thiruvananthapuram local

നവീകരണം നടത്തിയ കുളത്തിലെ മല്‍സ്യകൃഷി മാലിന്യം മൂലം നശിച്ചു



മെഡിക്കല്‍കോളജ്: രണ്ടുവര്‍ഷത്തിനു മുമ്പ് നവീകരണം നടത്തിയ കുളത്തില്‍ ഡ്രെയിനേജ് മാലിന്യം നിറഞ്ഞ് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. പ്രതിഷേധം വ്യാപകമായതോടെ ഡ്രെയിനേജ് ഡിവിഷനില്‍ നിന്നു ജീവനക്കാരെത്തി മാലിന്യത്തിന്റെ ഒഴുക്ക് അടച്ചു. പട്ടം വാര്‍ഡില്‍ ഗൗരീശപട്ടം കൂനംകുളം-പാലൂര്‍ റസിഡന്‍സ് അസോസിയേഷന്‍ പരിധിയിലെ കൂനംകുളമാണ് ശോച്യാവസ്ഥയില്‍ കിടക്കുന്നത്. ചതുരാകൃതിയിലുള്ള കുളത്തില്‍ വെള്ളത്തിന് മഞ്ഞനിറമാണ്. ദുര്‍ഗന്ധംകൊണ്ട് പരിസരവാസികള്‍ ബുദ്ധിമുട്ടുന്നു. 4 ലക്ഷത്തോളം രൂപയാണ് നവീകരണത്തിന് ചെലവിട്ടത്. ഡ്രെയിനേജ് മാലിന്യം നിറയുന്നതറിഞ്ഞ് കെ മുരളീധരന്‍ എംഎല്‍എ സ്ഥലത്തെത്തി നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതുണ്ടായില്ല. റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ കുളത്തിനുള്ളില്‍ മല്‍സ്യകൃഷി നടത്തിയിരുന്നു. എന്നാല്‍ ഡ്രെയിനേജ് മാലിന്യം വീഴാന്‍ തുടങ്ങിയതോടെ മല്‍സ്യങ്ങളെല്ലാം ചത്തുപൊങ്ങുകയായിരുന്നു. കുളത്തിലെ വെള്ളം മെഡിക്കല്‍കോളജ് ആര്‍സിസിയിലെ തുണികള്‍ അലക്കുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്നു. മാലിന്യം നിറഞ്ഞതോടെ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇത് അനുവദിക്കാതായി.  ലക്ഷങ്ങളുടെ നവീകരണമാണ് വീണ്ടും നടത്തേണ്ടി വരുന്നത്. തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുമെന്നും കുളം നവീകരിച്ച് ഉപയുക്തമാക്കുമെന്നും പട്ടം വാര്‍ഡ് കൗണ്‍സിലര്‍ രമ്യാ രമേഷ് പറഞ്ഞു.
Next Story

RELATED STORIES

Share it