Kollam Local

നവ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ വ്യാപകം

ചവറ: ഭിക്ഷാടന മാഫിയയേയും വീട്ടില്‍ കച്ചവടക്കാരായി എത്തുന്നവരെയും സൂക്ഷിക്കണമെന്നും ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെടുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ വ്യാപകമാവുന്നു. ഇത്തരത്തിലുള്ളവര്‍  കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ വരുന്നവരും രാത്രിയില്‍ കവര്‍ച്ചക്കായി എത്തുന്നവരുമാണെന്ന മെസേജുകളാണ് വാട്‌സപ്പടക്കമുള്ള നവ മാധ്യമങ്ങള്‍ വഴി പടര്‍ത്തുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാട്ടിയും സിനിമാരംഗങ്ങള്‍ കോര്‍ത്തിണക്കിയുമാണ് പല മെസേജുകളും ഉണ്ടാക്കിയിട്ടുള്ളത്. സമൂഹത്തിലെ സാധാരണക്കാര്‍ മുതല്‍ വിദ്യാസമ്പന്നര്‍വരെ കിട്ടുന്ന മെസേജുകളുടെ അധികാരികതയോ വിശ്വാസ്യതയോ പരിശോധിക്കാതെ ഷെയര്‍ ചെയ്യുന്നതും സമൂഹത്തില്‍ ഭീതി പരത്താന്‍ സഹായിക്കുന്നുണ്ട്. പലയിടങ്ങളില്‍ നിന്നും തട്ടിക്കൊണ്ട് പോകല്‍ വാര്‍ത്തകള്‍ അഭ്യൂഹമായി ഉയര്‍ന്ന് കേള്‍ക്കുമ്പോഴും ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനുകളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് വീടുകള്‍ തോറും കയറിയിറങ്ങി തവണ വ്യവസ്ഥയിലും മറ്റും മെത്ത, കസേര, കര്‍ട്ടണ്‍ തുടങ്ങിയ സാധനങ്ങള്‍ കച്ചവടം നടത്തുന്നവരെയും പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നവരെയുമാണ്. ഭയം നിലനില്‍ക്കുന്നത് കൊണ്ട് സ്ത്രീകളടക്കമുള്ളവര്‍ കച്ചവടക്കാരെ കാണുമ്പോള്‍ തന്നെ കുഞ്ഞുങ്ങളേയും കൂട്ടി വീട്ടിനുള്ളില്‍ കയറി കതകടക്കുകയും ചിലര്‍ അപമാനിക്കുകയും ചെയ്യുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. ചില സ്ഥലങ്ങളില്‍ കയ്യേറ്റ ശ്രമങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് വൃദ്ധനടക്കമുള്ളവരെ ഭിക്ഷാടന മാഫിയയായി തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്നലെ നിയമസഭയില്‍ എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലും ജനങ്ങള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ കണ്ട് പരിഭ്രാന്തരാവരുതെന്നും വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് ഇത് സംബന്ധിച്ച് പോലിസിന് കിട്ടിയിരിക്കുന്നതെന്നും പറഞ്ഞിരുന്നു. ഇത്തരം കേസുകള്‍ നേരിടാന്‍ െ്രെകം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്‍ പ്രവര്‍ത്തിച്ച് വരുന്നതായും അദ്ദേഹം അറിയിച്ചു. കേരള ഡിജിപി ലോക് നാഥ് ബെഹ്‌റ പുറത്തിറക്കിയ അറിയിപ്പിലും ഇത്തരം വിവരങ്ങള്‍ പങ്ക് വച്ചിരുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ വീടുകളില്‍ രാത്രിയുടെ മറവില്‍  സ്റ്റിക്കര്‍ ഒട്ടിച്ച് പരിഭ്രാന്തി പരത്തുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് പോലിസിന് നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്. പുതിയ  ഗ്ലാസ്സുകള്‍ വാങ്ങുമ്പോള്‍ അതിലുള്ള കറുത്ത സ്റ്റിക്കറാണ് ജനങ്ങള്‍ തെറ്റിദ്ധരിച്ചതെന്ന പോലിസിന്റെ വിശദീകരണവും ജനങ്ങള്‍ വിശ്വസിച്ചിട്ടില്ല. പഴയ വീടുകളിലും മറ്റും കറുത്ത സ്റ്റിക്കര്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതും പോലിസിന്റെ വാദത്തിന്റെ മുനയൊടിക്കുന്നു. ഇതിന്റെ പിന്നില്‍ സിസിടിവി മാഫിയ യാണെന്ന് ഒരു വിഭാഗം ജനങ്ങള്‍ ആരോപിക്കുമ്പോള്‍ നിലവില്‍ കച്ചവടം വര്‍ദ്ധിച്ചിട്ടുണ്ടെന്ന കാര്യം സിസിടിവി രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സമ്മതിക്കുന്നു.
Next Story

RELATED STORIES

Share it