kasaragod local

നഷ്ടപരിഹാരം നല്‍കാന്‍ ഫണ്ടില്ലെന്ന്; പ്രതിഷേധം ശക്തം

കാസര്‍കോട്്: ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫണ്ടില്ല. ഇതോടെ സ്ഥലം ഏറ്റെടുക്കല്‍ പ്രതിസന്ധിയിലായി. തലപ്പാടി മുതല്‍ കാലിക്കടവ് വരേയുള്ള ദേശീയപാതയോരത്ത് നിരവധി കെട്ടിടങ്ങളും സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളുമാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടിവരുന്നത്. എന്നാല്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലുള്ള പ്രതിഫലം നല്‍കുന്നതിന് ഫണ്ട് അനുവദിച്ചിട്ടില്ല. സ്ഥലം നഷ്ടപ്പെടുന്നവരെ ലാന്റ്അക്വിസിഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്്ടറുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തി 12 രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. ആധാരം അടക്കമുള്ള രേഖകളാണ് ഓഫിസില്‍ ഏല്‍പ്പിക്കേണ്ടത്. എന്നാല്‍ ഇതിനുള്ള പ്രതിഫലം പിന്നീടെപ്പോഴെങ്കിലും നല്‍കാമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി. ഇതേ തുടര്‍ന്ന് പലരും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടില്ല. ഇതോടെ ദേശീയപാത വികസനം തടസ്സപ്പെട്ടിരിക്കുകയാണ്. തലപ്പാടി, കുഞ്ചത്തൂര്‍, മാഡ, മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള ഗേറ്റ്, ഉപ്പള ടൗണ്‍, കൈക്കമ്പ, മുംബൈ ബസാര്‍, ബന്തിയോട്, ഷിറിയ, ആരിക്കാടി, കുമ്പള ടൗണ്‍, മൊഗ്രാല്‍, മൊഗ്രാല്‍പുത്തൂര്‍, എരിയാല്‍, ചൗക്കി, അടുക്കത്ത്ബയല്‍, കറന്തക്കാട്, പുതിയ ബസ് സ്റ്റാന്റ്, നുള്ളിപ്പാടി, അണങ്കൂര്‍, വിദ്യാനഗര്‍, നായന്മാര്‍മൂല, സന്തോഷ് നഗര്‍, നാലാംമൈല്‍, ഇന്ദിരാനഗര്‍, ചെര്‍ക്കളടൗണ്‍, ബേവിഞ്ച, ചട്ടഞ്ചാല്‍, പൊയിനാച്ചി, പെരിയ, മാവുങ്കാല്‍,  പടന്നക്കാട്, നീലേശ്വരം ടൗണ്‍, ചെറുവത്തൂര്‍, കാലിക്കടവ്, നീലേശ്വരം പള്ളിക്കര തുടങ്ങിയ ഭാഗങ്ങളിലെ നൂറുകണക്കിന് ആളുകളുടെ വീടുകളും സ്ഥാപനങ്ങളുമാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടിവരുന്നത്. അഞ്ച് സെന്റില്‍ വീട് കെട്ടി താമസിക്കുന്ന പല നിര്‍ധന കുടുംബങ്ങളുടേയും സ്ഥലം നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ സ്ഥലം റോഡ് വികസനത്തിന് ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം കിട്ടാതെ തങ്ങള്‍ എവിടെപ്പോയി അന്തിയുറങ്ങുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. വന്‍കിട കെട്ടിടങ്ങളുടെ ഉടമകളോട്  കരാര്‍ അധികൃതര്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സാധാരണക്കാരുടെ സ്ഥലം ഏറ്റെടുക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന നഷ്ടപരിഹാരത്തിന് കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണെന്ന് സ്ഥലം നഷ്ടപ്പെടുന്നവര്‍ തേജസിനോട് പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതോടെ ദേശീയപാത വികസനവും പ്രതിസന്ധിയിലായി.
Next Story

RELATED STORIES

Share it