World

നവീകരണത്തിനു ശേഷം പാനമ കനാല്‍ തുറന്നു

പാനമ സിറ്റി: വലിയ കപ്പലുകള്‍ക്കു പോവാന്‍ സാധിക്കുന്ന രീതിയില്‍ ആഴവും വീതിയും വര്‍ധിപ്പിച്ച് നവീകരണത്തിനു ശേഷം പാനമ കനാല്‍ ഇന്നലെ തുറന്നുകൊടുത്തു.
അറ്റ്‌ലാന്റിക് സമുദ്രത്തില്‍നിന്നു ശാന്തസമുദ്രത്തിലേക്ക് പുതിയ കനാല്‍ വഴി ആദ്യം കടന്നുപോയത് ചൈനീസ് ചരക്കുകപ്പലായിരുന്നു. കനാല്‍ ലോകത്തെ ബന്ധിപ്പിക്കാനുതകുന്നതാണെന്നാണ് പാനമ പ്രസിഡന്റ ജൂവാന്‍ വരെലാ വിശേഷിപ്പിച്ചത്.
കനാലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ച 30,000ത്തോളം തൊഴിലാളികള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. 2007ലാണ് 77 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിന്റെ നവീകരണപരിപാടികള്‍ ആരംഭിച്ചത്. പണികള്‍ 2014ല്‍ പൂര്‍ത്തീകരിക്കണമെന്നാണ് നേരത്തേ കരുതിയത്. കൂലിയെച്ചൊല്ലിയുണ്ടായ സമരങ്ങളും മറ്റും പണി പൂര്‍ത്തിയാവുന്നതിന് തടസ്സം നിന്നു.
5.2 കോടി ഡോളര്‍ ചെലവഴിച്ചാണ് കനാല്‍ നവീകരിച്ചത്. ഓരോ ദിവസവും 35 മുതല്‍ 40 വരെ കപ്പലുകള്‍ ഇതിലൂടെ കടന്നുപോയേക്കും. കനാല്‍ വഴിയുള്ള വരുമാനം വര്‍ധിക്കുമെന്നാണ് പാനമ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.6 കോടിയായിരുന്നു കനാലില്‍ നിന്നുള്ള വരുമാനം.
യഥാര്‍ഥ പാനമ കനാല്‍ നിര്‍മാണം കഴിഞ്ഞ് തുറന്നുകൊടുത്തത് 1914ലാണ്. യുഎസ് നിര്‍മിതമായ കനാല്‍ പിന്നീട് പ്രാദേശിക സര്‍ക്കാരിന് 1999ല്‍ കൈമാറി.
Next Story

RELATED STORIES

Share it