kozhikode local

നാഗ്ജി ടൂര്‍ണമെന്റ്: അനൗണ്‍സ്‌മെന്റിനും രാജ്യാന്തര സ്‌റ്റൈല്‍

കോഴിക്കോട്: ഗ്യാലറികളിലെ ഫുട്‌ബോള്‍ കൊതിയന്മാര്‍ക്ക് ആവേശം വിളമ്പിയ അനൗണ്‍സ്‌മെന്റിന് കാതോര്‍ക്കുകയായിരുന്നു നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളികാണാനെത്തിയ ജനക്കൂട്ടം.
നാഗ്ജി ടൂര്‍ണമെന്റ് രാജ്യാന്തര ഫുട്‌ബോളായതോടെ സ്‌റ്റേഡിയത്തിന്റെ നാലു ദിക്കുകളെയും പ്രകമ്പനംകൊള്ളിച്ചുകൊണ്ടുള്ള മുഴങ്ങുന്ന ശബ്ദത്തിലുള്ള അനൗണ്‍സ്‌മെന്റിലും മാറ്റംവന്നു. വര്‍ഷങ്ങളോളം ഫുട്‌ബോള്‍ മൈതാനങ്ങളിലെ മുഴങ്ങുന്ന ശബ്ദക്കാരന്‍ സേതുവിന്റെ ശബ്ദം ഈതവണ സ്‌റ്റേഡിയത്തില്‍ ഉണ്ടായില്ല.ഫുട്‌ബോള്‍ കളിയിലെ ആവേശോജ്ജ്വല മുഹൂര്‍ത്തങ്ങളില്‍ എരിവും പുളിയും ചേര്‍ത്തുള്ള സേതുവിന്റെ പരസ്യപ്രക്ഷേപണം കളിക്കളങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു. നാഗ്ജിക്കും സന്തോഷ് ട്രോഷിയുമെല്ലാം കളിയാരംഭത്തിന്റെ വിസില്‍ മുഴങ്ങുന്നതുവരെയും അന്ന് കളിക്കളത്തിലിറങ്ങുന്ന പ്രഗല്‍ഭ കളിക്കാരെക്കുറിച്ചുള്ള വിവരങ്ങളും ഒപ്പം നടക്കാനിരിക്കുന്ന കളിയെക്കുറിച്ചുള്ള മുന്‍കൂര്‍ കളിവര്‍ണ്ണനയും സേതുവിന്റെ മാത്ര തൊണ്ടയില്‍ നിന്നും പുറത്തുവരുന്നതായിരുന്നു.
1978 മുതല്‍ കേരളത്തിനകത്തെ പ്രഗല്‍ഭ ടൂര്‍ണമെന്റുകളിലും സെവന്‍സ് ടൂര്‍ണമെന്റുകളിലും കടലുണ്ടിക്കാരന്‍ സേതുവിന്റേതായിരുന്നു അനൗണ്‍സ്‌മെന്റ്.
എന്നാല്‍ ഇക്കുറി അന്താരാഷ്ട്ര നാഗ്ജി ക്ലബ്ബ് ടൂര്‍ണമന്റില്‍ കാലത്തിനൊത്ത മാറ്റം അനൗണ്‍സ്‌മെന്റിലും അരങ്ങേറുകയാണ്. പുരുഷന്റെ ഘനഗംഭീര്യ ശബ്ദത്തെ മാറ്റി പകരം വനിതയുടെ ശബ്ദത്തിലാണ് അനൗണ്‍സ്‌മെന്റ്. സംഗീതം പോലെ മധുര ശബ്ദത്തിലുള്ളതാണ് അനൗണ്‍സ്‌മെ ന്റ. എന്നാല്‍ ഗ്യാലറിയെ പിടിച്ചുകുലുക്കാന്‍ ഈ ശബ്ദസൗകുമാര്യത്തിനാവില്ലെന്ന് ശ്രോതാക്കളും മൊഴിയുന്നുണ്ട്.
കലാശക്കളിക്കെങ്കിലും പഴയകാല ഓര്‍മ്മകളുണര്‍ത്തുന്ന സേതുവിനെ പോലുള്ള അനൗണ്‍സര്‍മാരെക്കൊണ്ട് രണ്ടു കസറന്‍ ഡയലോഗ് കാച്ചിക്കിട്ടിയാല്‍ കളികാണാനെത്തുന്നവര്‍ക്ക് അത് മറ്റൊരു ആവേശമാകും.
Next Story

RELATED STORIES

Share it