malappuram local

നവീകരണം എങ്ങുമെത്തിയില്ല; അനിശ്ചിതത്വം തുടരുന്നു

മഞ്ചേരി: മഞ്ചേരി പഴയ ബസ്സ്റ്റാന്റ് നവീകരണം എങ്ങുമെത്താത്തതിനാല്‍ വ്യാപാരികള്‍ പ്രയാസത്തിലാവുന്നു. മഞ്ചേരി പ്രധാന ജങ്ഷനില്‍ 40 വര്‍ഷങ്ങള്‍ക്കു മുമ്പ് അഹമ്മദ് കുരിക്കളുടെ നാമധേയത്തില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ നവീകരണമാണ് നഗരസഭയ്ക്ക് കൂനിന്‍മേല്‍കുരവായി പരിഹരിക്കാതെ കിടക്കുന്നത്. കെട്ടിടം പൊളിച്ച് ഷോപ്പിങ് കോംപ്ലക്‌സ് ആക്കി മാറ്റാനായി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്ലാനുകളും മറ്റും തയ്യാറായെങ്കിലും പദ്ധതി കടലാസില്‍ തന്നെയാണ്. പ്രശ്‌നം വ്യാപാരികളുമായും കൗണ്‍സില്‍ യോഗത്തിലും ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും നടപ്പാവാതെ പോവുന്നത് മൂലം നവീകരണവും കടക്കാരെ മാറ്റി സ്ഥാപിക്കലും അനന്തമായി നീളുകയാണ്. ദിവസവും ഓരോ ഭാഗങ്ങള്‍ അടര്‍ന്ന് അപകടനിലയിലായത്  വാര്‍ത്തയായതോടെയാണ് നഗരസഭ ഇടപെട്ടത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വ്യാപാരികളോട് കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ടിരുന്നു.

കത്തു ലഭിച്ചതോടെ പകരം സംവിധാനം ഏര്‍പ്പെടുത്താനാവശ്യപ്പെട്ടു. എന്നാല്‍, അതു പരിഹരിക്കാമെന്ന് വാക്കാല്‍ പറയുക മാത്രമാണ് ചെയ്തത്. പിന്നീട് നഗരസഭയുടെ ഭാഗത്തുനിന്നു ഒരു നീക്കവുമുണ്ടായിട്ടില്ല. വ്യാപാരികളെ തല്‍ക്കാലത്തേക്ക് കച്ചേരിപ്പടിയിലേക്കു മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും തീരുമാനമായില്ല. 50ഓളം റൂമുകളുള്ള ഈ കെട്ടിടത്തിലെ ചില കച്ചവടക്കാര്‍ വാടകയിനത്തില്‍ ഭീമമായ സംഖ്യ നല്‍കാനുണ്ടെന്ന് നഗരസഭാ ജീവനക്കാര്‍ പറയുന്നു. കുടിശ്ശിക തീര്‍ത്തടക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കെട്ടിടം തകര്‍ന്നാല്‍ ഉത്തരവാദികളല്ലെന്ന നഗരസഭയുടെ കത്ത് വ്യാപാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ബസ്സുകള്‍ കൂടുതലും സ്റ്റാന്റില്‍നിന്നു മാറ്റിയതോടെ കച്ചവടവും കുറഞ്ഞിട്ടുണ്ട്. ഓരോ ദിവസവും ജീവനക്കാര്‍ക്കുള്ള വേതനം പോലും ലഭിക്കുന്നില്ലെന്ന് ഒരു കടക്കാരന്‍ പറഞ്ഞു. ഈ നില തുടര്‍ന്നാല്‍ നിരവധി കടകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കച്ചവടക്കാരെ പുനര്‍ വിന്യസിക്കുമെന്ന് നഗരസഭ ഉറപ്പുനല്‍കിയതായി വ്യാപാരികള്‍ പറഞ്ഞു. എന്നാല്‍, ഇത് പാലിക്കുമെന്നുറപ്പില്ലെന്നും ഇവര്‍ പറയുന്നു. വ്യാപാരി സംഘടനകള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും കച്ചവടക്കാര്‍ക്ക് പരാതിയുണ്ട്. ഭാരവാഹികള്‍ സ്വന്തം കച്ചവടത്തെ ബാധിക്കുന്നത് മാത്രമേ ശ്രദ്ധിക്കുന്നുള്ളുവെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it