thiruvananthapuram local

നഷ്ടക്കണക്ക് ; നിഷേധിച്ച ആനുകൂല്യം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: സാമ്പത്തിക നഷ്ടത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ കമ്പനി നിരസിച്ച പെന്‍ഷന്‍ ആനുകൂല്യം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് ലഭിച്ചു. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡില്‍ (സില്‍ക്ക്) നിന്ന് വിരമിച്ച ജീവനക്കാരന്‍ വെള്ളായണി പൂങ്കുളം സ്വദേശി സി ശശിധരന്‍ നാടാര്‍ക്കാണ് 97,432 രൂപയുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിച്ചത്. ശശിധരന്‍ നാടാര്‍ വിരമിക്കുമ്പോള്‍ കമ്പനി നല്‍കിയത് 12,000 രൂപ മാത്രമാണ്. 2014 ഫെബ്രുവരിയില്‍ 12,000 രൂപ നല്‍കിയ ശേഷം ബാക്കി തുക ഓണത്തിന് നല്‍കാന്‍ ശ്രമിക്കാമെന്നായിരുന്നു വാഗ്ദാനം. ഇപിഎഫ്, ഇഎസ്‌ഐ, വാറ്റ് തുടങ്ങിയ തുകകള്‍ അതാത് സ്ഥാപനങ്ങളിലേക്ക് അടയ്ക്കാന്‍ ബാക്കിയുണ്ടെന്നും കമ്പനി കമ്മീഷനെ അറിയിച്ചു. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിയില്‍ നിന്നും വിരമിച്ച തനിക്ക് ഗ്രാറ്റുവിറ്റി നല്‍കാതെ അതിനുശേഷം വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് പരാതിക്കാരന്‍ അറിയിച്ചു. കമ്മീഷന്‍ സില്‍ക്ക് മാനേജിങ് ഡയറക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം സമയത്ത് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് എംഡി നേരില്‍ ഹാജരാവാന്‍ കമ്മീഷന്‍ സമന്‍സ് അയച്ചു. ഇതേതുടര്‍ന്ന് ഗ്രാറ്റുവിറ്റി തുകയായ 97,432 രൂപ പരാതിക്കാരന് നല്‍കിയതായി സില്‍ക്ക് മാനേജിങ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
Next Story

RELATED STORIES

Share it