thrissur local

നവീകരണം അവസാന ഘട്ടത്തിലേക്ക്; 3.40 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി

തൃശൂര്‍: അക്വാറ്റിക് കോംപ്ലക്‌സിന്റെ നവീകരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക്. നവീകരണം പൂര്‍ത്തിയാക്കുന്നതോടെ രാജ്യാന്തര നിലവാരത്തിലുള്ള അക്വാറ്റിക് കോംപ്ലക്‌സായി ഇതു മാറുമെന്നാണ് പ്രതീക്ഷ. 1986 ലെ ദേശീയ ഗെയിംസിനായി പണികഴിപ്പിച്ച തൃശൂര്‍ അക്വാറ്റിക് കോംപ്ലക്‌സ് ഏറെ കാലമായി ശോച്യാവസ്ഥയിലായിരുന്നു.
2015ല്‍ അരങ്ങേറിയ ദേശീയ ഗെയിംസിനായുള്ള നീന്തല്‍ മത്സരങ്ങള്‍ തൃശൂരില്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നതാണെങ്കിലും തൃശൂര്‍ അക്വാറ്റിക് കോംപ്ലക്‌സിന്റെ നിലവാരമില്ലായ്മയാണ് പ്രതിബന്ധമായി മാറിയത്. നീന്തല്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയെങ്കിലും തൃശൂര്‍ അക്വാറ്റിക് കോംപ്ലക്‌സിന് ശാപമോക്ഷം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കാന്‍ ധാരണയായിരുന്നു.
തൃശൂര്‍ ജില്ലക്കാരന്‍ കൂടിയായ കായിക വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ പ്രത്യേക താല്‍പര്യമെടുത്താണ് അക്വാറ്റിക് കോംപ്ലക്‌സ് പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത്. 3 കോടി 40 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിക്കപ്പെട്ടത്. നീന്തല്‍ കുളത്തിലെ ടൈ ല്‍സും സ്റ്റീല്‍ റെയിലുകളും മാറ്റി സ്ഥാപിക്കുകയും ഡ്രൈവിങ്ങ് പൂള്‍ നവീകരിക്കുകയും ചെയ്തു. വെള്ളം ശുദ്ധീകരിക്കുന്നതിനായി ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള ഫില്‍ട്ടര്‍ സംവിധാനം സ്ഥാപിക്കുന്ന പ്രവൃത്തികളും കോംപ്ലക്‌സ് പൂര്‍ണമായും സിമന്റ് തേച്ചു മോടിപിടിപ്പിക്കുന്ന പണികളുമാണ് ബാക്കിയുള്ളത്. നീന്തല്‍ കുളവും അനുബന്ധ സംവിധാനങ്ങളും നവീകരിക്കുന്നതിനൊപ്പം കോംപ്ലക്‌സിന്റെ സൗന്ദര്യ വല്‍ക്കരണവും ഇതോടോപ്പം സാധ്യമായേക്കും.
സ്വകാര്യ പങ്കാളിത്തത്തോടെ അക്വാറ്റിക് കോംപ്ലക്‌സിന്റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ നടത്താന്‍ ധാരണയായി കഴിഞ്ഞു. 1986 ലീഡര്‍ കെ.കരുണാകരന്റെ ഇച്ഛാശക്തിയും കളക്ടര്‍ വിനോദ് റായിയുടെ നിശ്ചയദാര്‍ഢ്യവുമാണ് അക്വാറ്റിക് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകാന്‍ കാരണം. ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തികരിച്ച ശേഷം ഇപ്പോള്‍ മാത്രമാണ് അക്വാറ്റിക് കോംപ്ലക്‌സിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.
മള്‍ട്ടി ജിം, ജില്ലാ റൈഫിള്‍ അസോസിയേഷന്‍, ജുഡോ അസോസിയേഷന്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍, ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുടെയെല്ലാം ആസ്ഥാനം ഈ കോംപ്ലക്‌സിലാണ്. സായിയുടെ സ്‌പോര്‍ട്‌സ് ഹോസ്റ്റലും ഇതിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഏറെ പരിതാപകരമായ സാഹചര്യത്തല്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ നവീകരണവും അക്വാറ്റിക് കോംപ്ലക്‌സ് പുനരുദ്ധാകരണത്തിനൊപ്പം നടത്താനാണ് പദ്ധതി.
Next Story

RELATED STORIES

Share it