നാഗ്ജി ട്രോഫി: ''ഇഞ്ചുറി ചതിച്ചു''; അര്‍ജന്റീന പുറത്തേക്ക്

പി എന്‍ മനു

കോഴിക്കോട്: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കുഞ്ഞനുജന്‍മാര്‍ നാഗ്ജി ട്രോഫിയുടെ സെമി ഫൈനല്‍ പോലും കാണാതെ മടങ്ങുന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ ഗ്ലാമര്‍ ടീമായ അര്‍ജന്റീന ടൂര്‍ണമെന്റില്‍ നിന്നു പുറത്താവലിന്റെ വക്കിലെത്തി. ഇനി അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അവര്‍ക്കു സെമിയിലെത്താന്‍ സാധിക്കൂ.
അവസാനമല്‍സരത്തില്‍ വന്‍ മാര്‍ജിനില്‍ ജയിക്കുന്നതോടൊപ്പം മറ്റു മല്‍സരഫലങ്ങളും ആശ്രയിച്ചാവും അര്‍ജന്റീനയുടെ ഭാവി. ഇന്നലെ നടന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ ഉക്രെയ്‌നില്‍ നിന്നുള്ള നിപ്രോയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീനയുടെ കഥകഴിച്ചത്. ഇഞ്ചുറിടൈമിലാണ് രണ്ടു ഗോളും പിറന്നത്. 91ാം മിനിറ്റില്‍ യുറി വകുല്‍ക്കോയിലൂടെ ലീഡ് കണ്ടെത്തിയ നിപ്രോ മൂന്നു മിനിറ്റുകള്‍ക്കകം വിതാലി കിര്‍യേവിലൂടെ രണ്ടാം ഗോളും നിക്ഷേപിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ നിപ്രോ സെമിയില്‍ സ്ഥാനമുറപ്പിച്ചു. ആദ്യ മല്‍സരത്തില്‍ ഷാംറോക്ക് റോവേഴ്‌സിനെയും നിപ്രോ 2-0ന് തകര്‍ത്തിരുന്നു.
കളിയുടെ ആദ്യപകുതി കാണികളെ ശരിക്കും മുഷിപ്പിച്ചപ്പോള്‍ രണ്ടാംപകുതി തീപാറി. പ്രത്യേകിച്ചും അവസാന അരമണിക്കൂര്‍. കണ്ണടച്ചുതുറക്കും മുമ്പാണ് പന്ത് ഇരുഗോള്‍മുഖത്തും കയറിയിറങ്ങിയത്. കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത് നിപ്രോയ്ക്ക് തന്നെയായിരുന്നു. ആദ്യപകുതിയില്‍ അര്‍ജന്റീനയ്ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ രണ്ടാംപകുതിയില്‍ നിപ്രോ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. നിരവധി ആരാധകരാണ് അര്‍ജന്റീന ടീമിന്റെ പതാകയുമായി മല്‍സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.
ബോറടിപ്പിച്ച് ആദ്യപകുതി
മെസ്സിയുടെ നാട്ടുകാരായ അര്‍ജന്റീനയുടെ മിന്നുന്ന പ്രകടനം ആസ്വദിക്കാനെത്തിയ കാണികളെ നിരാശപ്പെടുത്തുന്നതായിരുന്നു ആദ്യപകുതി. പന്തടക്കത്തില്‍ അര്‍ജന്റീന നേരിയ മുന്‍തൂക്കം സ്ഥാപിച്ചെങ്കിലും ഹരം കൊള്ളിക്കുന്ന ഒരു നീക്കമോ ഷോട്ടോ അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. നിപ്രോയുടെ ബോക്‌സിനുള്ളില്‍ കയറുന്നതില്‍ വിയര്‍ത്തതോടെ ലോങ്‌റേഞ്ച് ഷോട്ടുകളിലൂടെയാണ് അര്‍ജന്റീന ഭാഗ്യം പരീക്ഷിച്ചത്. നിപ്രോയാവട്ടെ കൗണ്ടര്‍അറ്റാക്കിങിലൂന്നിയുള്ള ശൈലിയാണ് സ്വീകരിച്ചത്.
11ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ ഭാഗത്തു നിന്ന് ആദ്യ നീക്കമുണ്ടായത്. ഡിഫന്റര്‍മാര്‍ക്കിടയിലൂടെ പന്തുമായി ബോക്‌സിലേക്ക് പറന്നെത്തി റോഡ്രിഗോ ഇസ്‌കോ ഇടതുമൂലയിലേക്ക് നല്‍കിയ ത്രൂബോള്‍ അര്‍ജന്റീന താരങ്ങള്‍ കണക്ട് ചെയ്യുംമുമ്പ് നിപ്രോ പ്രതിരോധം ക്ലിയര്‍ ചെയ്തു.
13ാം മിനിറ്റില്‍ അര്‍ജന്റീന വീണ്ടുമൊരു ഗോള്‍ ശ്രമം നടത്തി. അലന്‍ സോസയാണ് ലോങ്‌റേഞ്ചറിലൂടെ ഗോള്‍ നേടാന്‍ ശ്രമിച്ചത്. എന്നാല്‍ താരത്തിന്റെ ഷോട്ട് നിപ്രോ ഗോളി ഇഹര്‍ വര്‍ത്‌സബ അനായാസം തടുത്തിട്ടു. തുടര്‍ന്നു ലാറ്റിനമേരിക്കന്‍ അതികായന്‍മാരായ അര്‍ജന്റീനയുടെ യുവനിരയുടെ ആധിപത്യമാണ് കണ്ടത്. ഇരുവിങുകളിലൂടെയും അര്‍ജന്റീനയുടെ നീലക്കുപ്പായക്കാര്‍ മുന്നേറ്റങ്ങള്‍ നടത്തി. പ്രതിരോധിച്ച് നിന്ന് പന്ത് ലഭിക്കുമ്പോള്‍ കൗണ്ടര്‍അറ്റാക്ക് നടത്തുകയെന്ന തന്ത്രമാണ് നിപ്രോ പരീക്ഷിച്ചത്.
ആദ്യപകുതിയില്‍ നിപ്രോയ്ക്ക് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. ഇടതുവിങില്‍ നിന്ന് ഡിഫന്ററെ സമര്‍ഥമായി കബളിപ്പിച്ച് യുറി വകുല്‍ക്കോ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് അര്‍ജന്റീന പ്രതിരോധത്തില്‍ തട്ടി നേരിയ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു.
ആവേശം വാനോളം
ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതി കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. രണ്ടാംപകുതിയില്‍ നിപ്രോയും ഗോളിനായി ആക്രമണങ്ങള്‍ മെനഞ്ഞതോടെ മല്‍സരം തീപാറി. നിപ്രോയുടെ മുന്നേറ്റത്തോടെയാണ് രണ്ടാംപകുതി തുടങ്ങിയത്. 48ാം മിനിറ്റില്‍ അര്‍ജന്റീന ഗോളി ഫകുന്‍ഡോ ഫെരേരയുടെ സമര്‍ഥമായ ഇടപെടലാണ് നിപ്രോയെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞത്. പിന്നീട് ലോങ് പാസുകളിലൂടെ നിപ്രോ അര്‍ജന്റീനയെ സമ്മര്‍ദ്ദത്തിലാക്കി.
മല്‍സരം ഗോള്‍രഹിതമായി അവസാനിക്കുമെന്ന് ഏവരും കരുതിയിരിക്കെയാണ് നിപ്രോയുടെ ഇരട്ടപ്രഹരം. 91ാം മിനിറ്റില്‍ നിപ്രോ താരം ബോഡന്‍ ലിയേഡിനേവിന്റെ ഫ്രീകിക്ക് അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. റീബൗണ്ട് ചെയ്ത പന്തുമായി ബോക്‌സിനുള്ളിലേക്ക് നുഴഞ്ഞുകയറിയ വകുല്‍ക്കോ ഗോളിയെയും വെട്ടിയൊഴിഞ്ഞ് ഒഴിഞ്ഞ വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.
ഫൈനല്‍ വിസിലിന് സെക്കന്റുകള്‍ ബാക്കിനില്‍ക്കെ നിപ്രോ വീണ്ടും ലക്ഷ്യംകണ്ടു. കൗണ്ടര്‍അറ്റാക്കില്‍ നിന്നായിരുന്നു ഗോള്‍. അര്‍ജന്റീന താരങ്ങള്‍ മുഴുവനും നിപ്രോ ഹാഫിലായിരുന്നു. അവസരം മുതലെടുത്ത് വകുല്‍ക്കോ നല്‍കിയ ലോങ് ബോളുമായി ഒറ്റയ്ക്ക് ബോക്‌സിനുള്ളിലെത്തിയ കിര്‍യേവ് ഗോളിയെ കബളിപ്പിച്ച് വലകുലുക്കി.
Next Story

RELATED STORIES

Share it