wayanad local

നവീകരണം പൂര്‍ത്തിയാവുന്നു ; കുറുവ നവംബറില്‍ തുറക്കും



പുല്‍പ്പള്ളി: നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കുറുവാദ്വീപ് നവംബറില്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. പ്രധാന വിനോദസഞ്ചാര കേന്ദ്രവും അപൂര്‍വ ജൈവവൈവിധ്യ കലവറയുമായ കുറുവാദ്വീപ് അടച്ചിട്ടത് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളെ ഏറെ നിരാശരാക്കിയിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ടില്‍ കല്ലുപാകല്‍, പാര്‍ക്കിങ് ഏരിയയില്‍ കൈവരി നിര്‍മാണം, ഷെല്‍ട്ടര്‍ നിര്‍മാണം, സിസിടിവി സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് ദ്വീപില്‍ പുരോഗമിക്കുന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 13നാണ് കുറുവാദ്വീപ് താല്‍ക്കാലികമായി അടച്ചത്. 2016 നവംബര്‍ മുതല്‍ 2017 ജൂണ്‍ വരെ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്നു ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ദ്വീപിലെത്തിയത്. ഇതുവഴി 79,48,260 രൂപ വരുമാനമുണ്ടായി. ജില്ലയില്‍ വിനോദസഞ്ചാരികളുടെ തിരക്കേറിയെങ്കിലും നദിയിലെ ജലനിരപ്പ് കുറയാത്തതിനാല്‍ കുറുവയില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. നദിയിലെ ജലനിരപ്പ് കുറഞ്ഞാല്‍ ഉടന്‍ ചങ്ങാട നിര്‍മാണവും ഇപ്പോഴുള്ളവയുടെ അറ്റകുറ്റപ്പണിയും ആരംഭിക്കും. ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായ കുറുവാദ്വീപ് സംരക്ഷണത്തിനായി വനംവകുപ്പ് കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പ്രതിദിനം എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കണമെന്നും ആവശ്യം ശക്തമാണ്. ഇതിന്റെ ഭാഗമായി പ്രവേശനം ഓണ്‍ലൈനാക്കണമെന്ന നിര്‍ദേശം ചെതലയം റേഞ്ച് ഓഫിസര്‍ ഡിഎഫ്ഒയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ദ്വീപ് തുറക്കാന്‍ വൈകുന്നതു സമീപത്തെ കച്ചവടസ്ഥാപനങ്ങള്‍, ഹോംസ്‌റ്റേകള്‍, കുടുംബശ്രീ ഹോട്ടലുകള്‍ തുടങ്ങിയവയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വര്‍ഷംതോറും കുറുവാദ്വീപില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടാവുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. വനത്തിലുള്ളിലെ ജലാശയങ്ങള്‍, പാറക്കെട്ടുകള്‍, ചങ്ങാടത്തിലെ യാത്ര, പ്രകൃതിസൗന്ദര്യം, പ്രദേശത്ത് ലഭിക്കുന്ന നാടന്‍വിഭവങ്ങള്‍ എന്നിവയാണ് വിനോദസഞ്ചാരികളെ ദ്വീപിലേക്ക് ആകര്‍ഷിക്കുന്നത്. നിയന്ത്രണമില്ലാതെ സഞ്ചാരികളെ അനുവദിക്കുന്നത് പ്രദേശത്തിന്റെ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നു പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it