kasaragod local

നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടും നിര്‍മാണം ആരംഭിച്ചില്ല

നെല്ലിക്കുന്ന്: ബീച്ച് പാര്‍ക്ക് നവീകരണത്തിന് നഗരസഭ ഫണ്ട് അനുവദിച്ചിട്ടും നിര്‍മാണം ആരംഭിച്ചില്ല. കഴിഞ്ഞ നഗരസഭ ഭരണസമിതി ബീച്ച് പാര്‍ക്ക് നവീകരണത്തിനായി പത്ത് ലക്ഷം രുപ നീക്കിവച്ചിരുന്നു. എന്നാല്‍ ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല.
ലൈറ്റ് ഹൗസിന് മുന്‍വശത്തെ പാര്‍ക്കാണ് നവീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ പാര്‍ക്കിന് ചുറ്റുമതിലും ഇരിപ്പിടങ്ങളുമുണ്ടായിരുന്നു. സാമൂഹികദ്രോഹികള്‍ രാത്രിയില്‍ പാര്‍ക്ക് കൈയ്യേറി ചുറ്റുമതില്‍ തകര്‍ക്കുകയും ഇരിപ്പിടങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ബീച്ച് പാര്‍ക്ക് നവീകരിക്കാന്‍ നഗരസഭ ഫണ്ട് വകയിരുത്തിയത്. ചുറ്റുമതില്‍ നിര്‍മിച്ച് ഇന്റര്‍ലോക്ക് ചെയ്ത് ഇരിപ്പിടങ്ങള്‍ നിര്‍മിച്ച് പൂച്ചെടികള്‍ നട്ട് പാര്‍ക്ക് മനോഹരമാക്കാനാണ് നഗരസഭ ബജറ്റില്‍ തുക നീക്കിവെച്ചത്.
ഫണ്ട് അനുവദിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല. ഇതിനിടയില്‍ നഗരസഭക്ക് പുതിയ സാരഥികള്‍ വരുകയും ചെയ്തു. എന്നിട്ടും പാര്‍ക്കിന്റെ നവീകരണത്തിന് നടപടിയായില്ല.
ടൗണിലും പരിസരങ്ങളിലുമുള്ള നിരവധി പേരാണ് വൈകീട്ടും മറ്റും പാര്‍ക്കിലെത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ഇവിടെ എത്തുന്നവര്‍ക്ക് ദുരിതമാണ്.
അവധി, ആഘോഷ ദിവസങ്ങളില്‍ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളെ ഭീഷണിപ്പെടുത്തുന്നത് പതിവായതിനെ തുടര്‍ന്ന് ഇവിടെ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലിസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. മദ്യപിച്ച് ലക്കുകെട്ടെത്തുന്ന സാമൂഹിക ദ്രോഹികള്‍ സ്ത്രീകള്‍ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നത് പതിവായതിനെ തുടര്‍ന്ന് ഇരുട്ടുന്നതിന് മുമ്പ് തന്നെ സഞ്ചാരികള്‍ തിരിച്ചുപോവുകയാണ് പതിവ്. പാര്‍ക്ക് നവീകരിച്ച് സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it