നാഗ്ജി കപ്പിനായി ഇനിയും പന്തുരുളും; അടുത്തത് ഡിസംബറിലോ ജനുവരിയിലോ

കോഴിക്കോട്: കാല്‍പന്തുകളിയെ നെഞ്ചേറ്റുന്ന നന്മയുടെ നഗരത്തിന് ദേശീയ- അന്തര്‍ദേശീയ ഫുട്‌ബോളിന്റെ മാസ്മരികതയും മാന്ത്രികതയും ഇനിയും നുകരാന്‍ അവസരമൊരുക്കി നാഗ്ജി ഫുട്‌ബോള്‍ തുടരും. രണ്ടു ദശാബ്ദത്തിലധികം മുടങ്ങിക്കിടന്നെങ്കിലും ആരാധകലക്ഷങ്ങളുടെ മനസില്‍ നിന്ന് നാഗ്ജിയുടെ മധുരിക്കും ഓര്‍മകള്‍ മാഞ്ഞുപോയില്ലെന്നു വിളിച്ചോതുന്നതായിരുന്നു കഴിഞ്ഞദിവസം കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തിനു സാക്ഷിയാവാനെത്തിയ വന്‍ ജനാവലി.
അന്താരാഷ്ട്ര മല്‍സരം ഏറ്റെടുത്തു നടത്തുന്നതിലെ സംഘാടകരുടെ പരിചയക്കുറവും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ പോരായ്മയും കൊണ്ടു സംഭവിച്ച പാകപ്പിഴകള്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പിനും അതുവഴി കോടികളുടെ സാമ്പത്തിക ബാധ്യതയ്ക്കും വഴിയൊരുക്കിയെങ്കിലും ടൂര്‍ണമെന്റ് വന്‍ വിജയമായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു തിങ്ങിനിറഞ്ഞ ഗാലറി. നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ്ബ് ഫുട്ബാളില്‍ ബ്രസീല്‍ ടീം ക്ലബ്ബ് അത്‌ലറ്റിക്കോ പരാനെയ്ന്‍സും യുക്രൈന്‍ ടീം എഫ് സി നിപ്രോ നിപ്രോപെട്രോവ്‌സ്‌കും തമ്മില്‍ നടന്ന ഫൈനല്‍ മല്‍സരത്തിനു സാക്ഷ്യം വഹിക്കാന്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയത് അമ്പതിനായിരത്തോളം കാണികളായിരുന്നു.
നീണ്ട ഇരുപത്തൊന്നു വര്‍ഷത്തിനുശേഷം രണ്ടാം ജന്മം നേടിയ സേഠ് നാഗ്ജി അമര്‍സി മെമ്മോറിയല്‍ ഫുട്ബാളിന്റെ കിരീടജേതാക്കള്‍ക്കുള്ള ട്രോഫി നിപ്രോയ്ക്കു ശേഷം വരുംവര്‍ഷങ്ങളില്‍ ഇനിയുമേറെ ടീമുകള്‍ ഏറ്റുവാങ്ങും. നാഗ്ജി ഫുട്ബാളിന്റെ അടുത്ത ടൂര്‍ണമെന്റ് വരുന്ന ഡിസംബര്‍ അവസാന വാരത്തിലോ ജനുവരി ആദ്യമോ നടത്താനാണ് സംഘാടകര്‍ ആലോചിക്കുന്നത്. നിലവില്‍ കളിച്ച ടീമുകളില്‍ നിന്ന് മികച്ച രണ്ട് ക്ലബ്ബുകളെ കൂടാതെ ഇന്ത്യയില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും രണ്ട് ടീമുകളെയും ആഫ്രിക്കയില്‍ നിന്ന് ഓരോ ടീമിനെയും ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തും. ഇന്ത്യന്‍ ടീമുകളില്‍ ഒന്ന് കേരളത്തില്‍ നിന്നുള്ളതായിരിക്കും.
