നാഗ്ജിക്ക് ഇതിഹാസ കൊടിയേറ്റം

ഇയാസ് മുഹമ്മദ്

കോഴിക്കോട്: ആവേശം അറബിക്കടലോളം തിരയേറിയ സായാഹ്നം. പതിനായിരക്കണക്കിന് ആരാധകവൃദ്ധത്താല്‍ കോഴിക്കോട് കടപ്പുറം ശ്വാസമടക്കി നിന്നു. ബ്രസീലിന്റെ ഫുട്‌ബോള്‍ രാജാവിനെ കാണാന്‍ ഹൃദയത്തില്‍ കാല്‍പന്തു സ്പന്ദിക്കുന്ന ഏവരും അവിടെയെത്തിയിരുന്നു.
ഫുട്‌ബോള്‍ ആരാധനയില്‍ ലോക ശ്രദ്ധ നേടിയ മലബാറിന്റെ തലസ്ഥാനത്തേക്ക് ആ ഇതിഹാസ താരം വന്നിറങ്ങി. ശാന്തമായ കടല്‍ പോലും ആരാധനയാല്‍ അലകളടക്കി. ആഹ്ലാദം കൊണ്ട് നൃത്തംവെച്ച ആരാധകരുടെ ശ്വാസോഛാസത്തില്‍ റൊണാള്‍ഡീഞ്ഞോ എന്ന നാമം മാത്രം. ആ ശുഭ സായാഹ്നത്തില്‍ 21 വര്‍ഷങ്ങളായി ചലനമറ്റിരുന്ന സേട്ട് നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പുതിയ ജീവന്‍ വെക്കുകയായിരുന്നു.
ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ വൈകീട്ട് 7.20ന് വര്‍ണാഭമായ വേദിയിലേക്ക് കടന്നുവന്ന റൊണാള്‍ഡീഞ്ഞൊ ഫുട്‌ബോള്‍ ആവേശത്തെ പരകോടിയിലെത്തിച്ചു. രാജകീയ പ്രൗഢിയോടെയാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ രാജാവിനെ കോഴിക്കോട് വരവേറ്റത്.
വര്‍ണപ്രകാശപ്രഭയില്‍ അലങ്കരിച്ച കടപ്പുറത്തെ വേദിയില്‍ സേട്ട് നാഗ്ജി കുടുംബത്തില്‍ നിന്ന് ടുര്‍ണമെന്റ് അംബാസഡര്‍ റൊണാള്‍ഡീഞ്ഞോ സുവര്‍ണ ട്രോഫി ഏറ്റുവാങ്ങിയതോടെ ടൂര്‍ണമെന്റിന് ചരിത്രതുടക്കമായി.
അദ്ദേഹം അത് ഫുട്‌ബോള്‍ ഫെഡറേഷന്‍ കൈമാറിയപ്പോള്‍ കാല്‍പന്ത് കളിയുടെ പുതുയുഗമാണ് കോഴിക്കോട് പിറന്നത്. കാത്തുനില്‍ക്കുന്ന ആരാധകരെ ത്രസിപ്പിച്ച് തൈക്കുടം ബ്രിഡ്ജ് ബാന്‍ഡിന്റെ സംഗീതം അരങ്ങേറിയെങ്കിലും അവര്‍ അതുകൊണ്ട് തൃപ്തിയടഞ്ഞില്ല. കാരണം അവര്‍ കാത്തിരുന്നത് വിസ്മയ മാന്ത്രികത കൊണ്ട് എതിരാളികളുടെ പ്രതിരോധങ്ങളെ നിഷ്പ്രഭമാക്കിയ റൊണാള്‍ഡീഞ്ഞൊയെ ആയിരുന്നു. വേദിയില്‍ എത്തിയത് മുതല്‍ ആവേശം ചൊരിഞ്ഞ റൊണാള്‍ഡീഞ്ഞൊ ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. തന്നെ സ്‌നേഹവായ്‌പോടെ സ്വീകരിച്ച ജനതയെ മുഴുവന്‍ സെല്‍ഫിയില്‍ പകര്‍ത്തിയാണ് അദ്ദേഹം മടങ്ങിയത്.
ആരാധകരെ നിയന്ത്രിക്കാന്‍ സംഘാടകരും പോലിസും പാടുപെട്ടു. കോഴിക്കോട് എംപി എം കെ രാഘവന്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ, കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം എ മേത്തര്‍, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സിദ്ദിഖ് അഹമ്മദ്, മോന്‍ഡിയാല്‍ ചെയര്‍മാന്‍ ഹിസ്ബുള്‍ റഹ്മാന്‍, കെഡിഎഫ്എ സെക്രട്ടറി ഹരിദാസ്, നാഗ്ജി കുടുംബാംഗളായ സന്ദീപ് മേത്ത, നിമിത് മേത്ത, ചിരാഗ് മേത്ത, മനോജ് മേത്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് രാവിലെ സംസ്ഥാന ഫുട്ബാള്‍ ഫോര്‍ പീസ് പദ്ധതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റൊണാള്‍ഡീഞ്ഞൊ നിര്‍വഹിക്കും. ഇംഗ്ലണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫുട്‌ബോള്‍ ഫോര്‍ പീസ് സംഘടനയുടെ ഭാരവാഹിയായ ഫുട്‌ബോള്‍ താരം കാഷിഫ് സിദ്ദീഖിയും ചടങ്ങില്‍ സന്നിഹിതനാവും. പതിനനൊന്നോടെ കരിപ്പൂരില്‍ നിന്ന് റൊണാര്‍ഡീഞ്ഞൊ ദുബൈയിലേക്ക് മടങ്ങും.
അടുത്തമാസം അഞ്ച് മുതല്‍ 15 വരെ അരങ്ങേറുന്ന നാഗ്ജി ട്രോഫി ടൂര്‍ണമെന്റില്‍ നാല് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
അര്‍ജന്റീനയുടെ അണ്ടര്‍ 23 ദേശീയ ടീം, റൊമാനിയന്‍ ക്ലബ് റാപ്പിഡ് ബുക്കാറസ്റ്റിന്റ്, ഇംഗ്ലണ്ടിലെ വാട്ട്‌ഫോര്‍ഡ് എഫ് സി, സ്‌പെയ്‌നിലെ ലെവാന്തേ യു ഡി, ബ്രസീലിയന്‍ ക്ലബ് അത്‌ലറ്റികോ പാരനെന്‍സ്, ജര്‍മനിയില്‍ നിന്നുള്ള ടിഎസ്‌വി 1860 മ്യൂണിച്ച്, ഹെര്‍ത ബിഎസ്‌സി എന്നിവയുടെ അണ്ടര്‍ 23 ടീമുകള്‍ക്ക് പുറമെ ഇന്ത്യയിലെ ഒരു ഐ ലീഗ് ടീമും പങ്കെടുക്കും.
Next Story

RELATED STORIES

Share it