നവവധുവിനെ ദുബയില്‍ കാണാതായ സംഭവം: നാര്‍ക്കോ അനാലിസിസിന് സമ്മതമെന്ന് ഭര്‍ത്താവ്

കൊച്ചി: നവവധുവായ സ്മിതയെ പത്തു വര്‍ഷം മുമ്പ് ദുബയില്‍ കാണാതായ കേസിലെ മുഖ്യപ്രതിയായ ഭര്‍ത്താവ് നാര്‍ക്കോ അനാലിസിനു സമ്മതമാണെന്നു കാട്ടി കോടതിയില്‍ അപേക്ഷ നല്‍കി. തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ ആന്റണി(സാബു-45)യാണ് നാര്‍ക്കോ അനാലിസ് അടക്കമുള്ള ഫോറന്‍സിക് പരിശോധനയ്ക്കു സമ്മതം അറിയിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പിച്ചത്.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ ആദ്യഘട്ടത്തില്‍ ഫോറന്‍സിക് പരിശോധനകള്‍ക്കു വിസമ്മതം അറിയിച്ചിരുന്ന ആന്റണി കേസ് സിബിഐ ഏറ്റെടുത്ത ശേഷമാണ് പരിശോധനകള്‍ക്കു സമ്മതം അറിയിച്ച് കോടതിയില്‍ അപേക്ഷ സമര്‍പിച്ചത്. കേസന്വേഷണം നീണ്ടുപോവുന്നതിനാല്‍ വിദേശത്തേക്കു പോവാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്ഥിരവരുമാനം ഇല്ലാതായതോടെ പ്രായമായ മാതാപിതാക്കളും താനും കടുത്ത പ്രതിസന്ധിയിലാണെന്നും അപേക്ഷയില്‍ പറയുന്നു.
ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍ അലശക്കോട്ട് വീട്ടില്‍ ജോര്‍ജിന്റെ മകള്‍ സ്മിതയെയാണ് 2005 സപ്തംബര്‍ മൂന്നിന് ഭര്‍ത്താവ് ആന്റണിയോടൊപ്പം ദുബയില്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ നിന്നു കാണാതായത്. വിവാഹം കഴിഞ്ഞ് വിദേശത്തേക്കു മടങ്ങിയ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ 2005 സപ്തംബര്‍ ഒന്നിനാണ് സ്മിത ദുബയിലെത്തിയത്. വിവാഹസമയത്തു ധരിച്ചിരുന്ന 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഒപ്പംകരുതാന്‍ ആന്റണി നിര്‍ദേശിച്ചിരുന്നു. സ്മിതയുടെ ആഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ അന്വേഷണസംഘം കണ്ടെത്തിയതായും ഇന്നലെ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആന്റണി പറയുന്നുണ്ട്. സ്മിതയെ കാണാതായ ദിവസം വാടകവീട്ടില്‍ കണ്ടെത്തിയതായി പറയുന്ന കത്തില്‍ താന്‍ ഡോക്ടര്‍ക്കൊപ്പം പോവുകയാണ്. എന്നോടു ക്ഷമിക്കണം എന്ന് എഴുതിവച്ചിരുന്നതായി ആന്റണി മൊഴി നല്‍കിയിരുന്നു. ഈ കത്തെഴുതിയത് ആന്റണി തന്നെയാണെന്നു കണ്ടെത്തിയതാണ് വഴിത്തിരിവായത്.
Next Story

RELATED STORIES

Share it