നാഗ്ജിയുടെ പുനര്‍ജനിക്കായുള്ള ശ്രമങ്ങള്‍ക്ക് തുടക്കം മുതല്‍ വെല്ലുവിളികള്‍ നേരിട്ടെങ്കിലും ടൂര്‍ണമെന്റ് പ്രശംസനീയമായ വിധത്തില്‍ സംഘടിപ്പിക്കാന്‍ സാധിച്ചതായി കെഡിഎഫ്എ പ്രസിഡന്റ് ഡോ. സിദ്ദീഖ് അഹ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണമെന്റിനു മുന്നോടിയായി റൊണാള്‍ഡീഞ്ഞ്യോയെ എത്തിക്കാനുള്ള ചുമതല നല്‍കിയ ഇന്‍ഫിനിറ്റി ഗ്രൂപ്പിന്റെ നടപടികളും തുടര്‍ന്ന് ചില സ്‌പോണ്‍സര്‍മാരുടെ നിര്‍ണായക ഘട്ടത്തിലുള്ള പിന്‍വാങ്ങലുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. റൊണാള്‍ഡീഞ്ഞ്യോയെ കൊണ്ടുവരേണ്ടത് ഉദ്ഘാടന ദിനത്തിലായിരുന്നു. നടത്തിപ്പിലെ പരിചയക്കുറവു കൊണ്ടും മറ്റും പ്രതീക്ഷിച്ചതിലും ഇരട്ടി തുകയാണ് ടൂര്‍ണമെന്റിനായി ചെലവായത്. പതിനഞ്ച് കോടിയോളം ചെലവായ ടൂര്‍ണമെന്റില്‍ ഏഴര കോടി രൂപയെങ്കിലും ടിക്കറ്റ് വില്‍പന ഇനത്തില്‍ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും 75 ലക്ഷം പോലും ആ ഇനത്തില്‍ വരവുണ്ടായില്ല. ആഭ്യന്തര ടീമുകളുമായി ചര്‍ച്ചനടത്തി ധാരണയിലെത്തിയിരുന്നെങ്കിലും ദേശീയ സ്‌കൂള്‍ മീറ്റ് കോഴിക്കോട്ടേക്ക് മാറ്റിയതു കാരണം ടൂര്‍ണമെന്റ് നേരത്തെ തീരുമാനിച്ച തിയ്യതിയില്‍ നിന്നു നീട്ടേണ്ടിവന്നു. സപ്തംബര്‍ മുതല്‍ മെയ് വരെ നീളുന്ന ഐ ലീഗ് കാരണം ഇന്ത്യയില്‍ നിന്ന് ടീമുകളെ ഉള്‍പ്പെടുത്താനും സാധിച്ചില്ല.
ഇന്ത്യയില്‍ നിന്നുള്ള ഒരു ടീമിന്റെ അഭാവം, താരതമ്യേന ഉയര്‍ന്ന ടിക്കറ്റ് നിരക്ക് എന്നിവയും അനവസരത്തില്‍ റൊണാള്‍ഡീഞ്ഞ്യോയെ കൊണ്ടുവന്നതുവഴി സംഭവിച്ച സാമ്പത്തികബാധ്യതയും സ്‌പോണ്‍സര്‍മാരുടെ പിന്‍മാറ്റവും ആഭ്യന്തര സെവന്‍സ് ടൂര്‍ണമെന്റുകളുടെ സീസണായതും പരീക്ഷകള്‍ അടുത്തതും ടൂര്‍ണമെന്റിനെ പ്രതീക്ഷയ്‌ക്കൊത്ത് വിജയത്തിലേക്കു നയിക്കുന്നതിനു തിരിച്ചടിയായി. 1,40,000 ഡോളര്‍ വരെ മുടക്കി കൊണ്ടുവന്ന അര്‍ജന്റീന അണ്ടര്‍ 23 ടീമുള്‍പ്പെടെയുള്ളവയുടെ മോശം പ്രകടനം ടീമുകളുടെ നിലവാരം സംബന്ധിച്ച് കാണികളിലും സംശയമുളവാക്കി. എം എ യൂസഫലിയില്‍ നിന്ന് ഒരു പൈസ പോലും ടൂര്‍ണമെന്റിനായി വാങ്ങിയിട്ടില്ലെന്നും ഒരു രൂപ പോലും നല്‍കാത്ത ഒരു ട്രാവല്‍സ് ഗ്രൂപ്പ് മടക്കടിക്കറ്റ് യഥാസമയത്തു ലഭ്യമാക്കാതെ സാമ്പത്തികബാധ്യത ഉയര്‍ത്തിയെന്നും സിദ്ദീഖ് അഹ്മദ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എ പ്രദീപ്കുമാര്‍ എംഎല്‍എ, മോണ്ടിയാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹിഫ്‌സു റഹ്മാന്‍, എന്‍ സി അബൂബക്കര്‍, ടി പി ദാസന്‍, പി ഹരിദാസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it