നാഗ്ജി കപ്പ്: നിപ്രോ രണ്ടടിച്ചു; റോക്ക് തകര്‍ന്നു

പി എന്‍ മനു

കോഴിക്കോട്: കഴിഞ്ഞ സീസണിലെ യൂറോപ ലീഗിലെ മാസ്മരിക പ്രകടനത്തിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച ഉക്രെയ്ന്‍ ടീം എഫ്‌സി നിപ്രോ കോഴിക്കോട്ടും വിജയനൃത്തം ചവിട്ടി. നാഗ്ജി അന്താരാഷ്ട്ര ക്ലബ്ബ് ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ കളിയില്‍ ജയം കൊയ്താണ് നിപ്രോ മലയാളമണ്ണിലും സാന്നിധ്യമറിയിച്ചത്.
ഗ്രൂപ്പ് ബി മല്‍സരത്തില്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഷാംറോക്ക് റോവേഴ്‌സിനെ നിപ്രോ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ക്കുകയായിരുന്നു. ആദ്യപകുതിയില്‍ വഌഡിസ്ലാവ് കൊക്കെര്‍ഗിനും രണ്ടാംപകുതിയില്‍ പകരക്കാരനായി ഇറങ്ങിയ വിതാലി കിര്‍യേവും നിപ്രോയ്ക്കായി നിറയൊഴിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇരുടീമിന്റെയും ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.
യൂറോപ്യന്‍ ടീമുകളുടെ പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായ മല്‍സരം പക്ഷേ പ്രതീക്ഷയ്‌ക്കൊത്തുര്‍ന്നതായിരുന്നില്ല. ആദ്യപകുതിയില്‍ നിപ്രോ മേല്‍ക്കൈ കാണിച്ചപ്പോള്‍ രണ്ടാംപകുതിയില്‍ ഷാംറോക്കും തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ നിപ്രോയെപ്പോലെ മൂര്‍ച്ചയുള്ള നീക്കങ്ങളൊന്നും ഷാംറോക്കില്‍ നിന്നുണ്ടായില്ല. മല്‍സരത്തില്‍ നിപ്രോ 10 ഷോട്ടുകള്‍ പരീക്ഷിച്ചപ്പോള്‍ ആറെണ്ണമാണ് ഷാംറോക്കിന്റെ ഭാഗത്തു നിന്നുണ്ടായത്.
കളം നിറഞ്ഞ് നീലപ്പട
നിപ്രോയുടെ നീലക്കുപ്പായക്കാര്‍ അരങ്ങുവാഴുന്നതാണ് ആദ്യപകുതിയില്‍ കണ്ടത്. ഇരുടീമും 4-5-1 എന്ന കോമ്പിനേഷനിലാണ് ലൈനപ്പ് പ്രഖ്യാപിച്ചത്.
ഷാംറോക്ക് റോവേഴ്‌സ് പലപ്പോഴും പ്രതിരോധത്തിലേക്കു വലിഞ്ഞത് മല്‍സരത്തിന്റെ രസം കെടുത്തി. നിപ്രോ താരങ്ങളില്‍ പന്തെത്തുമ്പോഴാണ് കളിക്കു ജീവന്‍ വച്ചത്. ഇരുവിങുകളിലൂടെയും നിപ്രോ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. സ്‌ട്രൈക്കര്‍ ഡെനിസ് ബലാനിയുക്കും മിഡ്ഫീല്‍ഡര്‍ വഌഡിസ്ലാവ് കൊക്കെര്‍ഗിനും ഒത്തുചേര്‍ന്നപ്പോഴെല്ലാം നിപ്രോ ഗോള്‍ മണത്തു.
രണ്ടാം മിനിറ്റിലായിരുന്നു കളിയിലെ ആദ്യ നീക്കം കണ്ടത്. ഷാംറോക്കിന്റെ ഭാഗത്തുനിന്നായിരുന്നു ഈ മുന്നേറ്റം. എന്നാല്‍ ഗാരി ഷോയുടെ കിക്കി നിപ്രോ ഗോളി ഡെനിസ് ഷെലികോവ് കുത്തിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ തന്നെ നിപ്രോയുടെ മറുപടി. പന്തുമായി ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്നു കുതിച്ച യുറി വകുല്‍കോ ഇടംകാല്‍ ഗ്രൗണ്ടര്‍ പരീക്ഷിച്ചെങ്കിലും വലതുപോസ്റ്റിനെ തൊട്ടുരുമ്മി പുറത്തു പോയി.
