Kottayam Local

നവീകരണത്തിനായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് ഇന്നു മുതല്‍ അടച്ചിടും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്നു മുതല്‍ സ്റ്റാന്‍ഡ് അടയ്ക്കും. പൊട്ടിപ്പൊളിഞ്ഞ ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മിക്കുന്നതിനായി ഡോ.എന്‍ ജയരാജ് എംഎല്‍എ അനുവദിച്ച 90 ലക്ഷം രുപ മുടക്കിയാണ് നിര്‍മാണം നടത്തുന്നത്.
ബസ് സ്റ്റാന്‍ഡില്‍ നിലവിലുള്ള പഴയ ബസ് കാത്തിരുപ്പു കേന്ദ്രം പൊളിച്ച് അതേ സ്ഥാനത്തു തന്നെ പുതിയ കാത്തിരുപ്പു കേന്ദ്രം നിര്‍മിക്കും.കാത്തിരുപ്പു കേന്ദ്രത്തില്‍ സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. ബസ് സ്റ്റാന്‍ഡില്‍ നിന്നു പുറത്തു ദേശീയ പാതയിലേക്കു പ്രവേശിക്കുന്ന റോഡിന്റെ ഇരുവശവും ടൈലുകള്‍ പാകി നവീകരിക്കും. പുറത്തേക്കുള്ള പൊളിഞ്ഞ റോഡ് കോണ്‍ക്രീറ്റ് ചെയ്യും. ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബലവത്തായി കോണ്‍ക്രീറ്റിങ് ചെയ്ത ഭാഗം ഒഴികെയുള്ള മുഴുവന്‍ ഭാഗവും മൂന്നു ലയറായി കോണ്‍ക്രീറ്റ് ചെയ്യും. നിലവില്‍ പൊട്ടിയ കോണ്‍ക്രീറ്റും ടാറിങും കുത്തിപ്പൊളിച്ച് ഒന്നര ഇഞ്ച് മെറ്റല്‍ ഉപയോഗിച്ച് 10 സെന്റീമീറ്റര്‍ ഘനത്തിലും, മുക്കാല്‍ ഇഞ്ചു മെറ്റല്‍ ഉപയോഗിച്ച് 20 സെന്റീമീറ്റര്‍ ഘനത്തിലുമാണ് കോണ്‍ക്രീറ്റിങ് നടത്തുന്നത്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നു പുറത്തേക്കു നിലവിലുള്ള ഓട ആഴം കൂട്ടി ശുചീകരിച്ച് നവീകരിക്കും. എറണാകുളം ആഷ്‌ലാര്‍ ബില്‍ഡേഴ്‌സാസാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇന്നലെ ബസ് സ്റ്റാന്‍ഡ് അടയ്ക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഇന്നലെ നടത്തിയ ജനകീയ സമരത്തില്‍ പങ്കെടുക്കാനായി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കാഞ്ഞിരപ്പള്ളില്‍ വന്നതിനെ തുടര്‍ന്നാണു നിര്‍മാണ പ്രവര്‍ത്തനം മാറ്റിവച്ചത്. ഇന്നു മുതല്‍ ടൗണില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
കാഞ്ഞിരപ്പള്ളി  കാഞ്ഞിരം കവല റോഡില്‍ പേട്ട ജങ്ഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു വേണ്ടി നിലവില്‍ കവലയില്‍ പാര്‍ക്ക് ചെയ്യുന്ന ടാക്‌സി വാഹനങ്ങള്‍ മാറ്റും.ബസ് സ്റ്റാന്‍ഡ് നവീകരണം, കാഞ്ഞിരപ്പള്ളി-കാഞ്ഞിരം കവല റോഡ് നിര്‍മാണം എന്നിവ നടത്തുന്നതിന്റെ ഭാഗമായാണു നഗരത്തില്‍ ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നത്.പേട്ട റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാക്‌സി വാഹനങ്ങള്‍ ആനന്തനം റോഡിലേക്കും ടൗണ്‍ ഹാള്‍ പരിസരത്തേക്കുമായി മാറ്റും. പേട്ട കവലയില്‍ നിന്ന് 70 മീറ്റര്‍ മാറി പേട്ട റോഡിലും ദേശീയ പാതയില്‍ മൈക്കാ സ്‌കൂള്‍ ജങ്ഷന്‍ മുതല്‍ കിഴക്കോട്ടും ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യണം. ബസ് സ്റ്റാന്‍ഡ് അടച്ച ശേഷം ടൗണില്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബസ് സ്റ്റോപ്പ് ഏര്‍പ്പെടുത്തും.
എന്നാല്‍ ഇവിടെ ബസ്സുകള്‍ നിര്‍ത്തുന്നതു ഗതാഗതക്കുരുക്കിനു കാരണമായാല്‍ സ്റ്റോപ്പ് മാറ്റും. സ്റ്റാന്‍ഡിലേക്ക് ബസ് പ്രവേശിക്കുന്ന കവാടത്തിലെ വീതിക്കുറവു പരിഹരിക്കാന്‍ പഞ്ചായത്തു വക കെട്ടിടം ഭാഗികമായി പൊളിച്ചുമാറ്റി പ്രവേശന കവാടം നവീകരിക്കും. ടൗണില്‍ അനധികൃതമായി ഓടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടിയെടുക്കും.
Next Story

RELATED STORIES

Share it