Kottayam Local

നാഗമ്പടം പാലത്തില്‍ നിന്ന് വീണ് അപകടം - മരിച്ചയാളുടെ കുടുംബത്തിന് ഒരു ലക്ഷം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍



കോട്ടയം: നാഗമ്പടം റയില്‍വേ മേല്‍പ്പാലത്തിലൂടെ ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുന്നതിനിടയില്‍ സ്ലാബ് ഇല്ലാതിരുന്ന ഭാഗത്ത് നിന്ന് വീണു മരിച്ച കാഞ്ഞിരത്താനം തെന്നാട്ടില്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കോട്ടയം നഗരസഭാ രണ്ട് മാസത്തിനകം തുക നല്‍കണമെന്ന് കമ്മീഷനംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. നഷ്ട പരിഹാരത്തിന്റെ വിഹിതം റയില്‍വേയില്‍ നിന്ന് ഈടാക്കേണ്ടതുണ്ടെങ്കില്‍ തുക നല്‍കിയ ശേഷം നഗരസഭക്കു നിയമാനുസൃതം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.പാലം പുനര്‍നിര്‍മിക്കുന്നതില്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് താമസമുണ്ടായി എന്നത്ു പകല്‍ പോലെ യാഥാര്‍ഥ്യമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തൊഴിലെടുത്ത് ജീവിച്ചു വന്ന പരേതന്റെ കുടുംബത്തിനുണ്ടായ നഷ്ടം അവഗണിക്കപ്പെടേണ്ടതല്ല. അപകടത്തിന്റെ അന്തിമ ഉത്തരവാദിത്വത്തിന്റെ പേരില്‍ പരേതന്റെ കുടുംബം ദീര്‍ഘകാലം യാതനപ്പെടുന്നത് മനുഷ്യത്വമല്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കാഞ്ഞിരത്താനം തെന്നാട്ടില്‍ വീട്ടില്‍ സെബാസ്റ്റ്യനാണ് 2016 ജൂലൈ ഒമ്പതിന് രാത്രി പാലത്തില്‍ നിന്ന് വീണ് മരിച്ചത്. കമ്മീഷന്‍ ദക്ഷിണ റയില്‍വേ, കോട്ടയം നഗരസഭ എന്നിവരില്‍ നിന്നും മറുപടി വാങ്ങിയിരുന്നു.മേല്‍പ്പാലത്തിന്റെ ഉത്തരവാദിത്വം നഗരസഭക്കാണെന്ന് റയില്‍വേ ഡിവിഷനല്‍ മാനേജര്‍ കമ്മീഷനെ അറിയിച്ചു.  മേല്‍പാലത്തിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് നഗരസഭയുടെയും റയില്‍വേയുടെയും എന്‍ജിനീയര്‍മാര്‍ 2016 ഫെബ്രുവരി 22 ന് സംയുക്ത പരിശോധന നടത്തി 28,68,692 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഏപ്രില്‍ 22 ന് നഗരസഭക്ക് അയച്ചുകൊടുത്തു.  എന്നാല്‍ നഗരസഭ നടപടിയെടുത്തില്ല.  റയില്‍വേ ഇക്കാര്യം കലക്ടറെയും അറിയിച്ചു. ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് 2016 ജൂണ്‍ 23ന് മേല്‍പ്പാലം അടയ്ക്കുന്നതായി റെയില്‍വേ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും പത്രപരസ്യം നല്‍കുകയും ചെയ്തു. 2016 ജൂലൈ നാലിന് കലക്ടര്‍ വിളിച്ച യോഗത്തിലും പ്രശ്‌നത്തിന്റെ ഗൗരവം റയില്‍വേ അറിയിച്ചു. അപകടം നടന്ന ശേഷം നഗരസഭ തുക മുഴുവന്‍ കെട്ടിവച്ചതായി റയില്‍വേ അറിയിച്ചു. റെയില്‍വേ നല്‍കിയ 28.68 ലക്ഷത്തിന്റെ എസ്റ്റിമേറ്റില്‍ 15.35 ലക്ഷം നിര്‍മാണചെലവും 13.33 ലക്ഷം രൂപ എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജും ആയിരുന്നെന്ന് നഗരസഭ അറിയിച്ചു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 6.67 ലക്ഷം രൂപ 2016 ജൂലൈ 22ന് നിക്ഷേപിച്ചു. മേല്‍പ്പാലത്തിന്റെ പരിപാലനം റയില്‍വേക്കായതിനാല്‍ ബാധ്യതയും റയില്‍വേക്കാണെന്ന് നഗരസഭ വാദിച്ചു.അനാസ്ഥ വെള്ള പൂശാനുള്ളതാണ് നഗരസഭയുടെ റിപോര്‍ട്ടെന്നു കമ്മീഷന്‍ നിരീക്ഷിച്ചു. പാലത്തിന്റെ ഉടമസ്ഥത നഗരസഭയ്ക്കാണെങ്കില്‍ ബാധ്യതകളും നഗരസഭക്കു തന്നെയാണെന്നു കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. മുന്നറിയിപ്പ് ബോര്‍ഡും പത്ര വാര്‍ത്തയും ജനങ്ങളിലെത്തിയില്ല.  പാലത്തിനു സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നുമുണ്ടായിരുന്നില്ല. ഉത്തരവു നഗരസഭാ സെക്രട്ടറിക്കും ഭക്ഷിണാ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ക്കും അയച്ചു. പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയ് കളരിക്കല്‍, മുഹമ്മദ് നാസര്‍, സുബുന്‍ ടി സെബാസ്റ്റ്യന്‍ എന്നിവര്‍ സമര്‍പിച്ച പരാതികളിലാണ് നടപടി.
Next Story

RELATED STORIES

Share it