നാം നിശ്ശബ്ദരായിരുന്നുകൂടാ

നാം നിശ്ശബ്ദരായിരുന്നുകൂടാ
X
സംഭാഷണം
ജിഗ്‌നേഷ് മേവാനി/ ബെത്വാ ശര്‍മ

രാജ്യത്ത് യുവാക്കള്‍ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. ജിഗ്‌നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍ എന്നിവരിലൂടെ ഗുജറാത്തില്‍ കണ്ടതും ആ തരംഗത്തിന്റെ അലയൊലികളാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഗുജറാത്തില്‍ ഹിന്ദുത്വ ദേശീയവാദി പാര്‍ട്ടി അധികാരത്തില്‍ വന്ന 1995നു ശേഷം ആദ്യമായി ഈ മൂന്നു നേതാക്കള്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാണ് ഈ തിരഞ്ഞെടുപ്പില്‍ സമ്മാനിച്ചത്.



37കാരനായ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയുടെ പ്രധാനമന്ത്രിക്കെതിരേയുള്ള കൂസലില്ലാത്ത തീപ്പൊരി പ്രസംഗങ്ങള്‍ ബി.ജെ.പിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. 'ദേശവിരുദ്ധരി'ല്‍ നിന്നു ഫണ്ട് സ്വീകരിക്കുന്നുവെന്നു ബി.ജെ.പി. പ്രസിഡന്റ് മേവാനിയെ കുറ്റപ്പെടുത്തിയിരുന്നു.
ചത്ത പശുവിന്റെ തൊലി ഉരിച്ചതിന് 2016 ജൂലൈ 11ന് ഉന നഗരത്തില്‍ നാലു ദലിതരെ ഗോരക്ഷകര്‍ കാറില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ വ്യാപക പ്രതിഷേധത്തിനു കാരണമാവുകയും മേവാനി സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ദലിത് പ്രസ്ഥാനത്തിന്റെ മുഖമായി മാറുകയും ചെയ്തു.
വര്‍ഷങ്ങളോളം പത്രപ്രവര്‍ത്തകനായി ജോലി നോക്കിയ നിയമബിരുദധാരിയായ മേവാനിക്ക് ഈ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഒരു ഞാണിന്‍മേല്‍ കളിയാണ്. ഒരുവശത്ത് ഒരു ദലിത് നേതാവ് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിക്കുന്നു. മേവാനിക്കു മികച്ച വിജയം സമ്മാനിക്കാനായി കോണ്‍ഗ്രസ് 98നു ശേഷം മൂന്നു തവണ ജയിച്ച സീറ്റായ വദ്ഗാമില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. എന്നാല്‍, മറ്റൊരര്‍ഥത്തില്‍ വളരെ പഴക്കം ചെന്ന വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ തന്നെ സ്ഥാനാര്‍ഥിയാവുന്നത് ദലിത് പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ക്കു വിരുദ്ധമാവുമെന്നതിനാല്‍ നീരസപ്പെടുകയും  ചെയ്യുന്നുണ്ട് മേവാനി.
തന്റെ രാഷ്ട്രീയത്തെക്കുറിച്ചും ജീവിതപാഠങ്ങളെക്കുറിച്ചും മേവാനി സംസാരിക്കുന്നു:
തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് താങ്കള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടോ?
ഇല്ല, തുടക്കം തൊട്ടെ ഞാന്‍ വിജയിച്ചുവെന്നാണ് തോന്നുന്നത്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ മല്‍സരിക്കുക എന്നത് എനിക്ക് ചേരാത്തതാണ് എന്ന വിശ്വാസത്തിലായിരുന്നു ഞാന്‍. എന്നാല്‍, എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങളില്‍ നിന്നു ലഭിച്ച സ്‌നേഹം അത്യാകര്‍ഷകവും വളരെ പ്രശംസനീയവുമായിരുന്നു. വളരെ മഹത്തായതായിരുന്നു അത്. ഡിസംബര്‍ 18നു പുറത്തുവരുന്ന കണക്ക് എനിക്കനുകൂലമോ പ്രതികൂലമോ ആവട്ടെ എന്നാല്‍, ഞാന്‍ പല ഹൃദയങ്ങളെയും കീഴടക്കി. എനിക്കു ഇടപഴകാന്‍ കഴിഞ്ഞ യുവാക്കളുടെ എണ്ണം ഭാവിയിലേക്കുള്ള കരുതിവയ്പുകളാണ്. ഞാന്‍ വിജയിക്കുകയാണെങ്കില്‍ അത് വലിയൊരു മുന്നേറ്റമായിരിക്കും.
