നഷ്ടപരിഹാരം ഉയര്‍ത്താന്‍ സിവില്‍ കോടതിയെ സമീപിക്കാം

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തി ല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും കൂടുതല്‍ നഷ്ടപരിഹാരത്തിനായി വെടിക്കെട്ട് നടത്തിയവര്‍ക്കെതിരേ കോടതിയില്‍ സിവില്‍ കേസ് സമര്‍പ്പിക്കാമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. സര്‍ക്കാരില്‍ നിന്നു ലഭിച്ച സഹായങ്ങള്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാനുള്ള സിവില്‍ ക്ലെയിമിന് തടസ്സമല്ലെന്നും ഉത്തരവില്‍ പറയുന്നു. സിവില്‍ കേസ് നല്‍കാന്‍ സാമ്പത്തികസ്ഥിതിയില്ലാത്തവര്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍നിന്നു സൗജന്യ നിയമസഹായം തേടാം.
അപകടം മൂലമുള്ള വ്യക്തിപരമായ നഷ്ടങ്ങളും മാനസിക പ്രയാസങ്ങളും സിവില്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന നഷ്ടപരിഹാര അപേക്ഷയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിക്കാത്തവര്‍ ജില്ലാ കലക്ടറെ സമീപിക്കണം. കലക്ടര്‍ നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാം. പടക്ക നിര്‍മാണത്തിനും പാറ പൊട്ടിക്കാനും ലൈസന്‍സ് നല്‍കുമ്പോള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് ചീഫ് കണ്‍ട്രോളര്‍ ഫോര്‍ എക്‌സ്‌പ്ലോസീവ്‌സ് നിര്‍ബന്ധമായും പരിശോധിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം.
പുറ്റിങ്ങല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. സംഭവത്തി ല്‍ കുറ്റക്കാരായവരെ ജുഡീ ഷ്യല്‍ അനേ്വഷണ വേളയില്‍ കണ്ടെത്താവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു. അതുവരെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി പ്രസ്താവനകള്‍ നടത്താതെ എല്ലാവരും ആശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.
വെടിക്കെട്ട് നടത്തിയ കരാറുകാരെക്കാള്‍ ഉല്‍സവത്തിന്റെ സംഘാടകരാണ് കേസിലെ പ്രധാന പ്രതികളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ഉല്‍സവ സംഘാടകരെ പോലിസ് എഫ്‌ഐആറില്‍ നിന്നും ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ഇക്കാര്യം അനേ്വഷണ സംഘം അനേ്വഷിച്ച് കോടതിയെ അറിയിക്കണം. മതപരമായ ആഘോഷങ്ങള്‍ നടത്തുന്ന സംഘാടകര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസിന് മടിയാണെന്ന് ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു.
തിരുവനന്തപുരത്തെ ഒരു ദേവാലയത്തില്‍ 15 കോളാമ്പി മൈക്കുകള്‍ ഉപയോഗിക്കുന്നതിനെതിരേ നടപടിയെടുക്കാ ന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോള്‍ വര്‍ഗീയ കലാപം ഉണ്ടാവുമെന്നാണ് പോലിസ് അറിയിച്ചതെന്ന് ജസ്റ്റിസ് ജെ ബി കോശി ചൂണ്ടിക്കാട്ടി.
നിയമങ്ങള്‍ ധൈര്യമായി നടപ്പാക്കിയാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നും ഉത്തരവില്‍ പറയുന്നു. കുറ്റക്കാര്‍ ഏതു മതത്തില്‍പ്പെട്ടവരാണെങ്കിലും പോലിസുകാര്‍ നടപടിയെടുക്കണം. പരാതിക്കാരെ സംരക്ഷിക്കുകയും വേണം. വെടിക്കെട്ട് ദുരന്തത്തിന് കാരണമായവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it