Alappuzha local

നഷ്്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ ചുവപ്പു നാടയില്‍

ഹരിപ്പാട്:  കുട്ടനാട്ടിലും പരിസരങ്ങളിലുമായി താറാവുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ മാസങ്ങള്‍ പിന്നിടുമ്പോഴും അപേക്ഷകള്‍ ചുവപ്പുനാടയിലൊതുങ്ങുന്നതായി ആക്ഷേപം. വീയപുരം പഞ്ചായത്തിലെ മേപ്പാടം കരിപ്പോലിക്കാട്ടില്‍ ആനന്ദന്‍, വീയപുരം രണ്ടാം വാര്‍ഡില്‍  തഴക്കരയില്‍ കൊച്ചുമോന്‍, തങ്കന്‍ എന്നിവരുടേയും നിരണം പഞ്ചായത്തില്‍ കിഴക്കുംഭാഗം കൊമ്പങ്കേരില്‍ സാമുവല്‍ എന്നിവരുടെയും 8000 താറാവുകളാണ് ചത്തത്. തലവടി, ചെന്നിത്തല, അമ്പലപ്പുഴ, കരുവറ്റ എന്നിവിടങ്ങളിലും നിരവധി താറാവുകള്‍ ചത്തൊടുങ്ങി. കൊമ്പങ്കേരില്‍ സാമുവലിന്റ  മൂവായിരത്തോളം മുട്ടത്താറാവുകള്‍ ചത്തു. ഹാച്ചറികളില്‍ നിന്നും കുഞ്ഞുങ്ങളെ വിലക്കു വാങ്ങി പതിനായിരങ്ങള്‍ ചെലവഴിച്ചാണ് വളര്‍ത്തിയത്്. ഒരു താറാവിന് 300 രൂപയ്ക്ക് മുകളില്‍ ചെലവായതായി കര്‍ഷകര്‍ പറയുന്നു. താറാവുകള്‍ ചത്താല്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ വിവരം അറിയിക്കുകയും മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള പരിശോധനാ കേന്ദ്രമായ തിരുവല്ല മഞ്ഞാടിയില്‍ അറിയിക്കുകയോ ചത്ത താറാവിന്റെ സാമ്പിള്‍ എത്തിച്ചു കൊടുക്കുകയോ ചെയ്യും. പ്രാഥമിക പരിശോധനക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ പാലോട് പ്രവര്‍ത്തിക്കുന്ന ലാബിലും പരിശോധനക്ക് അയക്കും. ശേഷം തുടര്‍ നടപടികള്‍ ചുവപ്പു നാടയിലാവുകയാണ് പതിവ്്. പക്ഷിപ്പനി, വൈറസ്, പ്രാദേശിക കാരണങ്ങള്‍ ഇവയിലേതെങ്കിലും മൂലമാണ് താറാവുകള്‍ ചത്തതെന്ന്്് കര്‍ഷകര്‍ക്ക് അറിയിപ്പു നല്‍കുന്നതല്ലാതെ മറ്റു നടപടികളുണ്ടാവില്ല. കര്‍ഷകരുടെ ഒരു സീസണിലെ പ്രതീക്ഷകള്‍ താറാവുകളുടെ കൂട്ടചാവല്‍ മൂലം തകര്‍ന്നടിയുമ്പോള്‍  ബാക്കിയാവുന്നത് നഷ്ടത്തിന്റെ കണക്കു മാത്രം. ഇന്‍ഷുറന്‍സ് പരിരക്ഷയോ, അവശ്യ സമയങ്ങളില്‍ വാക്‌സിനേഷനുള്ള മരുന്നുകള്‍  സമയബന്ധിതമയി ലഭിക്കുകയോ ചെയ്യുന്നില്ല. താറാവ് വളര്‍ത്തലുമായി ബന്ധപ്പെട്ട് സമീപ കാലങ്ങളിലായുണ്ടാവുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പില്‍ നിന്നു ബോധവല്‍കരണം ലഭിക്കുന്നില്ലെന്നുമുള്ള നിരവധി പരാതികള്‍ കര്‍ഷകര്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താറാവുകളെ വിരിയിക്കുന്നത് അപ്പര്‍ കുട്ടനാട്ടിലാണ്. ചാര ചെമ്പല്ലി ഇനത്തിലുള്ള കുട്ടനാടന്‍ ബ്രാന്‍ഡ് താറാവുകളെയാണ് ഹാച്ചറികളില്‍ വിരിയിക്കുന്നത്. അതിനാല്‍ വാക്‌സിനേഷനുള്ള മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതിന് കുട്ടനാട്ടില്‍ സൗകര്യം  ഒരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നഷ്ടപരിഹാരം നല്‍കുന്നതിനും കര്‍ഷകരെ ഈ മേഖലയില്‍ നിലനിര്‍ത്തുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനും അടിയന്തര നടപടിയെടുക്കണമെന്നും കര്‍ഷകര്‍  ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it