 പരാജയപ്പെടുകയാണെങ്കില്‍?
ഞാനെന്റെ സമരം തുടരും. ഞങ്ങളുടെ പ്രസ്ഥാനം രാഷ്ട്രീയ ഉള്ളടക്കമുള്ളതാണ്. രാഷ്ട്രീയമെന്നത് തിരഞ്ഞെടുപ്പു രാഷ്ട്രീയം മാത്രമല്ല; ഞാനൊരിക്കലും പേടിച്ചു പിന്‍മാറില്ല.
ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നത് താങ്കളുടെ ജീവിതനിയോഗമായി സ്വീകരിച്ചത് എന്തുകൊണ്ടാണ്?
ഹിറ്റ്‌ലറിലേക്കും മുസോളിനിയിലേക്കും ചെന്നെത്താവുന്ന ആശയത്തിലധിഷ്ഠിതമായ ഫാഷിസ്റ്റ് ശക്തിയായ ആര്‍.എസ്.എസ്സില്‍ നിന്നാണ് ബി.ജെ.പിയുടെ ഉദ്ഭവം. അവര്‍ക്കേതറ്റം വരെയും പോവാം. എത്ര ചെറുതാണെങ്കിലും നമുക്കിടയില്‍ അവശേഷിക്കുന്ന ജനാധിപത്യത്തെ നശിപ്പിക്കാനും മതേതര സോഷ്യലിസ്റ്റ് ജനാധിപത്യക്രമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തെ തകര്‍ക്കാന്‍ അവര്‍ക്കു കഴിയും. 2019ലും ബി.ജെ.പി. അധികാരത്തില്‍ വരുകയാണെങ്കില്‍ ഈ രാജ്യം ഒരു വെള്ളരിക്കാപട്ടണമായി മാറും. അന്നേരം ഒരു സ്‌റ്റോറി ചെയ്തതിന് താങ്കള്‍ കൊല്ലപ്പെടുകയാണെങ്കില്‍ എനിക്കോ ഒരു റാലി സംഘടിപ്പിച്ചതിന്റെ പേരില്‍ ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ താങ്കള്‍ക്കോ അതിശയപ്പെടാന്‍ കഴിയില്ല. ഫാഷിസമെന്നാല്‍ അതാണ്. 2019ല്‍ ഗുജറാത്തിലെ 18 ശതമാനം വരുന്ന ദലിതുകള്‍ ബി.ജെ.പിക്കെതിരേ ദയാരഹിതമായി വോട്ട് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
വ്യത്യസ്തങ്ങളായ അജണ്ടകളുള്ള, ബോധ്യങ്ങളുള്ള പാര്‍ട്ടികളുമായും വ്യക്തികളുമായുമാണ് താങ്കള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത്. താങ്കളുടെ അഭിപ്രായവ്യത്യാസങ്ങള്‍ എങ്ങനെയാണ് ഇതുമായി പൊരുത്തപ്പെട്ടു പോവുന്നത്?
