palakkad local

നവമാധ്യമങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തണം: എംഎസ്എം

അലനല്ലൂര്‍: കുരുന്നു മനസ്സുകളെ വഴിതെറ്റിക്കുന്ന ആഭാസകരമായ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ ചാനലുകളുമടക്കമുള്ള നവമാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് എംഎസ്എം ജില്ലാ സമിതി നാലുകണ്ടം യുപി സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിച്ച ജില്ലാ ബാലസമ്മേളനം ആവശ്യപ്പെട്ടു.
വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി ഫെബ്രുവരി 13,14 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന്റെ മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിച്ചത്. നവമാധ്യമങ്ങളുടെ ദുരുപയോഗം വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്നത് തടയാന്‍ പ്രൈമറി തലം മുതല്‍ ബോധവല്‍കരണ പരിപാടികള്‍ ആവിഷ്‌കരിക്കണം. ധാര്‍മിക പാഠങ്ങള്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ പാഠ്യപദ്ധതി പുനക്രമീകരിക്കണം. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയിടാന്‍ നിയമം കര്‍ശനമാക്കണം.
സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന ബാലവേലക്ക് പൂര്‍ണമായും അറുതി വരുത്താനും തെരുവ് മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്താനും സര്‍ക്കാര്‍ തയ്യാറാകണം. വളര്‍ന്നു വരുന്ന പുതുതലമുറയെ ധാര്‍മിക ബോധവും രാജ്യസ്‌നേഹവും ഉള്ളവരാക്കി വാര്‍ത്തെടുക്കുക, ആധുനിക മീഡിയകളുടെ സ്വാധീനത്താല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍, ലഹരി ഉപയോഗം തുടങ്ങിയവക്കെതിരെയുള്ള ബോധവല്‍ക്കരണം, നിഷ്‌കളങ്കതയുടെ പര്യായമായ ബാലമനസുകളെ തീവ്രവാദത്തിന്റെ ബലിക്കല്ലുകളിലേക്ക് വഴിതിരിക്കാന്‍ നടത്തുന്ന ഗൂഢശ്രമങ്ങളെ പ്രതിരോധിക്കുക, കുരുന്നു ഹൃദയങ്ങളില്‍ നന്മയുടെയും നേരിന്റെയും പ്രകാശം പരത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നന്മക്കായ് ഒരുമിക്കാം എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സമ്മേളനം അഡ്വ: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎസ്എം ജില്ലാ പ്രസിഡന്റ് കെ നൂറുദ്ദീന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എം ജിനേഷ് മുഖ്യാതിഥിയായിരുന്നു. അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാരായ കെ പി യഹ്‌യ, ഉമ്മര്‍ ഖത്താബ്, മുജാഹിദ് ദഅ്‌വ സമിതി ജില്ല കണ്‍വീനര്‍ പി ഹംസക്കുട്ടി സലഫി, ഐഎസ്എം ജില്ലാ പ്രസിഡന്റ് ഒ മുഹമ്മദ് അന്‍വര്‍, എംഎസ്എം സംസ്ഥാന സെക്രട്ടറി പി ലുബൈബ് സംസാരിച്ചു.
Next Story

RELATED STORIES

Share it