Flash News

നഷ്ടപ്പെട്ട മകളെ 24 വര്‍ഷത്തിന് ശേഷം കണ്ടെത്തി

ബെയ്ജിങ്: 24 വര്‍ഷത്തെ തിരച്ചിലിനൊടുവില്‍ ചൈനീസ് ദമ്പതികള്‍ക്ക് അവരുടെ മകളെ തിരിച്ചുകിട്ടി. ചെങ്ഷു നഗരത്തിലെ ടാക്‌സി ഡ്രൈവറായ വാങ് മിഗ്കിങിന്റെ കുടുംബത്തിനാണ് നഷ്ടപ്പെട്ടെന്നു കരുതിയ മകളെ തിരിച്ചുകിട്ടിയത്. ഒരിക്കല്‍ തന്റെ ടാക്‌സി കാറില്‍ യാത്രക്കാരിയായി മകളെത്തുമെന്നു പിതാവായ വാങ് പറഞ്ഞത് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്തയായതാണ് കൂടിച്ചേരലുകള്‍ക്ക് കളമൊരുങ്ങിയത്. 27കാരിയായ കാങ് യിങിനാണ് കുടുംബത്തെ കിട്ടിയത്.
റോഡരികില്‍ പഴങ്ങള്‍ വില്‍പന നടത്തുന്നതിനിടെ മകള്‍ ക്വിഫിങിനെ മൂന്നാമത്തെ വയസ്സിലാണ് വാങിനും ഭാര്യ ലിയുവിനും നഷ്ടമായത്. അന്നുമുതല്‍ 24 വര്‍ഷമായി മകള്‍ക്കായുള്ള തിരച്ചിലിലായിരുന്നു ഈ കുടുംബം. പരാതി നല്‍കിയിരുന്നു. മാധ്യമങ്ങളില്‍ മകളെ കാണാനില്ലെന്നു കാണിച്ച് പരസ്യം നല്‍കി. ടാക്‌സി കാറില്‍ ഡ്രൈവറായതു മുതല്‍ വാങ് തന്റെ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നഷ്ടപ്പെട്ട മകളുടെ പടമടങ്ങുന്ന നോട്ടീസ് നല്‍കും. ഇതാണ് വാര്‍ത്തയായത്. വാങിന്റെ മകള്‍ക്കായുള്ള കാത്തിരിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മകളെ കണ്ടെത്തുന്നതിന് പോലിസും സഹായഹസ്തവുമായെത്തി. വാങിന്റെ മകളുടെ ഛായ തോന്നിപ്പിക്കുന്ന നിരവധി പെണ്‍കുട്ടികളുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, 27 വയസ്സുള്ള വാങിന്റെ മകളുടെ ഛായാചിത്രം പോലിസ് ഏര്‍പ്പെടുത്തിയ ചിത്രകാരനാണ് വരച്ചത്. ഇത് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനിടെ, നഗരത്തില്‍ നിന്ന് കിലോമീറ്റര്‍ അകലെ നിന്ന് കാങ് യിങ് എന്ന യുവതിയുടെ ഫോണ്‍ വിളി വാങിനെ തേടിയെത്തി. ഛായാചിത്രം അവരുടേതുപോലെ ഇരിക്കുന്നതായിരുന്നു കാരണം. തുടര്‍ന്ന്, അവര്‍ വാങിനെ കാണാന്‍ നാട്ടിലെത്തുകയും ഡിഎന്‍എ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ കാങ് യിങ് മകളാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി.
Next Story

RELATED STORIES

Share it