ഫാഷിസത്തിനെതിരേ, ബി.ജെ.പിക്കെതിരേ പോരാടുകയാണെങ്കില്‍ ദരിദ്രര്‍ക്കനുകൂലമായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും ഒരുമിച്ചു നിന്ന് അവരുടെ പ്രത്യയശാസ്ത്ര ഭിന്നതകളും പ്രശ്‌നങ്ങളും മാറ്റിവയ്‌ക്കേണ്ടതുണ്ട്. ഫാഷിസമെന്നത് ഫാഷിസമാണ് ഇനിയും നമ്മള്‍ നിശ്ശബ്ദരായിരുന്നാല്‍ അതു നമ്മുടെ രാജ്യത്തെ തകര്‍ക്കും. പട്ടേലുകളും ദലിതുകളും തമ്മില്‍, ദലിതുകളും ഒ.ബി.സികളും തമ്മില്‍, ഒ.ബി.സികളും പട്ടേലുകളും തമ്മില്‍ ഒരുപാട് ഭിന്നതകളുണ്ട്. എന്നിട്ടിപ്പോഴും അല്‍പേഷും ഹാര്‍ദിക്കും ഞാനും ഒരുമിച്ചാണ്. കാരണം, ഞങ്ങളുടെ അടിസ്ഥാനപരമായ വിരോധം ബി.ജെ.പിക്കെതിരാണ്. ഞങ്ങളെല്ലാം ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ ഇരകളാണെന്നാണ്.
കഴിഞ്ഞ വര്‍ഷം താങ്കളില്‍ മാറ്റങ്ങള്‍ വരുത്തി അല്ലേ?
എന്നെ അതു കൂടുതല്‍ പ്രായോഗികവാദിയും വിവേകശാലിയുമാക്കി. രാഷ്ട്രീയത്തില്‍ ശരിയായ പാത കണ്ടെത്താന്‍ ഞാന്‍ പഠിച്ചു. വളരെ മഹാന്‍മാരായ ആക്റ്റിവിസ്റ്റുകള്‍ ഗുജറാത്തില്‍ പിറവിയെടുക്കുന്നുണ്ട്. എന്നാല്‍, അവര്‍ ചലനശേഷി നഷ്ടപ്പെട്ടു നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല, മാത്രമല്ല അത്തരക്കാര്‍ക്കു താഴേക്കിടയില്‍ വ്യാപ്തിയുമില്ല. രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള വഴി രൂപപ്പെടുത്താന്‍ പഠിക്കേണ്ടതുണ്ട്.
താങ്കളെന്താണര്‍ഥമാക്കുന്നത്?

അതായത്, എന്റെ നിലപാടുകളോടൊപ്പം തന്നെ പ്രായോഗികവാദിയുമായിരുന്നില്ലെങ്കില്‍ ഈ സീറ്റില്‍ മല്‍സരിക്കാന്‍ ഞാന്‍ തീരുമാനമെടുക്കുമായിരുന്നില്ല.
കോണ്‍ഗ്രസ്സിന് ആദ്യമേ തന്നെ വിജയസാധ്യതയുള്ള സീറ്റില്‍ താങ്കള്‍ മല്‍സരിക്കുന്നതിനെ കുറിച്ചാണോ താങ്കള്‍ പറയുന്നത്?
അതെ. എന്റെ മൂല്യങ്ങള്‍ വളച്ചൊടിക്കപ്പെടാന്‍ ഞാനൊരിക്കലും അനുവദിക്കുകയില്ല. എന്നാല്‍, അജണ്ടകള്‍ വിജയിപ്പിക്കാന്‍ ചില നീക്കുപോക്കുകള്‍ ഉണ്ടാക്കേണ്ടതുണ്ട് എന്നു ഞാന്‍ പഠിച്ചു. ഇതു വ്യക്തിപരമായ നേട്ടത്തിനല്ല, മറിച്ച് പൊതുവായൊരു ലക്ഷ്യത്തിനു വേണ്ടിയാണ്. പ്രത്യയശാസ്ത്രം പ്രത്യയശാസ്ത്രമെന്ന നിലയ്ക്ക് ഒരു ലക്ഷ്യമല്ല.
എന്താണ് ലക്ഷ്യം?
