Flash News

നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാമത് കെഎസ്ആര്‍ടിസി ; വരുമാനം കൂടുതല്‍ ബെവ്‌കോയ്ക്ക്



തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൂടുതല്‍ നഷ്ടവുമായി ഓടുന്നത് കെഎസ്ആര്‍ടിസി തന്നെയെന്ന് സിഎജി റിപോര്‍ട്ട്. കെഎസ്ആര്‍ടിസി വരുത്തിയ നഷ്ടം 583.90 കോടിയാണ്. ഏറ്റവും കൂടുതല്‍ ലാഭം നല്‍കിയ പൊതുമേഖലാ സ്ഥാപനം കേരള ബിവറേജസ് കോര്‍പറേഷനാണ്- 151.06 കോടി. കെഎസ്ആര്‍ടിസിയില്‍ മാനേജ്‌മെന്റിന്റെ അനാസ്ഥകാരണം മാത്രം നഷ്ടമായത് 125 കോടിയിലേറെയാണ്. പിന്‍വലിച്ച പഴയ ബസ്സുകള്‍ക്കു പകരം യഥാസമയം പുതിയ ബസ്സുകള്‍ നിരത്തിലിറക്കാതിരുന്നതു കാരണം 103.59 കോടിയുടെ വരുമാന നഷ്ടവും ഉണ്ടായി. ഷാസികള്‍ വാങ്ങുന്നതിലും ബോഡി നിര്‍മാണത്തിലും നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ്സുകള്‍ ഡിപ്പോകളിലേക്ക് അയക്കുന്നതിലുമുള്ള കാലതാമസം കാരണമാണ് നഷ്ടം ഇത്തരത്തില്‍ വര്‍ധിച്ചതെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. ഇന്‍ഷുറന്‍സും രജിസ്‌ട്രേഷനും ഫിറ്റ്‌നസും ലഭ്യമായാല്‍ മാത്രമേ ബോഡി നിര്‍മാണം പൂര്‍ത്തിയായ ബസ്സുകള്‍ ഡിപ്പോകളിലേക്ക് അയക്കാന്‍ കഴിയൂ. ഇവ ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ ഇതേ കാലയളവില്‍ നിര്‍മിച്ച 1,845 ബസ്സുകളില്‍ 1,133 എണ്ണം ഡിപ്പോകളിലേക്കയച്ചത് രണ്ടു മാസം വൈകിയായിരുന്നു. ഈ കാലതാമസം കാരണം 9,943 ബസ് ദിനങ്ങളാണ് നഷ്ടപ്പെട്ടത്. ഇതിലൂടെ 10.12 കോടിയും നഷ്ടപ്പെട്ടു.ലാഭമുണ്ടാക്കി നല്‍കിയ സ്ഥാപനങ്ങളില്‍ രണ്ടാമത് കെഎസ്എഫ്ഇയും (70.72 കോടി), തുടര്‍ന്ന് വ്യവസായ വികസന കോര്‍പറേഷന്‍ ലിമിറ്റഡും (21.32 കോടി) ആണ്. നഷ്ടം വരുത്തിയതില്‍ കെഎസ്ആര്‍ടിസി കഴിഞ്ഞാല്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനും (89.11 കോടി), സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ലിമിറ്റഡും (88.77 കോടി) ആണ്.സംസ്ഥാനത്ത് ആകെയുള്ള 113 പൊതുമേഖലാ സ്ഥാപനങ്ങളിലെ വിറ്റുവരവ് 19,878.35 കോടിയാണ്. ഇതു സംസ്ഥാന ജിഡിപിയുടെ 3.40 ശതമാനം വരും. 50 സ്ഥാപനങ്ങള്‍ 395.55 കോടി ലാഭമുണ്ടാക്കി. 56 സ്ഥാപനങ്ങള്‍ 1019.33 കോടി നഷ്ടവും വരുത്തിവച്ചു. മൂന്നു പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭമോ നഷ്ടമോ ഉണ്ടാക്കിയില്ല.
Next Story

RELATED STORIES

Share it