നാഗോര്‍ണോ-കരബാക്ക്; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി അസൈര്‍ബൈജാന്‍

ബാകു(അസര്‍ബൈജാന്‍): സംഘര്‍ഷം നിലനില്‍ക്കുന്ന നാഗോര്‍ണോ-കരബാക്ക് അതിര്‍ത്തിയില്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് അസൈര്‍ബൈജാന്‍. കഴിഞ്ഞ ദിവസം അര്‍മേനിയന്‍ അസര്‍ബൈജാന്‍ സേനകള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ മുപ്പതിലധികം പേര്‍ നോഗോര്‍ണോ-കരബാക്ക് മേഖലയില്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം നിര്‍ത്തണമെന്ന ആഗോള സമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് തങ്ങള്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, അസൈര്‍ബൈജാന്റെ വെടിനിര്‍ത്തല്‍ തീരുമാനം വിശ്വസനീയമല്ലെന്ന് അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെറ്റായ വിവരം നല്‍കി കെണിയൊരുക്കുകയാണ് അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം ചെയ്യുന്നതെന്നും അര്‍മേനിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മില്‍ 1994വരെ നീണ്ടുനിന്ന യുദ്ധത്തെത്തുടര്‍ന്ന് നാഗോര്‍ണോ-കരബാക്ക് മേഖല അര്‍മേനിയന്‍ സൈന്യത്തിന്റെയും പ്രാദേശിക വിമതരുടെയും അധീനതയിലായിരുന്നു. അസര്‍ബൈജാന്‍ സൈനികരാണ് ശനിയാഴ്ച ആക്രമണത്തിനു തുടക്കമിട്ടതെന്നാണ് അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചത്. എന്നാല്‍ അസര്‍ബൈജാന്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. അര്‍മേനിയന്‍ പക്ഷത്തു നിന്നുള്ള ആക്രമണങ്ങള്‍ തങ്ങള്‍ പ്രതിരോധിക്കുകയായിരുന്നുവെന്നായിരുന്നു അസര്‍ബൈജാന്റെ പ്രതികരണം. തങ്ങളുടെ പക്ഷത്തുള്ള 18 പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി അര്‍മേനിയ യും 12 പേര്‍ കൊല്ലപ്പെട്ടതായി അസര്‍ബൈജാനും അറിയിച്ചു.
ക്രിസ്ത്യന്‍ വിഭാഗക്കാര്‍ കൂടുതലുള്ള അര്‍മേനിയന്‍ പക്ഷവും മുസ്‌ലിം വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള അസര്‍ബൈജാന്‍ പക്ഷവും തമ്മില്‍ അതിര്‍ത്തിയെച്ചൊല്ലി ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുകയാണ്. 30 സൈനികര്‍ കൊല്ലപ്പെട്ടതിനു പുറമേ സംഘര്‍ഷത്തില്‍ ഗ്രാമീണരില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കരബാക്ക അതിര്‍ത്തിയുടെ തെക്ക് കിഴക്കന്‍, വടക്ക് കിഴക്കന്‍ മേഖലയിലാണ് പോരാട്ടം രൂക്ഷമായി തുടരുന്നത്.
Next Story

RELATED STORIES

Share it