ജനങ്ങളുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങളുണ്ടാക്കുന്നതാവണം ലക്ഷ്യം. ആത്യന്തികമായി, അവസാന വിശകലനത്തില്‍, നമുക്കൊരു വര്‍ഗരഹിത സമൂഹം നിര്‍മിക്കേണ്ടതുണ്ട്. വര്‍ഗരഹിത സമൂഹത്തിന്റെ നിര്‍മാണമെന്ന ആശയം ഓരോ ദിവസവും എന്നില്‍ അത്യധികം സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്.
തിരഞ്ഞെടുപ്പിനു ശേഷമുള്ള  താങ്കളുടെ പദ്ധതി എന്താണ്?
തങ്ങളുടെ ജീവിതത്തിന്റെ 15 ദിവസം എനിക്കായി ചെലവഴിച്ച 160 ദലിത് യുവാക്കള്‍ക്ക് ഉടനെതന്നെ ഫോണ്‍ ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു. ശുചീകരണത്തൊഴിലാളികള്‍ക്കു മിനിമം വേതനം പോലും നിഷേധിക്കപ്പെടുന്ന 160 മുനിസിപ്പാലിറ്റികളിലേക്കു ചെല്ലാന്‍ ഞാനവരോട് ആവശ്യപ്പെടും. ദലിതരില്‍ ദലിതരായ വാല്‍മീകി സമുദായത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതി നടപ്പാക്കും. മാത്രമല്ല, ദലിത്-മുസ്‌ലിം ഐക്യത്തിന്റെ ഒരു വേദിക്കു തുടക്കമിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരം പ്രസ്ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. 90 ശതമാനം ഞാനൊരു പോരാളിയാണ്.
ഒരു രാഷ്ട്രീയക്കാരനായിരിക്കെ, താങ്കളുടെ ലക്ഷ്യത്തില്‍ നിന്ന് ഇതു താങ്കളെ വഴിമാറ്റുമെന്നു താങ്കള്‍ ചിന്തിക്കുന്നുണ്ടോ?
ഒരുക്കലുമില്ല. നിങ്ങളൊരു എം.എല്‍.എ. ആയിരിക്കുമ്പോള്‍, നിങ്ങളൊരു എം.എല്‍.എ. ആണ് എന്ന പ്രതീതി ഉണ്ടാവും. അപ്പോള്‍ നിങ്ങളൊരു നേതാവായിരിക്കും. ഞങ്ങളുടെ കൂടെ ജനങ്ങള്‍ ഇനിയും ചേരുമെന്നതിന് ഇനിയും ഒരുപാട് സാധ്യതകളുണ്ട്. പാവപ്പെട്ട ജനങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ബൂര്‍ഷ്വാ ഗ്ലാമര്‍ ഉപയോഗപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
രാഹുല്‍ഗാന്ധിയുമായി ചേര്‍ന്നു താങ്കളീയടുത്ത് ഒരു റാലി നടത്തി. അദ്ദേഹത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

റാലിയുടെ ദിനത്തില്‍ ഞങ്ങള്‍ കൂടുതലായൊന്നും സംസാരിച്ചിട്ടില്ല. രണ്ടു തവണ ഞാനദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്, പക്വമതിയായ ആളാണ് അദ്ദേഹമെന്നാണ് തോന്നുന്നത്. ധാരാളം യുവാക്കളെ തന്റെ പാര്‍ട്ടിയുമായി ഇടപഴകിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എനിക്കതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
താങ്കളെന്തുകൊണ്ടാണ് കോണ്‍ഗ്രസ്സില്‍ ചേരാത്തത്?
എന്റെ അസ്തിത്വം പൂര്‍ണമായി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഒരു കേഡര്‍, ദലിത് പാര്‍ട്ടിയുടെ ഒരു കേഡര്‍ എനിക്കുവേണ്ടി പ്രവര്‍ത്തിക്കുക, സി.പി.ഐ.എം.എല്ലിന്റെ ഒരു എം.എല്‍.എ. ദിവസങ്ങളോളം താമസിച്ച് എനിക്കു വേണ്ടി പ്രചാരണം നടത്തുക, സ്വരാജ് ഇന്ത്യയുടെ യോഗേന്ദ്ര യാദവ് എനിക്കുവേണ്ടി പ്രചാരണം നടത്തുക, മഹാരാഷ്ട്രയില്‍ നിന്നുള്ള സി.പി.ഐയുടെ മിലിന്റ് റാനഡെ ഇവിടെയുണ്ടാവുക എന്നതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. പല രാഷ്ട്രീയപ്പാര്‍ട്ടികളും ഞാനവിടെ ഇല്ലായിരുന്നെങ്കില്‍ ഒരുമിച്ചു വേദി പങ്കിടില്ലായിരുന്നു.
