നഷ്ടപരിഹാരം സ്വീകരിക്കുന്നത് വൈകിയാല്‍ ഏറ്റെടുക്കല്‍ റദ്ദാക്കാനാവില്ല

ന്യൂഡല്‍ഹി: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകൂടങ്ങള്‍ക്ക് ആശ്വാസമായി സുപ്രിംകോടതിയുടെ പുതിയ നിര്‍ദേശം. ഏറ്റെടുക്കേണ്ട ഭൂമിയുടെ നഷ്ടപരിഹാരം സ്വീകരിക്കുന്നതില്‍ ഉടമകള്‍ കാലതാമസം വരുത്തുന്നതു മൂലം ഭൂമി ഏറ്റെടുക്കുന്നത് റദ്ദാക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പൊതു ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കോടതി വ്യവഹാരങ്ങള്‍ കാരണം നഷ്ടപരിഹാരം സ്വീകരിക്കുന്നത് വര്‍ഷങ്ങളോളം വൈകിയാലും ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കാനാവില്ല. നഷ്ടപരിഹാരം സ്വീകരിക്കാതിരിക്കുന്നതിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്നോട്ടുപോവേണ്ടതില്ല. സര്‍ക്കാര്‍ പദ്ധതികള്‍ പൊതുജനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ളതാണ്. തര്‍ക്കങ്ങളുടെ പേരില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കാലതാമസം വരരുതെന്നും സുപ്രിംകോടതി പ്രതികരിച്ചു.വ്യവഹാരങ്ങളുടെ പേരില്‍ ഏറ്റെടുക്കാനാവാതെ നീണ്ടുപോവുന്ന ഭൂമിയില്‍ വീണ്ടും അവകാശം ഉന്നയിക്കാനുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 24(2) വകുപ്പ് ആനുകൂല്യം ഭൂവുടമകള്‍ ദുരുപയോഗം ചെയ്യരുതെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എ കെ ഗോയല്‍, എം എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളില്‍ നഷ്ടപരിഹാരം വൈകുകയോ അഞ്ചു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കാതിരിക്കുകയോ ചെയ്താല്‍ ഭൂമി ഭൂവുടമകള്‍ക്ക് തിരികെ നല്‍കുന്നതാണ് നിലവിലെ വ്യവസ്ഥ.ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂവുടമകള്‍ സ്വീകരിക്കാത്തതിനാല്‍ ഭൂമി തിരികെ നല്‍കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇന്‍ഡോര്‍ വികസന അതോറിറ്റി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. അതേസമയം, നിശ്ചിത സമയത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കാതിരിക്കുകയോ ഭൂമി സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം കരാര്‍ അസാധുവായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കരാറില്‍ നിന്ന് വ്യത്യസ്തമായി നഷ്ടപരിഹാരം നല്‍കുകയോ നഷ്ടപരിഹാരം നിഷേധിക്കുകയോ ചെയ്താല്‍ ഭൂവുടമകള്‍ക്ക് ഭൂമി തിരിച്ചുപിടിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it