ്റി അവസരങ്ങള്‍ പാഴാക്കി കളഞ്ഞപ്പോള്‍ കിട്ടിയ ഗോളിനുള്ള ആദ്യ സുവര്‍ണാവസരം തന്നെ വാട്ട്‌ഫോര്‍ഡ് ലക്ഷ്യത്തിലെത്തിച്ചു. 23ാംമിനിറ്റില്‍ ജോര്‍ജ് ബയേര്‍സെടുത്ത കോര്‍ണര്‍കിക്ക് മെന്‍ഷാ മനോഹരമായി ഹെഡ്ഡര്‍ ചെയ്‌തെങ്കിലും ബുക്കറെസ്റ്റി ഗോള്‍കീപ്പര്‍ ബോക്‌സിനുള്ളില്‍ തന്നെ തടുത്തിട്ടു. പന്ത് റീബൗണ്ടായി ലഭിച്ചത് അലെക്‌സിന്. അലെക്‌സ് അനായാസം ലക്ഷ്യംകണ്ടു. 43ാം മിനിറ്റില്‍ ഗോള്‍ മടക്കാനുള്ള അവസരം ബുക്കറെസ്റ്റി നഷ്ടപ്പെടുത്തി. മികച്ച നീക്കത്തിനൊടുവില്‍ ത്രൂ പാസ് സ്വീകരിച്ച മാര്‍ട്ടിന്‍ മഡലിന്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും വാട്ട്‌ഫോര്‍ഡ് ഗോളി തട്ടിയകറ്റുകയായിരുന്നു. ഒന്നാം പകുതിയിലെ അവസാന മിനിറ്റുകളില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ബുക്കറെസ്റ്റിയുടെ എല്ലാം ശ്രമങ്ങളും വാട്ട്‌ഫോര്‍ഡ് ഗോളിയും താരങ്ങളും വിഫലമാക്കി.
ബുക്കറെസ്റ്റിയെഭാഗ്യം കൈവിട്ടു
ആദ്യപകുതിക്കു സമാനമായിരുന്നു രണ്ടാംപകുതിയും. മികച്ച കളി പുറത്തെടുക്കാനായിട്ടും ബുക്കറെസ്റ്റിക്ക് ഗോളോന്നും നേടാനായില്ല. ഇതിനിടയില്‍ കാണികളെ ആവേശത്തിലാഴ്ത്തി വാട്ട്‌ഫോര്‍ഡ് രണ്ടാം ഗോളും നേടി. 57ാം മിനിറ്റിലായിരുന്നു മല്‍സരത്തിലെ രണ്ടാം ഗോള്‍ പിറവിയെടുത്തത്. ബയേര്‍സെടുത്ത കോര്‍ണര്‍കിക്ക് സ്വീകരിച്ച മെന്‍ഷാ മനോഹരമായ ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ നേടി ഒരു മിനിറ്റിനകം ടാക്ലിങിന് ഇരയായ മെന്‍ഷയെ കോച്ച് തിരിച്ചുവിളിക്കുകയും ചെയ്തു. പിന്നീട് ഗോളിനായി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വാട്ട്‌ഫോര്‍ഡിന്റെ ഗോള്‍വല കുലുക്കാനായില്ല.
Next Story

RELATED STORIES

Share it