അവസാനം താങ്കള്‍ കോണ്‍ഗ്രസ്സില്‍ ചേരുമെന്ന് ജനങ്ങള്‍ കരുതുന്നു?
ഇല്ല, ഞാന്‍ ചേരാന്‍ പോവുന്നില്ല. അതൊരു ധാരണയാണ്. ഇതൊരു സഖ്യം പോലുമല്ല. എല്ലാവര്‍ക്കും നേട്ടമുണ്ടാവുന്ന സംഗതിയാണിത്. ഭാവി പ്രധാനമന്ത്രിയാവാന്‍ ശേഷിയുള്ള രാഹുല്‍ഗാന്ധി വെറുതെ എന്റെ കൂടെ ചേരില്ലല്ലോ.
താങ്കള്‍ പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നുണ്ടോ?
തീര്‍ച്ചയായും.
ബി.ജെ.പിയുടെ പ്രചാരണത്തെക്കുറിച്ചു താങ്കള്‍ക്ക് എന്തു തോന്നുന്നു?
അത് വര്‍ഗീയമായിരുന്നു, അസംബന്ധങ്ങളായിരുന്നു, യാതൊരു പ്രസക്തിയുമില്ലാത്തതായിരുന്നു. മുമ്പു തനിക്കു സൃഷ്ടിക്കാന്‍ കഴിഞ്ഞ തരംഗങ്ങളുണ്ടാക്കാന്‍ ഇപ്പോള്‍ മോദിക്കു കഴിയുന്നില്ല. ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. വീണ്ടും വീണ്ടും ആവര്‍ത്തിച്ച്, ജനങ്ങളുടെ മുമ്പില്‍ വസ്തുതകള്‍ നിരത്താന്‍ കഴിയാതെ വളരെ ബോറിങ് ആയി തോന്നിച്ചു അദ്ദേഹം. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞുവെന്നു വേണം കരുതാന്‍. 2019ലാണ് ഇനിയുള്ള പോരാട്ടം. തൊഴില്‍രഹിതരും മാറ്റത്തിനായി തീവ്രമായി കൊതിക്കുന്നവരുമായ 50 കോടി യുവാക്കളെയും മാനസികമായി വാര്‍ധക്യത്തിലാക്കുകയാണ് മോദി ചെയ്യുന്നത്.
യുവാക്കള്‍ക്കിടയിലും മോദി ജനകീയനാണെന്നത് താങ്കള്‍ക്കു നിഷേധിക്കാന്‍ കഴിയില്ല?
ഇനിയൊരിക്കലും അദ്ദേഹമങ്ങനെ ആവാന്‍ തരമില്ല. മോദി ഒരു മാധ്യമ സൃഷ്ടിയാണ്. നിങ്ങള്‍ക്കു ജനസമ്മതി ഉണ്ടാക്കിത്തരാന്‍ കഴിയുന്ന ഏജന്‍സികള്‍ ഇന്നു ലോകത്തുണ്ട്. ധാരാളം പണമൊഴുക്കി അവര്‍ക്ക് നിങ്ങളെ ഒരു പ്രത്യേക തരത്തില്‍ പ്രൊജക്്റ്റ് ചെയ്യാന്‍ കഴിയും. ഈ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ മുന്‍വിധികളുണ്ടെന്നത് നിഷേധിക്കുന്നില്ല. അദ്ദേഹത്തെപ്പോലുള്ള ഹിന്ദുത്വരുടെ പിടിയിലാണ് രാജ്യത്തെ ഒരു വിഭാഗം യുവാക്കള്‍. വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗീബല്‍സിയന്‍ പ്രചാരണങ്ങള്‍ നിയോലിബറല്‍ അന്തരീക്ഷത്തിനും നഗരത്തിലെ മധ്യവര്‍ഗ യുവത്വത്തിന്റെയും സ്വപ്‌നങ്ങള്‍ക്കാണ് ചേരുക.