12ാം മിനിറ്റില്‍ നിപ്രോ വീണ്ടും ഷാംറോക്ക് ഗോള്‍മുഖംവിറപ്പിച്ചു. വലതുവിങില്‍ നിന്നു തുടങ്ങിയ മുന്നേറ്റത്തില്‍ നിന്ന് ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തി ഡെനിസ് ബലാനിയൂക് ബുള്ളറ്റ് ഷോട്ട് തൊടുത്തെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പറന്നു. തുടര്‍ന്നും വലതുവിങ് കേന്ദ്രീകരിച്ചാണ് നിപ്രോ ചരടുവലിച്ചത്.
ഷാംറോക്കിന്റെ ഇടയ്ക്കു ചില നീക്കങ്ങളിലൂടെ മല്‍സരത്തില്‍ സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവരുടെ മുന്നേറ്റങ്ങളൊന്നും നിപ്രോ ഗോള്‍മുഖത്തെത്തിയില്ല. നിപ്രോയാണ് ആദ്യ 15 മിനിറ്റിലും ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചത്. ഷാംറോക്ക് പ്രതിരോധത്തിലൂന്നിയുള്ള ഫുട്‌ബോളാണ് പുറത്തെടുത്തത്.
20-30 മിനിറ്റുകളില്‍ കളി പലപ്പോഴും ഗ്രൗണ്ടിന്റെ മധ്യഭാഗത്തെ കേന്ദ്രീകരിച്ചായിരുന്നു. അതിനിടെ 26ാം മിനിറ്റില്‍ കളിയിലെ ആദ്യ ഗോളെന്ന സുവര്‍ണനിമിഷം നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ പോയി. വലതുവിങില്‍ നിന്ന് ഡിഫന്റര്‍മാര്‍ക്കിടയിലൂടെ ഡെനിസ് ബലാനിയുക് നല്‍കിയ മനോഹരമായ ത്രൂബോളുമായി വഌഡിസ്ലാവ് കൊക്കര്‍ഗിന്‍ ബോക്‌സിനുള്ളിലെത്തി. മുന്നില്‍ ഗോളി മാത്രം. എന്നാല്‍ ദിനിപ്രോ പ്രതിരോധഭടന്‍ സൈമണ്‍ മാഡന്‍ മികച്ച ടാക്ലിങിലൂടെ പന്ത് ക്ലിയര്‍ ചെയ്തു.
32ാം മിനിറ്റില്‍ കാണികളെ ആവേശഭരിതരാക്കി നിപ്രോ വലകുലുക്കി. നിപ്രോയുടെ അഞ്ച് താരങ്ങള്‍ മുന്നേറ്റത്തില്‍ അണിനിരന്നിരുന്നു. ഗ്രൗണ്ടിന്റെ മധ്യ ലൈനിനു പുറത്തു വച്ച് നിപ്രോയുടെ നീലക്കുപ്പായക്കാര്‍ തിരമാല കണക്കെ ഇരമ്പിയെത്തിയപ്പോള്‍ തന്നെ ഗോള്‍ മണത്തിരുന്നു.
പ്രതീക്ഷ തെറ്റിയില്ല. ബലാനിയുക്-കൊക്കെര്‍ഗിന്‍ കോമ്പിനേഷനാണ് ഗോളിനു പിറക്കില്‍. വലതുവിങിലൂടെ ചാട്ടുളി കണക്കെ പറന്നെത്തിയ ബലാനിയുക് ഇടതുവിങിലുള്ള കൊക്കെര്‍ഗിന് പന്ത് മറിച്ചു നല്‍കി. ബോക്‌സിന് പുറത്തുവച്ച് ഗോളിയെ കാഴ്ചക്കാരനാക്കി കൊക്കെര്‍ഗിന്‍ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയില്‍ തുളഞ്ഞുകയറിയപ്പോള്‍ ഷാംറോക്ക് ഗോളിയും പ്രതിരോധവും അമ്പരന്നു നില്‍ക്കുകയായിരുന്നു.
ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഷാംറോക്കിന്റെ കോര്‍ണര്‍ നിപ്രോ ഗോള്‍മുഖത്ത് ആശങ്ക പരത്തിയെങ്കിലും ഗോള്‍കീപ്പര്‍ ഷെലികോവ് ചാടിയുയര്‍ന്ന് പന്ത് കുത്തിയകറ്റിയതോടെ റഫറി ആദ്യപകുതിക്ക് വിസില്‍ മുഴക്കി.
ആവേശം വിതറി രണ്ടാംപകുതി
ഷാംറോക്കിന്റെ നീക്കങ്ങളോടെയാണ് രണ്ടാംപകുതി ആരംഭിച്ചത്. ആദ്യപകുതിയില്‍ പലപ്പോഴും കാഴ്ചക്കാരായി നിന്ന ഷാംറോക്ക് രണ്ടാംപകുതിയുടെ ആദ്യ മിനിറ്റുകളില്‍ കൈമെയ് മറന്ന് ആക്രമണമഴിച്ചുവിട്ടു. 56ാ മിനിറ്റില്‍ വലതു മൂലയില്‍ നിന്നു കില്ലിയെന്‍ ബ്രെന്നന്റെ കോര്‍ണര്‍ കിക്ക് നിപ്രോ ബോക്‌സിനുള്ളില്‍ താഴ്ന്നിറങ്ങറിയെങ്കിലും ഗോളി ക്രെയ്ഗ് ഹൈലാന്‍ഡ് ചാടിയുയര്‍ന്ന് പന്ത് കുത്തിയകറ്റി. 57ാം മിനിറ്റില്‍ റഫറി മല്‍സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ഷാറോക്ക് ഡിഫന്‍ഡര്‍ ഡേവിഡ് ഒക്കോണറാണ് മഞ്ഞക്കാര്‍ഡ് കണ്ടത്.
68ാം മിനിറ്റില്‍ നിപ്രോയ്ക്ക് ലീഡുയര്‍ത്താനുള്ള അവസരം. ബോക്‌സിന്റെ ഇടതുമൂലയില്‍ നിന്നുള്ള യുറി വകുല്‍ക്കോയുടെ ഫ്രീകിക്ക് ഗോളി ഹൈലാന്‍ഡ് തട്ടിയകറ്റിയപ്പോള്‍ പന്ത് ലഭിച്ചത് ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അലെക്‌സാണ്ടര്‍ വാസിലിയേവിന്. ഗോളി തട്ടിയകറ്റിയ പന്തില്‍ വാസിലിയേവ് പരീക്ഷിച്ച വോളി വലയുടെ തൊട്ടു മുകളില്‍ ചെന്നു വീഴുകയായിരുന്നു.
76ാം മിനിറ്റില്‍ നിപ്രോ ലീഡുയര്‍ത്തി. ഇഹര്‍ കൊഹുത്ത് വലതുവിങിലൂടെ തുടങ്ങി വച്ച നീക്കത്തില്‍ പന്ത് യുറി വകുല്‍ക്കോയ്ക്ക്. വകുല്‍ക്കോ തൊട്ടു മുന്നിലുള്ള വിതാലി കിര്‍യേവിന് പാസ് ചെയ്തു. രണ്ടു ഡിഫന്റര്‍മാര്‍ക്കിടയിലൂടെ പന്തുമായി മുന്നേറിയ കിര്‍യേവിനെ തടയാന്‍ ഗോളി ഹൈലാന്‍ഡ് മുന്നിലേക്ക് കയറിവന്നെങ്കിലും ബോക്‌സിന് തൊട്ടരികില്‍ വച്ച് ബുള്ളറ്റ് ഷോട്ടിലൂടെ കിര്‍യേവ് പന്ത് ഒഴിഞ്ഞ വലയിലേക്ക് പായിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it