ജാതി അടിസ്ഥാനത്തിലുള്ള വോട്ടുകള്‍ ഇല്ലാതാക്കി ഹിന്ദു ബാനറില്‍ വോട്ടുകള്‍ ഏകീകരിക്കുന്ന അമിത്ഷാ-മോദി തന്ത്രത്തെ താങ്കളെങ്ങനെയാണ് പ്രതിരോധിക്കുക?
മിക്ക ഹിന്ദുക്കളും ഹിന്ദുക്കളല്ല എന്നും അവര്‍ ജാതിയാണെന്നും മുസ്‌ലിംകളെ കൊല്ലാനിറങ്ങുന്ന നേരത്തു മാത്രമേ അവര്‍ ഹിന്ദുക്കളാവുകയുള്ളൂ എന്നുമാണ് ബാബാസാഹബ് അംബേദ്കര്‍ പറഞ്ഞത്. അല്ലാത്തപ്പോഴൊക്കെ നാം ചിന്തിക്കുന്നതും വ്യാഖ്യാനവിശകലനം നടത്തുന്നതും ജാതിയുടെ പേരിലാണ്. ജനങ്ങള്‍ വിവാഹബന്ധങ്ങളുണ്ടാക്കുന്നതു പോലും ജാതി അടിസ്ഥാനത്തിലാണ്. ജാതി അടിസ്ഥാനത്തിലാണ് അവര്‍ ഒരുമിച്ചു നില്‍ക്കുന്നത്.
ഒരു സമ്പൂര്‍ണ ജാതിസമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍, ബി.ജെ.പിക്കു പലപ്പോഴും ഈ ജാതിസ്വത്വത്തിനു പുറത്തുകടക്കാനും തങ്ങള്‍ ഒരു ഏകശിലാത്മകമായ അസ്തിത്വമാണെന്നു ചിന്തിക്കാനും ജനങ്ങളെ പ്രാപ്തരാക്കാന്‍ എങ്ങനെയൊക്കെയോ കഴിഞ്ഞിട്ടുണ്ട്. യു.പിയുടെ കാര്യത്തില്‍, എന്റെയൊരു ധാരണവച്ചു, ദലിതര്‍ ഹിന്ദുക്കളല്ല മറിച്ച് എങ്ങനൊക്കെയോ അവര്‍ ബി.എസ്്.പിക്ക് പ്രസക്തിയില്ല എന്നു കരുതുകയുണ്ടായി. ഗുജറാത്തില്‍ ഏതായാലും ദലിതര്‍ ബി.ജെ.പിക്കൊപ്പമല്ല.
ദലിതര്‍ ഏറിയോ കുറഞ്ഞോ കോണ്‍ഗ്രസ്സിനെ പിന്തുണച്ചെങ്കില്‍, സംസ്ഥാനത്തെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ എന്താണ് താങ്കളുടെ റോള്‍?

ബി.ജെ.പി.വിരുദ്ധ ദലിത് മുന്നണി എന്നത് അടിത്തട്ടിലുള്ള എന്റെ സമരത്തിലൂടെ കരുത്തുറ്റതായി മാറി എന്നാല്‍ (സ്വത്വവാദത്തിനുപരിയായുള്ള) ഭൗതിക സൗകര്യങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുക എന്നത് ദൗര്‍ഭാഗ്യവശാല്‍ പുതുതായി വന്ന ഈ പ്രസ്ഥാനത്തിന്റെ അജണ്ടയായിരുന്നില്ല. എനിക്ക് നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ട് വളരെ വലിയ മാധ്യമശ്രദ്ധ ലഭിച്ചു. ടെലിവിഷന്‍ ചര്‍ച്ചകളില്‍ എപ്പോഴും ഞാന്‍ മോദിയെ രൂക്ഷമായി, പലപ്പോഴും അതിരൂക്ഷമായി തന്നെ വിമര്‍ശിച്ചിരുന്നു. ടെലിവിഷന്‍ സംവാദങ്ങളില്‍ ഞാനൊരു കടന്നാക്രമണക്കാരനായിരുന്നു. രാജ്യത്തെ ദലിത് ജനത തങ്ങളുടെ യുവനേതാക്കളിലൊരാള്‍ എപ്പോഴും ബി.ജെ.പിയോട് തര്‍ക്കിക്കുന്നത് കാണുകയായിരുന്നു. ഇത് 2019ല്‍ ഗുണം ചെയ്യും. ഗുജറാത്ത് തിരഞ്ഞെടുപ്പിനേക്കാള്‍ ദേശീയ തിരഞ്ഞെടുപ്പാണ് എന്റെ ലക്ഷ്യം.
രാഷ്ട്രീയത്തില്‍ ഹിന്ദി സംസാരിക്കുക എന്നത് പ്രധാനമാണെന്നു താങ്കള്‍ കരുതുന്നുണ്ടോ? മോദി ഹിന്ദിയെയും ഗുജറാത്തിയെയുമാണ് ആശ്രയിച്ചത്?
ഞാന്‍ ഇംഗ്ലീഷിലല്ല, ചിന്തിക്കുന്നത്. ഞാന്‍ ഇംഗ്ലീഷ് ചാനലില്‍ സംസാരിക്കാന്‍ പോവുമ്പോഴും ഹിന്ദിയിലെ സംസാരിക്കൂ എന്നാണ് അവരോടു പറയാറ്. ഇംഗ്ലീഷ് എനിക്ക് കുഴപ്പമില്ല എന്നാല്‍, അത്ര ഒഴുക്കില്ല. എന്നാല്‍, ഇംഗ്ലീഷിനു പ്രാധാന്യമുണ്ടെന്നു ഞാന്‍ കരുതുന്നു. ആളുകള്‍ നമ്മെക്കുറിച്ചെന്തു ധരിക്കുന്നു എന്നതാണ് രാഷ്ട്രീയം. നിങ്ങള്‍ സ്മാര്‍ട്ട് ആണെന്ന സന്ദേശം നിങ്ങള്‍ നല്‍കേണ്ടതുണ്ട്. നഗരകേന്ദ്രീകൃതമായ വരേണ്യ മധ്യവര്‍ഗങ്ങളെ ഇംഗ്ലീഷ് കൂടുതല്‍ ആകര്‍ഷിക്കും.
കഴിഞ്ഞ വര്‍ഷം താങ്കള്‍ പഠിച്ച ജീവിതപാഠം?
ഇതൊരു നിലയ്ക്കാത്ത പോരാട്ടമാണ്. ഓരോ ചുവടും നവീനവും സര്‍ഗാത്മകവുമായിരിക്കണം. ഈ രാജ്യം മഹാന്‍മാരായ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ക്കു ജന്മം നല്‍കിയിട്ടുണ്ട്. എന്നാല്‍, ജനങ്ങളവരില്‍ താല്‍പ്പര്യം കാണിച്ചില്ല. ജനങ്ങളുടെ ഭാവനകളില്‍ ഇടംപിടിക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാല്‍, അടിത്തട്ടിലെ യഥാര്‍ഥ സമരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പാടില്ല. ജനങ്ങള്‍ക്കു വേണ്ടി പണിയെടുക്കാത്തിടത്തോളം കാലം നിങ്ങള്‍ക്കൊന്നുമാവാന്‍ കഴിയില്ല.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ് ഹഫിങ്ടണ്‍ പോസ്റ്റിനു അനുവദിച്ച അഭിമുഖം.
വിവര്‍ത്തനം:
അഡ്വ. എം. അബ്ദുല്‍ കബീര്‍
Next Story

RELATED STORIES

Share it